കൃത്യം രണ്ടുവർഷംമുമ്പ് യു.എ.ഇ.യിൽ ഇറങ്ങിയ എല്ലാ മലയാള ദിനപത്രങ്ങളുടെയും ഒന്നാംപേജ് ഒരു നന്ദിപ്രകടനംകൊണ്ട് ശ്രദ്ധേയമായിരുന്നു. കേരളത്തിൽ പ്രളയം സൃഷ്ടിച്ച നടുക്കവും കണ്ണീരും കണ്ടറിഞ്ഞ യു.എ.ഇ. സർക്കാർ നടത്തിയ സഹായപ്രഖ്യാപനത്തിന് നന്ദി പറഞ്ഞായിരുന്നു മലയാളികളുടെ മനസ്സറിയുന്ന ദിനപത്രങ്ങളെല്ലാം രാജ്യത്തിന്റെ ഭരണാധികാരികൾക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള മുഴുപേജ് പരസ്യം പ്രസിദ്ധീകരിച്ചത്. നേരിട്ടുള്ള സഹായധനത്തിന് രാജ്യത്തിന്റെ നിയമ വ്യവസ്ഥകൾ തടസ്സമായപ്പോൾ മറ്റുസഹായങ്ങളുമായി യു.എ.ഇ. സർക്കാരിന്റെ കീഴിലുള്ള സന്നദ്ധസംഘടനകൾ കേരളത്തിലെത്തി. പല സ്ഥലത്തും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുവേണ്ടി അവശ്യവസ്തുക്കൾ എത്തിച്ചു. റെഡ്ക്രസന്റ് ഉൾപ്പെടെയുള്ള ജീവകാരുണ്യസംഘടനകൾ അനേകം സഹായങ്ങൾ വാഗ്ദാനംചെയ്തു. മുഖ്യമന്ത്രിയുടെ യു.എ.ഇ. പര്യടന വേളയിൽ ഇതുസംബന്ധിച്ച കരാറുകളും പിറന്നു.

എന്നാൽ, അതിന്റെയെല്ലാം ആവേശം തണുപ്പിക്കുന്നതും സംശയങ്ങൾ ജനിപ്പിക്കുകയുംചെയ്യുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിൽനിന്നുള്ള വാർത്തകൾ പലതും. കേരളത്തിലെ വാർത്താമാധ്യമങ്ങളിൽ ഈയിടെയായി എന്നും യു.എ.ഇ. വലിയ ചർച്ചാവിഷയമാണ്. പല വാർത്തകളും ചർച്ചകളുമാകട്ടെ യു.എ.ഇ.യെ സംബന്ധിച്ചിടത്തോളം അലോസരം ഉണ്ടാക്കുന്നതുമാണ്. ചില കുബുദ്ധികളുടെ സൃഷ്ടികൾ കാരണം ഈ രാജ്യത്തിന്റെ സത്‌പേരിനും പ്രതിച്ഛായയ്ക്കും കളങ്കംവരുത്തിയ ഇടപാടുകളാണ് എല്ലാ ചർച്ചകളുടെയും ആധാരം. അതാകട്ടെ ഓരോ ദിവസം പിന്നിടുന്തോറും കൂടുതൽ സങ്കീർണമായിവരുകയുമാണ്. വിവാദമായ സ്വർണക്കടത്തിൽ തുടങ്ങിയ വിവാദം ഇപ്പോൾ ലൈഫ് മിഷനിൽ എത്തിനിൽക്കുന്നു. പലതിലും തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു. അവിടെയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരുമെല്ലാം ചേർന്നൊരു ഗൂഢസംഘം കൃത്രിമം കാണിച്ചു എന്നതാണ് കേസുകളുടെയെല്ലാം ആധാരം.

ഇതിനൊപ്പമാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ കാർമികത്വത്തിൽനടന്ന ചില നടപടികളും. ശിവശങ്കറും സ്വപ്നയും ഇത്തരം പല ഇടപാടുകളുടെയും ഇടനിലക്കാരായി രംഗത്തുണ്ടായിരുന്നു എന്നതാണ് ഈ കേസുകളെയെല്ലാം കൂടുതൽ ചർച്ചയ്ക്ക് വിധേയമാക്കുന്നത്.

യു.എ.ഇ. എന്ന രാജ്യത്തെ ഏറെ സ്നേഹിക്കുകയും പോറ്റമ്മ നാടായി കാണുകയും ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ജീവിക്കുന്ന മണ്ണാണിത്. അതുകൊണ്ടുതന്നെ ഈ രാജ്യത്തിന്റെ ഭരണകർത്താക്കളെ എക്കാലത്തും ഏറെ ആദരവോടെയാണ് പ്രവാസികൾ കണ്ടിരുന്നത്. കേരളത്തോടും മലയാളികളോടും ഈ രാഷ്ട്രനേതാക്കൾക്കുണ്ടായിരുന്ന സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു പ്രളയനാളുകളിൽ രാഷ്ട്രനേതാക്കൾ നടത്തിയ അഭിപ്രായപ്രകടനങ്ങളും.

എന്നാൽ, ഇപ്പോൾ നടക്കുന്ന വിവാദങ്ങളെല്ലാം ഈ രാജ്യത്തിന്റെ പ്രതിച്ഛായയെക്കൂടി ബാധിക്കുന്നുണ്ട്. അത് അതിരുവിടാതെ നോക്കാനെങ്കിലും ഈ വിഷയത്തിൽ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും രാഷ്ട്രീയനേതാക്കളും ശ്രദ്ധിക്കണമെന്നാണ് പ്രവാസികളുടെ അഭ്യർഥന. ലോകമെങ്ങും എക്കാലത്തും സഹായമെത്തിച്ച ചരിത്രമുണ്ട് യു.എ.ഇ.യുടെ റെഡ്ക്രസന്റിന്. ആ സഹായത്തിന്റെ ഒരു ചെറുവിഹിതമാണ് കേരളത്തിന്റെ ലൈഫ് മിഷന് നൽകിയത്. പക്ഷേ, ആ സഹായത്തിന്റെ ഉദ്ദേശ്യശുദ്ധിയെപ്പോലും കളങ്കപ്പെടുത്തുകയും അപമാനിക്കുകയുംചെയ്യുന്ന വിധത്തിലാണ് കമ്മിഷൻ വിവാദം കൊഴുക്കുന്നത്.

