ഇത്രമാത്രം കൊട്ടിഘോഷിക്കാൻ എന്തിരിക്കുന്നു ഇതിൽ എന്ന് ചോദിക്കുന്നവരിൽ പൊതുപ്രവർത്തകർ തന്നെയാണ് മുന്നിൽ. വിഷയം പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ച എയർ ഇന്ത്യയുടെ പുതിയ തീരുമാനംതന്നെ. ഇതുവരെ മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന രീതിക്കാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മുതൽ 12 വയസ്സിന് മുകളിലുള്ളവരുടെ മൃതദേഹത്തിന് 1500 ഉം താഴെയുള്ളവർക്ക് 750 ഉം ദിർഹം വീതമാണ് നിരക്ക്. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും വിമാനങ്ങളിലെ പുതിയ പരിഷ്കാരം ശനിയാഴ്ച മുതൽ നിലവിൽ വന്നിട്ടുണ്ട്.
എന്നാൽ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയത്നത്തിനിടയിലാണെങ്കിലും രാജ്യത്തേക്ക് കോടിക്കണക്കിന് വിദേശനാണ്യം എത്തിക്കുന്ന പ്രക്രിയയിലെ പങ്കാളികളാണ് ഓരോ  പ്രവാസിയും. അവിചാരിതമായി ഇവിടെ മരിച്ചുപോവുന്ന ആ പ്രവാസിയുടെ അന്ത്യയാത്ര കുറെക്കൂടി മാന്യമായി നടത്തിക്കൊടുക്കണമെന്ന പൊതുപ്രവർത്തകരുടെയും പ്രവാസി സംഘടനകളുടെയും മുറവിളികൾക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇന്ത്യയേക്കാൾ എത്രയോപിന്നിൽ നിൽക്കുന്ന പാകിസ്താനും ബംഗ്ലാദേശും വരെ സ്വന്തം പൗരന്മാരുടെ മൃതദേഹങ്ങൾ സൗജന്യമായാണ് അവരുടെ ദേശീയ വിമാനക്കമ്പനികൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. പിന്നെന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. 
ഇതിനൊപ്പംതന്നെയാണ് മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന പ്രാകൃത നടപടിക്ക് എതിരായ പ്രതിഷേധവും. തത്കാലം ആ നടപടിക്ക് വിരാമമായി എന്ന് വേണമെങ്കിൽ പറയാം എന്നതിനപ്പുറം പുതിയ തീരുമാനത്തിലെ നിരക്ക് ഏകീകരണം കൊണ്ട് പ്രവാസികൾക്ക് വലിയ മെച്ചമൊന്നുമില്ലെന്ന് തന്നെയാണ് പൊതു നിഗമനം. 
ഇതിലും ചെറിയ ചെലവിൽ എയർ അറേബ്യ പോലുള്ള വിമാനക്കമ്പനികൾ മൃതദേഹം ഇന്ത്യയിൽ എത്തിച്ചുകൊടുക്കുന്നുണ്ട്. പക്ഷെ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും എയർ അറേബ്യക്ക് സർവീസില്ല എന്നതാണ് അതിനെ ആശ്രയിക്കുന്നതിനുള്ള തടസ്സം. ഇവിടെയാണ് എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെയും പ്രസക്തി. എന്നാൽ അവർ ഇപ്പോൾ പ്രഖ്യാപിച്ച നിരക്കാകട്ടെ, വളരെക്കൂടുതൽ തന്നെയാണെന്നാണ് എല്ലാവരുടെയും ആക്ഷേപം.
ഒരു പ്രവാസി മരിച്ചാൽ മൃതദേഹം ഉറ്റവരുടെ അടുത്തേക്ക് എത്തിക്കുക എന്നത് പ്രവാസലോകത്ത് ക്ലേശകരമായ കാര്യമാണ്. നാൽപ്പതിലേറെ രേഖകളാണ് ഇതിനായി ശരിയാക്കിയെടുക്കേണ്ടത്. എല്ലാം ശരിയായിക്കഴിഞ്ഞാലാണ് പിന്നീടുള്ള യാത്ര.  മരണസർട്ടിഫിക്കറ്റിന് 85 ദിർഹം, എംബാമിങ് സെന്ററിൽ 1100 ദിർഹം, ശവപ്പെട്ടിക്ക് 1850 ദിർഹം വരെ, ആംബുലൻസിന് 220 ദിർഹം എന്നിങ്ങനെയാണ് ശരാശരി മറ്റ് ചെലവുകൾ. മൃതദേഹത്തിന് ഒപ്പം പോകുന്നവരും വലിയ നിരക്കിലുള്ള ടിക്കറ്റെടുക്കേണ്ടി വരും. അവസാന നിമിഷത്തെ തീരുമാനം എന്നതിനാൽ ഇതിനും കഴുത്തറപ്പൻ നിരക്കാണ് എല്ലാ വിമാനക്കമ്പനികളും ഈടാക്കാറുള്ളത്. ചുരുക്കത്തിൽ ഒരു മൃതദേഹം നാട്ടിലെത്തിക്കാൻ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കൈയിൽ കരുതണം. 
