ഈ മണ്ണിലെ ഓണാഘോഷത്തിന് ഒരിക്കലും കാലപരിധിയൊന്നുമുണ്ടായിരുന്നില്ല. ഓണത്തിന് മാത്രമല്ല ആ വിശേഷണം. ആഘോഷത്തിന്റെ കാര്യത്തിൽ മലയാളിയുടെ പെരുന്നാളും ക്രിസ്മസുമെല്ലാം മാസങ്ങൾ നീളുന്നതാണ്. എന്നാൽ അതിനേക്കാളും കുറെക്കൂടി മുന്നിലാണ് ഓണമെന്നതിൽ തർക്കമില്ല. ആഴ്ചകളും മാസങ്ങളും നീളുന്ന, കലാപരിപാടികളും ഓണസദ്യയുമെല്ലാം ക്യൂനിൽക്കുന്ന ഒരു ഓണക്കാലം. അതായിരുന്നു പ്രവാസലോകത്തെ ഓണം. ഏതാണ്ടെല്ലാ പ്രവാസികളുടെയും മനസ്സിൽ ആ സമ്പന്നമായ ഓണക്കാലമുണ്ട്-പുത്തൻ പ്രവാസികൾ ക്ഷമിക്കുക, അല്ലെങ്കിൽ പഴമക്കാരോട് ചോദിച്ചറിയുക. നാട്ടിൽ അത്തം പത്തിന് പൊന്നോണമാണ്. തെക്കൻജില്ലകളിൽ അത് മൂന്നാം ഓണവും നാലാം ഓണവുമായിവരെ നീളും. തീർന്നു അവിടത്തെ ഓണം. ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽമാത്രം ഓണം പിന്നെയും അല്പം നീേണ്ടക്കാം.
എന്നാൽ ഇവിടെ അങ്ങിനെയായിരുന്നില്ല, ഒരു കാലത്ത്. എല്ലാ ആഴ്ചകളിലുമായി മാസങ്ങളോളം നീളുന്നതാണ് ഓണം.
അത്തം പിറക്കുന്നതുമുതൽ എല്ലാ വാരാന്ത്യങ്ങളിലും ഓണമാണ്. അത് ഇടയ്ക്ക് പെരുന്നാളിനൊപ്പവും പിന്നെ ക്രിസ്മസിനൊപ്പവും എത്തും. ഒടുവിൽ ക്രിസ്മസും നവവത്സരവും വരുന്നതുവരെ അതങ്ങിനെ നീണ്ടു നീണ്ടു പോകും. അങ്ങിനെ മാസങ്ങൾനീളുന്ന ആഘോഷം. പൂക്കളങ്ങൾ, മാവേലിയുടെ എഴുന്നള്ളത്ത്, ഓണസദ്യ, സമ്മാനങ്ങൾ, ഓണക്കളികൾ എന്നിങ്ങനെ അത് നീളും. ഒരേദിവസംതന്നെ രണ്ടും മൂന്നും സംഘടനകളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത് സദ്യകൾ ആസ്വദിച്ച് മലയാളികൾ ആഘോഷിച്ചിരുന്ന ഓണം ഉണ്ടായിരുന്നു ഇവിടെ.
സംഘടനാപ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ അത്തരം ആഘോഷങ്ങൾ പേരിന് മാത്രമായി ചുരുങ്ങി. ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്ന മലയാളികൾ അതുകൊണ്ടുതന്നെ ആഘോഷങ്ങളും പേരിലൊതുക്കി. അങ്ങിനെ ആഘോഷങ്ങൾ ഫ്ളാറ്റുകളിലും സുഹൃദ് സദസ്സുകളിലേക്കും മാറിയതോടെ ഓണത്തിന്റെ പൊലിമ വല്ലാതെ മങ്ങി.
നിയമങ്ങൾ മറികടക്കാനോ നിയന്ത്രണങ്ങൾ കണ്ടില്ലെന്ന് നടിക്കാനോ നമുക്കാവില്ല. അത്തരം നീക്കങ്ങൾക്ക് പിന്നിൽ രാജ്യത്തിന്റെ ഭരണാധികാരികൾ വലിയ ലക്ഷ്യങ്ങൾ കണ്ടിട്ടുണ്ട്. അത് ഇവിടെ ജീവിക്കുന്ന എല്ലാ വിഭാഗക്കാരുടെയും ക്ഷേമം മുൻനിർത്തിക്കൂടിയാണെന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ നിയന്ത്രണങ്ങൾക്കുള്ളിൽനിന്നുകൊണ്ട് എങ്ങിനെ പഴയ ആരവവും ആവേശവും വീണ്ടെടുക്കാം എന്നാണ് നാം ആലോചിക്കേണ്ടത്.
