ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുടെ നിരോധനം നാട്ടിലാണെങ്കിലും പ്രവാസികള്‍ ഇക്കാര്യം ചര്‍ച്ചചെയ്യാത്ത നേരമില്ല. നാട്ടിലെ ഓരോ ചലനവും പ്രവാസികളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നതുകൊണ്ടുതന്നെ നോട്ടിന്റെ പ്രശ്‌നങ്ങളും അവന്‍  ശരിക്കും അറിയുന്നുണ്ട്. നാട്ടിലെ നിക്ഷേപവും മാസച്ചെലവിനായി നാട്ടിലേക്ക് അയച്ച പണവുമെല്ലാം വേണ്ടപോലെ വിനിയോഗിക്കാന്‍ അവിടെയുള്ളവര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇപ്പോള്‍ പ്രവാസി നേരിടുന്ന പ്രതിസന്ധി. 

നൂറായിരം കാര്യങ്ങള്‍ക്കായി വലിയ ആസൂത്രണങ്ങളോടെയാണ് പലരും നാട്ടിലേക്ക് പണം അയയ്ക്കുന്നത്. എന്നാല്‍ പണത്തിന്റെ പേരില്‍ നാട്ടില്‍നടക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം പ്രവാസികളെയും വലയ്ക്കുന്നുണ്ട്.
   
കള്ളപ്പണം തടയാനും കള്ളനോട്ട് ഭീഷണി ചെറുക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെയും നടപടികളെയും അനുകൂലിക്കുന്ന വലിയൊരുവിഭാഗം പ്രവാസലോകത്തുമുണ്ട്.  ഹവാല എന്ന് വിളിക്കുന്ന കുഴല്‍പ്പണത്തിന്റെ പ്രധാന സ്രോതസ്സ് ഗള്‍ഫ് നാടുകളില്‍നിന്നുള്ള അനധികൃത പണമാണെന്ന് നാട്ടിലും ഇവിടെയുമുള്ളവര്‍ ഒരുപോലെ സമ്മതിക്കും. സാധാരണ പ്രവാസികള്‍ അധികമൂല്യത്തിനായി കണ്ടെത്തുന്നതാണ് കുഴല്‍ ഇടപാട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് വന്‍കിട ഇടപാടുകള്‍. ആ പണമാണ് യഥാര്‍ഥത്തില്‍ നാട്ടിലെ ഭൂവിലയും സാധനവിലയുമെല്ലാം കുത്തനെ ഉയര്‍ത്തിയതെന്ന് കരുതുന്നവരാണ് ഏറെയും. അത്തരം ഇടപാടുകള്‍ക്ക് കുറച്ചെങ്കിലും തടയിടാന്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ നാട്ടില്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് പ്രവാസികളെയും ചൊടിപ്പിക്കുന്നത്.
   
Eenthappanachottilഓരോരോ കാരണങ്ങളാലാണ് പ്രവാസികള്‍ നാട്ടിലേക്ക് പണം അയയ്ക്കുന്നത്. അതില്‍ പ്രധാനം നാട്ടിലെ അടുപ്പിലെ തീ പുകയ്ക്കുക എന്നതുതന്നെ.  ലക്ഷക്കണക്കിന് സാധാരണ പ്രവാസികള്‍ അയയ്ക്കുന്ന ഈ പണമാണ് നാട്ടിലെ അടുപ്പില്‍ തീയെരിയാനും കടകളില്‍ സാധനങ്ങള്‍ വിറ്റുപോകാനുമെല്ലാം ഉപയോഗിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ സാധാരണ വിപണി പോലും സജീവമായി മുന്നേറുന്നത് ഈ പണത്തിന്റെ കൂടി കരുത്തിലാണ്. ആ പണം വേണ്ടവിധത്തില്‍ ലഭിക്കാത്തതാണ് പലരെയും കുഴക്കുന്നത്. ഡിജിറ്റല്‍ പണം ഇടപാടുകള്‍ പലതും ഇവിടെയിരുന്ന് വീട്ടുകാര്‍ക്കായി ചെയ്തുകൊടുക്കുന്നവരുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം ബാങ്കുകളെയും മറ്റുംതന്നെ ആശ്രയിച്ചാണ് ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. നാട്ടിലെ നൂറായിരം കാര്യങ്ങള്‍ ഇതോടെ മുടങ്ങിയെന്നാണ് പ്രവാസികള്‍  നാട്ടില്‍നിന്ന് നിത്യവും കേള്‍ക്കുന്ന വാര്‍ത്തകള്‍. അതില്‍ വിവാഹം മുതല്‍ വീട് നിര്‍മാണം വരെയായി നിരവധികാര്യങ്ങള്‍ പെടുന്നു.
   
