ലോകമെങ്ങും ആഘോഷത്തിന്റെ ലഹരിയിലാണിപ്പോൾ. തിരുപ്പിറവി ആഘോഷങ്ങൾ ഒരുഭാഗത്ത്. പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളും ഇതോടൊപ്പം എങ്ങുമുണ്ട്. ആകെക്കൂടി ആഘോഷത്തിന്റെ ആരവങ്ങളാണ് എല്ലായിടത്തും. ക്രിസ്‌മസിന് പിന്നാലെ കടന്നുവരുന്ന പുതുവത്സരാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ ഇത്തവണയും കാര്യമായി നടക്കുന്നുണ്ട്. സ്കൂളുകൾക്ക് ശൈത്യകാലം പ്രമാണിച്ച് അവധിയാണിപ്പോൾ. കടുത്തചൂടിന് ശമനമായി. രാജ്യത്ത് ശൈത്യകാലം ആരംഭിച്ചതോടെ കാലാവസ്ഥയും ആഘോഷത്തിന് പാകമായിട്ടുണ്ട്. ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ പുതുവർഷത്തിനൊപ്പം കടന്നുവരുന്നു. സഞ്ചാരികളെ ആകർഷിക്കുന്ന ഗ്ലോബൽ വില്ലേജ് ദിവസങ്ങൾക്കുമുമ്പ് തന്നെ സജീവമായി തുടങ്ങി. അങ്ങനെ ഓരോ ദിവസവും ആഘോഷത്തിന്റെ വിശേഷങ്ങളുമായാണ് കടന്നുവരുന്നത്.
സംഭവബഹുലമായ ഒരുവർഷമാണ് കൊഴിഞ്ഞുപോകുന്നത്. കണ്ണീരുംകിനാവും മോഹങ്ങളും മോഹഭംഗങ്ങളുമൊക്കെ സമ്മിശ്രമായി കടന്നുവന്നകാലം. അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും പ്രയാസങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. ഒട്ടേറെരാജ്യങ്ങളിലെ ആഭ്യന്തരസംഘർഷങ്ങൾ തന്നെ ഇതിൽ പ്രധാനം. സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പേരിൽ മേഖലയിൽ യു.എ.ഇ. ലോകത്തിനുതന്നെ ഇന്ന് മാതൃകയാണെന്നത് ഇതിനിടയിലും ആഹ്ലാദവും അഭിമാനവും നൽകുന്നുണ്ട്. ഖത്തറുമായുള്ള നയതന്ത്രബന്ധം യു.എ.ഇ. ഉപേക്ഷിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. സൗദി അറേബ്യയും ബഹ്‌റൈനും ഈജിപ്തുമുൾപ്പെടെ ഒട്ടേറെ രാജ്യങ്ങൾ ഖത്തറിന്റെ നിലപാട് തിരുത്തണമെന്ന ആവശ്യവുമായി അവരിൽ നിന്ന്കന്ന് നിൽക്കുകയാണ്.   
എണ്ണവിലയുടെ ഏറ്റക്കുറച്ചിലുകളും സാമ്പത്തികരംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എണ്ണയുടെപേരിൽ സാമ്പത്തിക നില പടുത്തുയർത്തിയിരുന്ന യു.എ.ഇ. യും സൗദിയുമുൾപ്പെടെ മിക്ക ഗൾഫ് നാടുകളും അതിൽനിന്ന് മാറിസഞ്ചരിച്ച് തുടങ്ങി. വിവര വിജ്ഞാന മേഖലയിലാണ് ഇപ്പോൾ യു.എ.ഇ. യുടെ ശ്രദ്ധ കൂടുതലും. എങ്കിലും എണ്ണയുടെ വിലയിടിവ് അറബ് ലോകത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബാരലിന് 125 ഡോളർവരെ പോയിരുന്ന അസംസ്കൃത എണ്ണയുടെ വില ഇതിനകം പകുതിയായി കുറഞ്ഞിരിക്കുന്നു. അതിപ്പോൾ 60 ഡോളറിൽ ചുറ്റിപ്പറ്റി നിൽക്കുന്നു. യു.എ.ഇ. ആകട്ടെ മൂല്യ വർധിത നികുതിയുൾപ്പെടെ ഒട്ടേറെ പരിഷ്കാരങ്ങൾ വാണിജ്യ വ്യാപാരമേഖലയിൽ കൊണ്ടുവന്ന വർഷമാണിത്. ഏതാനും ഗൾഫ് രാജ്യങ്ങൾകൂടി അടുത്തവർഷം വാറ്റിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ. അതേസമയം വിനോദസഞ്ചാരികൾക്ക് അവർ വാങ്ങിയ സാധനങ്ങളുടെ തുകയിൽനിന്ന് വാറ്റ്  തിരിച്ചുകൊടുക്കുന്ന സമ്പ്രദായം യു.എ.ഇ. വിജയകരമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പുതിയസീസൺ നല്ലസൂചനകളാണ് നൽകുന്നതെന്ന് ഹോട്ടൽവ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്വർണത്തിനും വജ്രത്തിനുമെല്ലാം പ്രത്യേക സമ്മാന പദ്ധതികൾ പ്രഖ്യാപിച്ചത് വ്യാപാരത്തിന് കുറെക്കൂടി ഉണർവ് നൽകുമെന്ന വിശ്വാസത്തിലാണ് ജ്യുവലറിക്കാരും.
