അങ്ങിനെ തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ അടങ്ങിത്തുടങ്ങി. ഏതാനും ദിവസങ്ങൾക്കകം നരേന്ദ്രദാസ് ദാമോദർ മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കും. അഞ്ചുവർഷത്തെ ഭരണത്തിന് കിട്ടിയ അംഗീകാരമായാണ് ഈ രണ്ടാമൂഴം. ഒരു പക്ഷേ സ്വതന്ത്ര ഇന്ത്യ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും ആവേശകരമായ മത്സരത്തിൽ പ്രതിപക്ഷത്തിന്റെ അനൈക്യവും മോദിയുടെ വിജയത്തിന് തിളക്കം കൂട്ടി. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള സംശയങ്ങളുമായി ഇടക്കാലത്ത് സജീവമായിരുന്ന പ്രതിപക്ഷകക്ഷികൾ ഇപ്പോൾ അതിനെക്കുറിച്ച് കാര്യമായി പ്രതികരിക്കുന്നില്ല.

വികസനത്തിനുള്ള വോട്ട് എന്നാണ് രണ്ടാംതവണയും നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം ശനിയാഴ്ച പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മുന്നണി നേതാക്കളുടെയും എം.പി.മാരുടെയും യോഗത്തിൽ മോദി അഭിപ്രായപ്പെട്ടത്. എല്ലാവിഭാഗം ജനങ്ങളെയും ഒന്നായിക്കണ്ട് പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു. പ്രസ്താവനകൾ ഇറക്കുമ്പോൾ കൂടുതൽ ഗൗരവം കാണിക്കുക, മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ മിതത്വം പാലിക്കുക എന്നിങ്ങനെയുള്ള ഉപദേശങ്ങളും മോദി നൽകി.

അതെന്തായാലും മോദിയുടെ രണ്ടാമൂഴത്തെ മിക്ക ലോകനേതാക്കളും അഭിനന്ദിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിലെ ഭരണാധികാരികളും വലിയ ആവേശത്തോടെയാണ് മോദിയുടെ രണ്ടാംവരവിനെ സ്വാഗതം ചെയ്തത്. ഫലമറിഞ്ഞ ഉടൻത്തന്നെ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മോദിയെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം, സൗദിയിലെ സൽമാൻ രാജാവ് തുടങ്ങി ഗൾഫ് രാജ്യങ്ങളിലെ പ്രധാന രാഷ്ട്ര നേതാക്കളെല്ലാം മോദിയെ അഭിനന്ദിച്ച് സന്ദേശമയച്ചു.

എല്ലാ അഭിനന്ദനങ്ങളിലും എല്ലാവരും എടുത്തുപറഞ്ഞ ഒരു കാര്യം ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ രണ്ടാമൂഴത്തിലൂടെ കഴിയട്ടെ എന്നായിരുന്നു. അഭിനന്ദനങ്ങൾക്കുള്ള മറുപടി സന്ദേശത്തിൽ മോദിയും ഇക്കാര്യം എടുത്തുപറഞ്ഞു. ഗൾഫ് നാടുകളിലെ ഇന്ത്യക്കാർ പല രാജ്യങ്ങളിലും സ്വദേശികളേക്കാൾ പതിന്മടങ്ങാണ്. ഗൾഫ് നാടുകളുമായുള്ള ഇന്ത്യയുടെ വാണിജ്യ, വ്യാപാര ബന്ധങ്ങൾക്കാകട്ടെ പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ഇതിൽത്തന്നെ മലയാളികളുടെ പങ്കും പ്രാധാന്യവും പ്രത്യേകം പറയേണ്ടതുമില്ല. മോദി അഞ്ച് വർഷം മുമ്പ് അധികാരത്തിലെത്തിയപ്പോൾ മുതൽ വിദേശരാജ്യങ്ങളുമായി മികച്ചരീതിയിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിദേശയാത്രകൾക്ക് എതിരെ ചില കോണുകളിൽനിന്ന് എതിർപ്പും പരിഹാസവും ഉയരാറുണ്ടെങ്കിലും ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്തസ്സ് ഉയർത്താൻ ഈ യാത്രകൾ ഉപകരിച്ചു എന്നത് തർക്കമറ്റ സംഗതിയാണ്. യു.എ.ഇ. യിൽ ആദ്യമായി പ്രധാനമന്ത്രിയായി മോദി എത്തുമ്പോൾ അതൊരു ചരിത്രം കുറിക്കൽ കൂടിയായിരുന്നു. മുപ്പത്തിനാല് വർഷത്തിന് ശേഷം യു.എ.ഇ. യിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ ആ സന്ദർശനം അറബ്-ഗൾഫ് നാടുകളിൽ വലിയ ശ്രദ്ധ നേടി. യു.എ.ഇ. യിലെ ഇന്ത്യക്കാരും വലിയ ആവേശത്തോടെയാണ് ആ സന്ദർശനത്തെ സ്വീകരിച്ചത്. വീണ്ടും ഒരിക്കൽകൂടി മോദി യു.എ.ഇ. സന്ദർശിക്കാനെത്തി. ഇതിനിടയിൽ അബുദാബി കിരീടാവകാശി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായും പങ്കെടുത്തു. ഭീകരവാദത്തിനും മേഖലയിലെ സുരക്ഷിതത്വത്തിനും വേണ്ടി യു.എ.ഇ. യും ഇന്ത്യയും തമ്മിൽ യോജിച്ച പ്രവർത്തനത്തിന് ഒട്ടേറെ കരാറുകളിലും ഒപ്പുവെക്കപ്പെട്ടു. വ്യാപാരക്കരാറുകളും വിവിധ രംഗങ്ങളിലെ നിക്ഷേപങ്ങളും ഈ കാലയളവിൽ വലിയ തോതിൽ യാഥാർഥ്യവുമായി. സൗദിയിലേക്കുള്ള മോദിയുടെ യാത്രയും വലിയ വാർത്തകളായി.