ലോകത്ത് എവിടെയായാലും ആഘോഷങ്ങളും ഉത്സവങ്ങളും ജനങ്ങളുടെ കൂട്ടായ്മയുടെ വേളകളാണ്. ഇവിടെ മലയാളിസമൂഹത്തിന്റെ ആഘോഷങ്ങളെല്ലാം എല്ലാകാലത്തും മറ്റു ജനവിഭാഗങ്ങളെകൂടി ആകർഷിച്ചുവന്നിട്ടുണ്ട്. സ്വദേശികളെ ഉൾപ്പെടെയുള്ളവരെ അതിലെല്ലാം പങ്കെടുപ്പിക്കുന്നതിൽ ഇവിടത്തെ മലയാളി പ്രവാസിസമൂഹം മുമ്പുതന്നെ ശ്രമിച്ചിട്ടുമുണ്ട്. ആ രീതികൾ ഇപ്പോഴും തുടരുന്നു എന്നതാണ് വലിയ കാര്യം.
അങ്ങിനെ കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തെ പ്രവാസികളെല്ലാം ചേർന്ന് അന്താരാഷ്ട്രതലത്തിലേക്ക് തന്നെ ഉയർത്തിയിട്ടുണ്ട്. ഓണത്തിന്റെ സമത്വസുന്ദരമായ സന്ദേശംതന്നെ ഈ ഐക്യപ്പെടലും കൂട്ടായ്മയുമാണ്. അത് മറ്റുള്ളവരിലേക്കും പകരാനുള്ള വേദിയാവട്ടെ നമുക്ക് ഈ ആഘോഷങ്ങൾ. കൊച്ചുകൊച്ചു സദസ്സുകളിൽ, തൊഴിലിടങ്ങളിൽ, താമസസ്ഥലങ്ങളിലെല്ലാം ഇത്തരം സൗഹൃദത്തിന്റെ കൂട്ടായ്മകൾ രൂപപ്പെടണം.
അതേസമയം പഴയ ആഘോഷത്തിന്റെ ഹാങ് ഓവറിൽ കാലം കഴിക്കുന്ന ആഘോഷവീരന്മാരും ഇവിടെ ഇപ്പോഴുമുണ്ട്. അന്നത്തെ മഹാബലി വേഷക്കാരും സദ്യയൊരുക്കുന്ന നളന്മാരുമൊക്കെ സങ്കടക്കടലിലാണ്. തിരുവാതിരക്കളിയും ആട്ടവും പാട്ടുവുമൊക്കെയുള്ള ആ കാലത്തിന്റെ ചെറുരൂപങ്ങൾ പലരും പരീക്ഷിക്കുന്നുണ്ട്. ഇവിടെ ഓണാഘോഷങ്ങൾ ശുഷ്കിച്ചതോടെ നാട്ടിലെ സിനിമക്കാരും കലാകാരന്മാരുമാണ് വെട്ടിലായത്.
ചില ചാനലുകളുടെ ഓണം പരിപാടികളൊഴിച്ചാൽ എവിടെയും ആർക്കും കാര്യമായ റോളില്ല. മുമ്പ് ഓണം എത്തുന്നതിനുമുമ്പുതന്നെ പരിപാടികളുടെ ഘോഷയാത്രയായിരുന്നു. അതും ഒരു കാലം. ആഴ്ചകളോളം നീണ്ട പരിപാടികളായിരുന്നു പലർക്കും.
ഓണാഘോഷം ലോകത്ത് എവിടെയായാലും മലയാളിയുടെ ഉത്സവമാണ്. നാട്ടിൽ പൂവിളി ഉയരുമ്പോൾ ഇവിടെ മലയാളിയുടെ ഹൃദയം തുടിക്കും. ആ പിടച്ചിലാണ് ഓണത്തിന്റെ ലഹരിയും. കാലത്തിന്റെയും ദേശത്തിന്റെയും അതിരുകൾ പിന്നിടുന്നു ആ ലഹരി. ഡിപ്ലോമാറ്റിക് ആയി ഓണത്തെ സമീപിക്കുന്ന ചിന്തകളും ഇവിടെ ഇല്ല. ഓണത്തിന് തൂശനിലയിൽ പുത്തരിച്ചോറ്് വീഴുമ്പോഴുള്ള ആ മണമാണ് കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ലോകത്തേക്ക് നമ്മെ കൊണ്ടുപോകുന്നത്. അതാവട്ടെ എന്നും നമ്മുടെ സ്വപ്നവും ലക്ഷ്യവും.