എണ്ണയുടെ വിലയിടിവോടെ അറബ് മേഖലയില്‍ ചെറിയതോതിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും രൂപപ്പെടുന്നുണ്ട്. വരുമാനത്തിലുള്ള കുറവ് വ്യക്തികളുടേത് മാത്രമല്ല, രാജ്യങ്ങളുടെയും ആസൂത്രണങ്ങള്‍ തെറ്റിക്കും. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത്. അതിനിടെ ഭീകരപ്രവര്‍ത്തനത്തിന്റെ ഭീഷണികള്‍ വേറെയും. 
കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ മേഖലയില്‍ കണ്ണീരാണ് വീഴുന്നത്. ഒന്നൊന്നായി വരുന്ന ദുരന്തങ്ങള്‍... എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് മുന്നോട്ടുനീങ്ങുന്നതിനിടയില്‍ മറ്റൊരു വേദന... അറബ് നാടുകളിലെ ജനത അത്തരമൊരു അവസ്ഥയിലാണ് ഇപ്പോള്‍. ആ വേദനയിലും കണ്ണീരിലും പ്രവാസി സമൂഹവും തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുകയാണ്. പെറ്റമ്മയായ മാതൃരാജ്യത്തിലെന്ന പോലെ പോറ്റമ്മയായ ഈ നാടിന്റെയും ഓരോ സ്പന്ദനവും ഓരോ പ്രവാസിയുടെയും കണ്ണീരും കിനാവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ഈ നാട്ടില്‍ വീഴുന്ന ഓരോ തുള്ളി കണ്ണീരിലും പ്രവാസിയുടെയും വികാരമുണ്ട്. 


പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ഗള്‍ഫ് നാടുകളെയും അറബ് നാടുകളെയും ഏറെ വിഷമിപ്പിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ തീവ്രവാദത്തിലേക്ക് നീങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മേഖലയെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട് കുറേയായി. അതിനിടയിലായിരുന്നു യെമനിലേക്കുള്ള അവരുടെ അധിനിവേശവും. ഇതിനെ ചെറുക്കുക എന്നത് ഗള്‍ഫിലെ മിക്ക രാജ്യങ്ങളുടെയും ഉത്തരവാദിത്വമായി മാറി. ഈ തീവ്രവാദത്തെ മുളയില്‍ തന്നെ നുള്ളിയില്ലെങ്കില്‍ ലോകത്തിനുതന്നെ അത് ഭീഷണിയായി വളരുമെന്ന തിരിച്ചറിവില്‍ നിന്നായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് നാടുകളുടെ സഖ്യസേന യെമനെ സഹായിക്കാനായി രംഗത്തിറങ്ങിയത്.


enthapanachottilയെമനിലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ സൗദിക്കൊപ്പം യു.എ.ഇ. ക്കും വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. 59 സൈനികരെ ഇതിനകം യു.എ.ഇ.ക്ക് നഷ്ടപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തി ചോരപ്പുഴ ഒഴുക്കുന്ന ഐ.എസ്സിനെതിരെ ലോകം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യം സഖ്യസേനയ്ക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നുണ്ട്. സഹോദരരാജ്യത്തിനും സമാധാനത്തിനും വേണ്ടി രക്തസാക്ഷികളായ ധീര സൈനികരെ ഓര്‍ത്ത് രാജ്യം കണ്ണീര്‍ വാര്‍ക്കുന്നതിനിടയിലായിരുന്നു യു.എ.ഇ.യുടെ അടുത്തദുരന്തം. രാജ്യത്തെ ചെറുപ്പക്കാരുടെയെല്ലാം ആരാധനാപാത്രമായിരുന്ന രാജകുമാരന്‍ ശൈഖ് റാഷിദിന്റെ അകാല വിയോഗം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകനായ ശൈഖ് റാഷിദ് കായികരംഗത്തെ ലോകം അറിയുന്ന രാജകുമാരനായിരുന്നു. അറബ് രാജ്യങ്ങളിലെ ഏറ്റവും ആകര്‍ഷണീയതയുള്ള രാജകുമാരനായും വര്‍ഷങ്ങളോളം അദ്ദേഹം പ്രശസ്തനായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെയുള്ള ആ രാജകുമാരന്റെ മരണവും രാജ്യത്തെ ഏറെ ദുഖത്തിലാഴ്ത്തുന്നതായിരുന്നു.


അതില്‍ നിന്ന് പുറമേക്കെങ്കിലും മുക്തരാവുന്നതിനിടയിലാണ് രാജ്യം മറ്റൊരു ദുരന്തം കേട്ട് തളര്‍ന്നുപോയത്. ബലി പെരുന്നാള്‍ ദിനത്തില്‍ ഹജ്ജ് കര്‍മത്തിന് പോയ തീര്‍ഥാടകരില്‍ എഴുനൂറിലേറെപ്പേര്‍ മിനായിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീണത് ഞെട്ടലോടെയാണ് അറബ് ലോകം കേട്ടത്. യു.എ.ഇ.യിലെയും ഖത്തറിലെയുമൊക്കെ ഹാജിമാര്‍ സുരക്ഷിതരാണെന്നാണ് വിവരം. എങ്കിലും വിശുദ്ധ ഹജ്ജിനിടയില്‍ ഉണ്ടായ ഈ ദുരന്തം അറബ് മേഖലയിലെ പെരുന്നാളാഘോഷത്തിന്റെയെല്ലാം പൊലിമ കുറച്ചു. ലോക മുസ്ലിങ്ങളുടെ സംഗമ കേന്ദ്രമാവുന്ന ഹജ്ജിനിടയില്‍ ഉണ്ടായ ഈ ദുരന്തം ആതിഥേയരാജ്യത്തിന്റെ ഒരുക്കങ്ങളുടെയോ സുരക്ഷാക്രമീകരണങ്ങളുടെയോ വീഴ്ച കൊണ്ടായിരുന്നില്ല. മറിച്ച് തീര്‍ഥാടകരുടെ തന്നെ ആവേശത്തള്ളിച്ച മാത്രമായിരുന്നു കാരണം. 20 ലക്ഷത്തിലേറെ ജനം ഒരു സ്ഥലത്ത് ഒത്തുകൂടുമ്പോള്‍ അതിനെ നിയന്ത്രിക്കാനായി സൗദി അറേബ്യ ഒരുക്കിയ സുരക്ഷാക്രമീകരണങ്ങള്‍ ലോകത്തിനാകെ മാതൃകയായിരുന്നു. ഈ ക്രമീകരണങ്ങളാണ് കുറച്ചുകാലമായി വലിയ അപകടങ്ങളെല്ലാം കുറച്ചുകൊണ്ടുവന്നത്. എന്നാല്‍, ചിട്ടകള്‍ മറന്നും ലംഘിച്ചും ആര്‍ത്തലച്ചുവന്ന ജനക്കൂട്ടത്തിന് മുന്നില്‍ അതെല്ലാം തകരുകയായിരുന്നു. 
മിനായില്‍ വീണ കണ്ണീരുണങ്ങാന്‍ കാലം ഏറെയെടുക്കും. എങ്കിലും എല്ലാറ്റിനെയും അതിജീവിക്കാനും മറികടക്കാനും കാലം കരുത്തുനല്‍കും. ഈ നാടിന്റെയും ജനതയുടെയും സന്തോഷത്തില്‍ മാത്രമല്ല, കണ്ണീരിനോടും ഐക്യപ്പെടാനായി ഈ സന്ദര്‍ഭം നമുക്ക് മാറ്റാം.