പ്രവാസികളുടെ ഈ നിസ്സഹായതയും പണത്തിന്റെ ദൗര്‍ലഭ്യവും മുതലെടുക്കാന്‍ നിരവധി ഗൂഢസംഘങ്ങളും ഗള്‍ഫ് നാടുകളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നോട്ട് നിരോധിച്ചതിന്റെ തൊട്ടു പിന്നാലെ മൂവായിരം ദിര്‍ഹം കൊടുത്താല്‍ നാട്ടില്‍ ഒരു ലക്ഷത്തിന്റെ വലിയ നോട്ടുകള്‍ നല്‍കാമെന്ന വാഗ്ദാനം നല്‍കി ആളുകളെ വലവീശിപ്പിടിക്കാന്‍ ഒരുപാട് സംഘങ്ങള്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് അത് 2500 ദിര്‍ഹംവരെ എത്തിയിരുന്നു. ഇപ്പോഴും ഇത്തരത്തില്‍ ധാരാളം ഏജന്റുമാര്‍ ലേബര്‍ക്യാമ്പുകള്‍ക്ക് ചുറ്റും മണംപിടിച്ച് നടക്കുന്നുണ്ട്. വേറെതന്ത്രങ്ങള്‍ നടപ്പാക്കുന്നവരും ധാരാളം. പക്ഷെ അത്തരംവലയില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട് എല്ലാ സാമ്പത്തികവിദഗ്ധരും. നേരായവഴിയല്ലാതെ അയയ്ക്കുന്ന വലിയതുകകളുടെ സ്രോതസ്സ് ചിലപ്പോള്‍ അന്വേഷണ വിധേയമായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
  
നാട്ടില്‍നിന്ന് വരുമ്പോള്‍ കൂടെ കരുതിയ കുറെ കറന്‍സികളുടെ ഭാവിയോര്‍ത്ത് വിഷമിക്കുന്നവരും ധാരാളമുണ്ട് പ്രവാസികളില്‍. അത് നാട്ടില്‍ കൊടുത്തയച്ച് മാറ്റിയെടുക്കാന്‍ കഴിയാത്തവരാണ് അവര്‍. ആ പണം ഇവിടെ മണി എക്‌സ്ചേഞ്ചുകള്‍ വഴി മാറ്റിക്കിട്ടുമോ എന്ന് അന്വേഷിക്കുന്നവരും ധാരാളം. തത്കാലം അതിന് സംവിധാനമില്ലെന്നും ഭാവിയിലും അതിന് സാധ്യതകുറവാണെന്നും വിശദീകരിച്ചിട്ടും വിശ്വാസംവരാത്തവര്‍ ഇപ്പോഴും ധാരാളം. എന്തായാലും മാര്‍ച്ച് 31 വരെ നാട്ടില്‍ റിസര്‍വ് ബാങ്കിന്റെ ശാഖകളില്‍ ഇതിനുള്ള സാധ്യത ഉണ്ടെന്നതിനാല്‍ അക്കാര്യത്തില്‍ ഇപ്പോഴും ആശ്വാസത്തിന് വകയുണ്ട്.
   
