തീവ്രവാദത്തിന്റെ വിത്തുകള്‍ വര്‍ഷിച്ചുകൊണ്ട് ഭീകരപ്രസ്ഥാനങ്ങളായി മാറിയവരെ ചെറുക്കാന്‍ എല്ലാരാജ്യങ്ങളും വലിയ മുന്‍കരുതലുകളാണ് എടുത്തുവരുന്നത്. അറബ് മേഖലയില്‍ അശാന്തി സൃഷ്ടിച്ച് ചോരപ്പുഴ ഒഴുക്കുന്ന ഐ.എസ്. ഭീകരവാദികളെ ചെറുക്കാന്‍ യു.എ.ഇ. സര്‍ക്കാറും സദാ ജാഗ്രത പുലര്‍ത്തുന്നുണ്ട്. തീവ്രവാദ ഭീഷണി ചെറുക്കാനും അത് ഉന്‍മൂലനം ചെയ്യാനും  യോജിച്ചുപ്രവര്‍ത്തിക്കാനായി ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ ഈയിടെ ധാരണയിലുമെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. പര്യടനത്തിനിടയില്‍ രൂപപ്പെട്ട ഉഭയകക്ഷി ധാരണകളില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഈ വിഷയത്തില്‍ തന്നെയായിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ യോജിച്ച സൈനികനീക്കത്തിന് വരെ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നുണ്ട്. തീവ്രവാദത്തെ ചെറുക്കാന്‍ ഇരുരാജ്യങ്ങളും തീവ്രശ്രമങ്ങളാണ് നടത്തുന്നതെന്ന് സമീപകാല നടപടികളും അടിവരയിടുന്നു.
    

ഈ പശ്ചാത്തലത്തിലാണ് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ചില മുന്നറിയിപ്പുകള്‍ക്ക് പ്രസക്തിയേറുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തിനും ഏതിനും പ്രതികരിക്കുന്ന ശീലം പ്രവാസികളില്‍ ഏറെയാണ്. ഒരുപക്ഷേ,  മടുപ്പിക്കുന്ന ഏകാന്തതയും മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയുമാവാം സോഷ്യല്‍ മീഡിയയില്‍  അത്രയേറെ മുഴുകാന്‍ പ്രവാസി സമൂഹത്തിന് പ്രേരണയാവുന്നത്. അത്തരം ഘട്ടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അംബാസഡര്‍ ടി.പി. സീതാറാം ഇന്ത്യന്‍ ജനസമൂഹത്തോട് ആഹ്വാനം ചെയ്തത്. ഐ.എസ്. ബന്ധം സംശയിച്ച്  കുറേപ്പേരെ യു.എ.ഇ.യില്‍നിന്ന് നാടുകടത്തിയിട്ടുണ്ട്. അതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അതില്‍ മലയാളികളുമുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും  ഇങ്ങനെ ചെന്നിറങ്ങിയ ചിലരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തീവ്രവാദ ആശയങ്ങളും നിരോധിതസംഘടനകളുടെ പ്രവര്‍ത്തനങ്ങളുമെല്ലാം  സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എന്തെന്നറിയാനുള്ള ആകാംക്ഷയിലോ താത്പര്യത്തിലോ ആയിരിക്കാം കുറേപ്പേര്‍ ഈ വഴി സഞ്ചരിക്കുന്നത്. എന്നാല്‍, ചിലരാകട്ടെ പുതുതായി ആളുകളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതുവഴി നടത്തുന്നു. പലപ്പോഴും ഇത്തരം വലയില്‍ കുടുങ്ങിപ്പോകുന്നത് ചില ലൈക്കുകളും  അഭിപ്രായപ്രകടനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്നവരാണ്. തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വേദിയായി ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ മാറുന്നുണ്ട്. ഈ അപകടകരമായ അവസ്ഥയാണ് ഇന്ത്യന്‍ സ്ഥാനപതി ചൂണ്ടിക്കാണിച്ചത്. അറിയാതെ വലയില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ തന്റെ നാട്ടുകാര്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശമായോ മുന്നറിയിപ്പായോ ഇതിനെ സ്വീകരിക്കാം. തീവ്രവാദത്തിനെതിരായി യു.എ.ഇ. സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളില്‍  സോഷ്യല്‍ മീഡിയയുടെ നിരീക്ഷണവുമുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 