നാട്ടിലേക്കുള്ള അന്ത്യയാത്രയ്ക്ക് തൂക്കംനോക്കി നിരക്ക് ഈടാക്കുന്ന ദേശീയ വിമാനക്കമ്പനിയുടെ നടപടികൾ വലിയ പ്രതിഷേധമാണ് എക്കാലത്തും പ്രവാസികളിൽ ഉണ്ടാക്കിയത്. ഇനി മൃതദേഹം തൂക്കി നിരക്ക് ഈടാക്കില്ലെന്ന എയർ ഇന്ത്യയുടെ പ്രഖ്യാപനം വലിയ  ആശ്വാസത്തോടെയാണ് പ്രവാസലോകം ശ്രവിച്ചത്. എന്നാൽ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോകുന്ന സംവിധാനത്തിലേക്ക് അധികൃതരും വിമാനക്കമ്പനി അധികൃതരും തയ്യാറാകണമെന്ന ആവശ്യമാണ് ഇപ്പോഴും എല്ലാവരും ഉന്നയിക്കുന്നത്. അത് തീരെ പ്രായോഗികമല്ലെങ്കിൽ ചെറിയ തുകയോ ഒരാളുടെ ടിക്കറ്റിന്റെ തുകയോ മാത്രം ഈടാക്കിക്കൊണ്ടായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്നും അവർ പറയുന്നു.
വിമാനത്തിൽ കൊണ്ടുപോകുന്ന ചരക്കുകൾ തൂക്കിയാണ് നിരക്ക് ഈടാക്കുന്നത്. ഇതുപോലെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലായിരുന്നു പ്രതിഷേധം. മൃതദേഹം തൂക്കുന്ന രീതി തുടരുമെന്നതാണ് യാഥാർഥ്യം. വിമാനത്തിൽ കൊണ്ടുപോകുന്ന വസ്തുക്കളുടെ തൂക്കം രേഖപ്പെടുത്തുന്നതിനുള്ള സാങ്കേതിക നടപടി മാത്രമായിരിക്കും ഇത്. എന്നാൽ ഈ തൂക്കവും ടിക്കറ്റ് നിരക്കും തമ്മിൽ ബന്ധമില്ലെന്നത് മാത്രം ആശ്വാസം നൽകുന്ന കാര്യം.
മൃതദേഹങ്ങൾ  വലിയ തുക നൽകി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്വന്തം നിലയിൽ കഴിയാത്തവർക്ക് ഇന്ത്യൻ കോൺസുലേറ്റും എംബസിയും സാമ്പത്തികസഹായം നൽകാറുണ്ട്. സന്നദ്ധ പ്രവർത്തകർ മുൻകൈ എടുത്ത് ഇത്തരത്തിൽ കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്ക് ചെലവായ തുക ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് അധികൃതർ തിരികെ നൽകാറുമുണ്ട്. ഓരോ വർഷവും ഇത്തരത്തിൽ വലിയൊരു തുക ഇന്ത്യൻ എംബസ്സിയും കോൺസുലേറ്റും  തിരികെ നൽകുന്നുണ്ട്. എന്നാൽ അവസാന നിമിഷങ്ങളിലെ തിരക്കുകളും മറ്റും കാരണം പലപ്പോഴും ഇതിനുള്ള ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകൾ പലതും നഷ്ടപ്പെടുക സ്വാഭാവികമാണ്. അങ്ങനെവന്നാൽ ടിക്കറ്റ് തുക തിരികെ കിട്ടാനുള്ള വഴിയും അടയുകയാണ് പതിവ്. എന്തായാലും നമ്മുടെ നയതന്ത്ര ഓഫീസുകൾ ഇത്തരം പ്രവർത്തനങ്ങൾക്കായി പണം ചെലവിടുന്നുണ്ട്. ആ സൗകര്യം ദേശീയ വിമാനക്കമ്പനികളുടെ വിമാനങ്ങളിൽ മൃതദേഹം കൊണ്ടുപോകുന്നതിനായി വിനിയോഗിച്ചാൽ തന്നെ വലിയൊരു പ്രതിഷേധം ഒഴിവാകും.
എന്തായാലും ഇതൊരു പുതിയ തീരുമാനമെന്ന നിലയിൽ ആശ്വസിക്കാവുന്ന കാര്യംതന്നെ. സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പാവുന്നതുവരെ അതു തുടരുമെന്ന് കരുതാം. എങ്കിലും പ്രവാസിയുടെ ആവശ്യം സൗജന്യമായി മൃതദേഹം നാട്ടിലേക്ക് എത്തിക്കുക എന്നുള്ളതുതന്നെയാണ്. ആ ലക്ഷ്യം കൈവരിക്കുന്നത് വരെ പോരാട്ടവും സമ്മർദവും തുടരുകതന്നെ വേണം.