അതെന്തായാലും നാട്ടിലായാലും ഇവിടെയായാലും പണത്തിന്റെ കാര്യത്തില്‍ പ്രവാസിയുടെ ആശങ്കതീരുന്നില്ല. മരുഭൂമിയിലെ അനേകായിരങ്ങളുടെ വിയര്‍പ്പിന്റെ ശേഷിപ്പാണ് നാട്ടിലെ ബാങ്കുകളില്‍ കിടക്കുന്നത്. അത് സ്വന്തക്കാര്‍ക്ക് ആവശ്യത്തിന് ഉപകരിക്കുന്നില്ലെന്ന് വരുമ്പോള്‍ അവര്‍ക്ക് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികം. പണത്തിന്റെ മൂല്യം ഇപ്പോഴാണ് വീട്ടുകാരും അറിയുന്നതെന്ന് അല്‍പ്പം ക്രൂരമായ തമാശ പറയുന്നവരും ഇവിടെയുണ്ട്. എങ്ങനെയെങ്കിലും നാട്ടിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ന്നുകിട്ടുമെന്ന വിശ്വാസത്തിലാണ് എല്ലാവരുടെയും കാത്തിരിപ്പ്. പലരുടെയും വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. പണം കിട്ടുന്നില്ലെ ന്നത് ഒരുഭാഗത്ത്. 
   
പണിയെടുക്കാന്‍ അന്യസംസ്ഥാന തൊഴിലാളികളെ കിട്ടുന്നില്ലെന്ന പ്രയാസം വേറൊരുഭാഗത്ത്. ഇത്തരത്തില്‍ പ്രവാസിയുടെ പല കണക്കുകൂട്ടലുകളും പലരീതിയില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. ബാങ്കില്‍ കിടക്കുന്ന സ്വന്തംപണം കിട്ടാന്‍ ഇത്തരത്തില്‍ പ്രയാസപ്പെടേണ്ടി വരുന്ന അവസ്ഥ ലോകത്ത് വേറെയെവിടെയും ഉണ്ടാവില്ലെന്ന് പ്രവാസിവിശ്വസിക്കുന്നു. അതേസമയം  വരാനിരിക്കുന്ന നല്ല നാളുകളെ ഓര്‍ത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും ധാരാളം. 
   
അതിനിടെ വീട്ടിലുള്ളവരെ പണമിടപാടുകള്‍ ഡിജിറ്റലായി നടത്താന്‍ പരിശീലിപ്പിക്കുന്നതും പ്രവാസിയുടെ പുതിയ ജോലിയാണ്. അത്യാവശ്യത്തിനായി ഇത്തരം വിദ്യകള്‍ സ്വായത്തമാക്കാന്‍ വീട്ടുകാരെ ഇവിടെയിരുന്നുകൊണ്ട് അവര്‍ ഉപദേശിക്കുന്നുണ്ട്. എന്തായാലും പ്രവാസികള്‍ക്ക് അതൊരു വലിയകാര്യമല്ല. പക്ഷെ കണക്ടിവിറ്റിയും  ഇന്റര്‍നെറ്റ് സൗകര്യങ്ങളുമൊക്കെ കുറഞ്ഞ ഉള്‍നാടുകളില്‍ ഇതൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന് സംശയിക്കുന്നവരും ഇവിടെ ധാരാളം. എന്തായാലും ഡിസംബര്‍ 31 വരെയാണ്  പ്രധാനമന്ത്രി ചോദിച്ചിരിക്കുന്ന സമയം. അതുവരെ കാത്തിരിക്കാമെന്ന് പറയുന്ന ക്ഷമാശീലരും പ്രവാസലോകത്തുണ്ട്. എന്തായാലും പുതുവര്‍ഷം ക്യൂവില്ലാത്ത,  പണമെടുക്കാന്‍ പരിധികളില്ലാത്ത ദിവസങ്ങളായിരിക്കുമെന്ന് പ്രത്യാശിക്കാം. അതല്ലാതെ ഇവിടെയിരുന്ന് എന്തുചെയ്യാന്‍?