ഇന്ത്യയിൽ തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടയിലാണ് യു.എ.ഇ. യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ നരേന്ദ്രമോദിക്ക് സമ്മാനിക്കുന്നതായുള്ള പ്രഖ്യാപനം എത്തിയത്. എന്നാൽ ഇന്ത്യയിലും യു.എ.ഇ. യിലുമുള്ള ചില വിഭാഗങ്ങൾക്ക് ഇപ്പോഴും മോദിയെ ഉൾക്കൊള്ളാനായിട്ടില്ല. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ്ങിന്റെ ഛായാചിത്രങ്ങളാൽ അലങ്ക‍രിക്കപ്പെട്ട ഗൾഫിലെ ചില മലയാളിസംഘടനാ ഓഫീസുകളിൽ ഇപ്പോഴും മോദിയുടെ ചിത്രത്തിന് അയിത്തമുണ്ട്. അത് അവരുടെ ആഭ്യന്തരകാര്യം. ബി.ജെ.പി.യെയും മോദിയെയും എതിർക്കാൻ അവർക്ക് അവരുടെതായ കാരണങ്ങളുമുണ്ടാകും. ബീഫിന്റെ പേരിലും ഗോ സുരക്ഷയുടെ പേരിലുമൊക്കെ ഉത്തരേന്ത്യയിൽനടന്ന അക്രമങ്ങളും ചില സംഘ്പരിവാർ നേതാക്കളുടെ പ്രസ്താവനകളുമെല്ലാം അവരുടെ മനോഭാവത്തിന് അടിസ്ഥാനമായിരിക്കാം. എന്തായാലും ജനങ്ങളെ ഒന്നായിക്കണ്ട് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോവുകയാവണം രണ്ടാമൂഴത്തിൽ മോദിയുടെ പ്രധാന ദൗത്യം. വിദേശനാടുകളുമായുള്ള ബന്ധം ഊഷ്മളമായി കൊണ്ടുപോകുന്നതിനൊപ്പം തന്നെയോ അതിലേറെയോ ഗൗരവം ഇക്കാര്യത്തിന് കൊടുക്കുമെന്ന് പ്രത്യാശിക്കാം. മുൻവിധിയോടെ സർക്കാരിനെയും അവരുടെ ചെയ്തികളെയും കാണുന്നതിലും മാറ്റമുണ്ടാകണം.

പ്രധാനമന്ത്രി മോദിയുടെ അഭ്യർഥനയനുസരിച്ച് അബുദാബിയിൽ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ച രാജ്യമാണിത്. അവിടെ ക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. രണ്ട് വർഷത്തിനകം അത് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. എല്ലാവിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്ന, എല്ലാവർക്കും തുല്യനീതിയും അവസരങ്ങളും ഒരുക്കുന്ന സഹിഷ്ണുതയുടെ പുതിയ പാഠങ്ങൾ ലോകത്തിന് സമ്മാനിക്കുന്ന രാജ്യമാണ് യു.എ.ഇ. ആ രാജ്യത്തിന്റെ ഉറ്റസുഹൃത്താണ് നരേന്ദ്രമോദി. സഹിഷ്ണുതയുടെയും സമഭാവനയുടെയും പാഠങ്ങൾ ഈ രാജ്യവുമായുള്ള സൗഹൃദത്തിൽനിന്ന് കൂടുതലായി സ്വാംശീകരിക്കാൻ കഴിഞ്ഞാൽ അതാവും വലിയ നേട്ടവും.

Content Highlights: 2019 Loksabha Elections