വിശപ്പുമാറ്റാനും കുടിവെള്ളമെത്തിക്കാനും പാർപ്പിടം നൽകാനും വസ്ത്രം നൽകാനുമെല്ലാമായി ഒട്ടേറെ രാജ്യങ്ങളിൽ യു.എ.ഇ.യുടെ സഹായമെത്തിയിട്ടുണ്ട്. ഓരോ റംസാൻ കാലത്തും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹായപ്രഖ്യാപനങ്ങൾ ലോകം ഏറെ ആദരവോടെയാണ് നോക്കിക്കാണാറുള്ളത്. അത്തരം പദ്ധതികളും പ്രഖ്യാപനങ്ങളും ഇപ്പോഴും തുടരുന്നു.

യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനിൽ നിന്ന് തുടങ്ങുന്നുണ്ട് യു.എ.ഇ.യുടെ ഈ കാരുണ്യപ്രവാഹം.

അദ്ദേഹത്തിന്റെ പിൻഗാമികൾ ആ പാതയിൽ കൂടുതൽ കരുത്തോടെയും കരുതലോടെയും ഇപ്പോഴും സഞ്ചരിക്കുന്നു. ഇന്ന് വിദേശങ്ങളിൽ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന ആദ്യ മൂന്നുരാജ്യങ്ങളിൽ ഒന്ന് യു.എ. ഇ.യാണ്. അഞ്ചുവർഷത്തിനിടെ ഈ 42 രാജ്യങ്ങൾക്കായി 10,800 കോടി ദിർഹത്തിന്റെ സഹായമാണ് യു.എ.ഇ. നൽകിയെന്നാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയത് ഈ പാരമ്പര്യത്തിന്റെ പ്രഖ്യാപനംകൂടിയാണ്.

പ്രളയം ദുരിതംവിതച്ച കേരളത്തിൽ ഏതാനുംപേർക്ക് വീട് നിർമിച്ചുനൽകാമെന്ന യു.എ.ഇ. റെഡ്ക്രസന്റിന്റെ തീരുമാനം കേരളം കൈയടികളോടെയാണ് സ്വീകരിച്ചത്. കേരളം സ്ഥലം നൽകിയാൽ മാത്രം മതിയെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ, ഈ കരാറിനുപിന്നിൽ നടന്ന കളികളും ചരടുവലികളുമെല്ലാം കമ്മിഷൻ കണക്കാക്കിയാണ് നീങ്ങിയതെന്ന് ഇപ്പോൾ പുറത്തുവരുമ്പോൾ സഹായം നൽകിയവർക്ക് ഉണ്ടാകാവുന്ന മാനസികപ്രയാസങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. ഇക്കാര്യത്തിൽ റെഡ് ക്രസന്റിനെ വലിച്ചിഴയ്ക്കുന്നതിൽ അർഥമില്ല. അവർ വീടുണ്ടാക്കാനുള്ള സഹായധനം നേരത്തേതന്നെ കൈമാറിക്കഴിഞ്ഞു. പക്ഷേ, ആ പണത്തിൽ നിന്ന് കൈയിട്ടുവാരാൻ കേരളത്തിൽ നടന്ന ശ്രമങ്ങൾ അവർക്ക് ബോധ്യമായിക്കാണും. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങളിൽ അവരുടെ പേര് വലിച്ചിഴയ്ക്കപ്പെടുന്നത് ഏറെ ദൗർഭാഗ്യകരമാണ്. എന്തിലും ഏതിനും കൈക്കൂലിയും അഴിമതിയും എന്ന ദുഷ്‌ പ്രചാരണം വിദേശത്തുപോലും ഇതോടെ കേരളത്തിന്റെ മേൽ പതിഞ്ഞുകഴിഞ്ഞു. ഭാവിയിൽ സഹായം നൽകാൻ ആഗ്രഹിക്കുന്നവർപോലും രണ്ടാമതൊന്ന് ആലോചിക്കാൻ ഇത്തരം സംഭവങ്ങൾ ഇടയാക്കും. അതിനുള്ള അവസരം നൽകാതിരിക്കാൻ ഇനിയെങ്കിലും നമുക്കുകഴിയണം. അതുപോലെത്തന്നെ പ്രധാനമാണ് ഇത്തരം വിവാദങ്ങളിൽ യു.എ.ഇ.യെയും റെഡ്ക്രസന്റിനെയും വലിച്ചിഴക്കുന്നതും. ഇതിനുപിന്നിൽ പല താത്‌പര്യക്കാരും കണ്ടേക്കാം. പക്ഷേ, ഈ മണ്ണിൽ സമാധാനത്തോടെ, സന്തോഷത്തോടെ, സുരക്ഷിതത്വത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. വിവാദങ്ങളിൽ അഭിരമിക്കുന്നവർ അതെങ്കിലും ഓർക്കണം. ഈ രാജ്യത്തിന്റെ അന്തസ്സിനും അഭിമാനത്തിനും പോറലേൽക്കാതെ നോക്കേണ്ടത് പ്രവാസികളുടെകൂടി ഉത്തരവാദിത്വമായിരിക്കുന്നു ഇപ്പോൾ.