    അഭിപ്രായസ്വാതന്ത്ര്യമെന്ന പേരില്‍ ചെറുപ്പക്കാര്‍ മുന്‍പിന്‍ നോക്കാതെ എല്ലാ വിഷയത്തിലും ചാടിക്കയറി പ്രതികരിക്കുന്നത് യുവത്വത്തിന്റെ തിളപ്പുകൊണ്ടാവാം. മുതിര്‍ന്നവര്‍ കാണിക്കാറുള്ള സംയമനം ചെറുപ്പക്കാര്‍ക്കില്ല. ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വാട്ട്‌സ്ആപ്പിലോ ഫെയ്‌സ് ബുക്കിലോ വരുന്ന തീവ്രവാദ ആശയങ്ങള്‍ കൈമാറുന്നതും അപകടം വിളിച്ചുവരുത്തും. അതെല്ലാം അപ്പപ്പോള്‍ ഡിലീറ്റ് ചെയ്യണമെന്നും ഇന്ത്യന്‍ സ്ഥാനപതി ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയ വഴി യു.എ.ഇ.യില്‍ നടക്കുന്ന എല്ലാ ഇടപാടുകളും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്.  അബുദാബിയില്‍ ക്ഷേത്രനിര്‍മാണത്തിന് സ്ഥലം അനുവദിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങളൊക്കെ യു.എ.ഇ. സര്‍ക്കാറിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍  ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിച്ചതെന്ന കാര്യവും അംബാസഡര്‍ എടുത്തുപറയുന്നു. 


    മതങ്ങളെയും വിശ്വാസങ്ങളെയും നിന്ദിക്കുന്നവര്‍ക്കും വംശീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കും എതിരെ കടുത്തശിക്ഷ ഉറപ്പുവരുത്തുന്ന പുതിയ നിയമം ഈയിടെയാണ്  യു.എ.ഇ. സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിനൊപ്പം തന്നെയാണ്  തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതും ശക്തമാക്കിയത്. അതുകൊണ്ടുതന്നെ ഈ വിഷയങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതി നല്‍കിയ മുന്നറിയിപ്പുകള്‍ ഏറെ ഗൗരവമുള്ളതാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും സോഷ്യല്‍ മീഡിയ വഴി  അമിതമായി പ്രതികരിക്കുന്നതും അതൊരു വാദപ്രതിവാദമായി മാറുന്നതും പ്രവാസികളുടെ ഇടയില്‍ സ്ഥിരംകാഴ്ചയാണ്. ഇത്തരം കാര്യങ്ങളെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു മൂന്നാംകണ്ണ് നമുക്കുചുറ്റും ഉണ്ട് എന്ന മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യക്കാരുടെ അംബാസഡര്‍ പറഞ്ഞിരിക്കുന്നത്. അബദ്ധങ്ങളില്‍ സ്വന്തം ജനത പെട്ടുപോകാതിരിക്കാനുള്ള ഉപദേശം കൂടിയായി അതിനെ കാണേണ്ടതുണ്ട്.  പ്രവാസികളെല്ലാം അവര്‍ താമസിക്കുന്ന രാജ്യത്തെ പോറ്റമ്മ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. നാട്ടിലുള്ള കുടുംബങ്ങളുടെ കൂടി പോറ്റമ്മയാണ് ഈ പ്രവാസലോകം എന്നതിനാല്‍ തൊഴിലെടുക്കുന്ന  രാജ്യത്തെ നിയമവ്യവസ്ഥകളെല്ലാം അനുസരിക്കുക എന്നത് നമ്മുടെ കടമ മാത്രമല്ല, അതൊരു അനിവാര്യത കൂടിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നതാണ് പുതിയ സംഭവവികാസങ്ങളെല്ലാം നല്‍കുന്ന പാഠം. 


തീവ്രവാദപ്രവര്‍ത്തനങ്ങള്‍ എവിടെയായാലും അത് മനുഷ്യരാശിയെ നാശത്തിലേക്കാണ് നയിച്ചിട്ടുള്ളത്. അത്തരം ചിന്തകളിലും അദൃശ്യവലകളിലും ചെന്നുപെടാതിരിക്കുക എന്നത് എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ഒരു ലൈക്കോ ഒരു ഷെയറോ മതി ജീവിതം മാറ്റിമറിക്കാന്‍ എന്നതും ഈ സംഭവങ്ങള്‍ നമ്മോടുപറയുന്നുണ്ട്.