സ്വന്തമായി ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചതിന്റെ ആവേശത്തിലാണിപ്പോൾ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വർഷമായിരുന്നു യു.എ.ഇ.ക്ക് ഇത്. സായിദ് വർഷമായ 2018-ന് പിന്നാലെ 2019 ഇനി സഹിഷ്ണുതാ വർഷമായിട്ടായിരിക്കും യു.എ.ഇ. കൊണ്ടാടുന്നത്. എല്ലാവിശ്വാസികൾക്കും അവരുടെ വിശ്വാസപ്രമാണത്തിനനുസരിച്ച് ജീവിക്കാൻ യു.എ.ഇ.യിൽ തടസ്സമേതുമില്ല. ലോകത്ത് പല രാജ്യങ്ങളിലും മതവും ജാതിയും മതിലുകൾതീർത്ത് അസഹിഷ്ണുതയും വിടവുകളും സൃഷ്ടിക്കുമ്പോഴാണ് യു.എ.ഇ. സഹിഷ്ണുതാവർഷംതന്നെ പ്രഖ്യാപിച്ച് ലോകത്തിനുമുന്നിൽ പുതിയൊരു മാതൃക സൃഷ്ടിക്കുന്നത്. 
ആദ്യമായി സന്തോഷത്തിനായി പ്രത്യേക മന്ത്രാലയം ഒരുക്കിയരാജ്യം ഇപ്പോൾ സഹിഷ്ണുതയും അവരുടെ മുഖമുദ്രയായി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു. യു.എ.ഇ. യിൽ ജീവിക്കുന്ന ലോകത്തിന്റെ എല്ലാഭാഗങ്ങളിൽ നിന്നുള്ളവരും ആ സഹിഷ്ണുത എത്രയോ വർഷമായി ഇവിടെ ആസ്വദിക്കുന്നുണ്ട്. അത് ഒരു വർഷാചരണമായി വരുന്നതിന് എത്രയോ മുമ്പ് തന്നെ അവർക്ക് അത് ജീവിതത്തിന്റെ ഭാഗമാണ്.
അത്തരത്തിൽ സന്തോഷത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ പാഠങ്ങൾ നൽകുന്ന പോറ്റമ്മനാടിന്റെ ഓരോ തുടിപ്പും പ്രവാസികൾക്ക് അവരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഈ നാട് എല്ലാവർക്കും പ്രിയങ്കരമാവുന്നത്. പുതുവർഷത്തിലെത്തുമ്പോൾ ജീവിതം കൂടുതൽ ആഹ്ലാദകരമാകട്ടെയെന്ന പ്രതീക്ഷയിലും പ്രത്യാശയിലുമാണ് എല്ലാവരും. തൊഴിലിടങ്ങളിലും വിപണിയിലുമെല്ലാമുള്ള ചില പ്രയാസങ്ങളും കാർമേഘങ്ങളും  പുതുവർഷത്തിൽ മായുമെന്നും തിളക്കമുള്ള ഒരു നാളെ എല്ലാവരെയും കാത്തിരിക്കുന്നുണ്ടെന്നുമുള്ള പ്രതീക്ഷയിലാണ് എല്ലാവരും. അത് ഇവിടെ മാത്രമല്ല, പ്രവാസികളുള്ള നാട്ടിലെ ഓരോവീട്ടിലും ആ പ്രാർഥനയും പ്രതീക്ഷയുമുണ്ട്.
 അത് കൂടുതൽ തിളക്കത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഈ പുതുവർഷത്തിൽ എല്ലാവരുടെയും ഉള്ളിലുള്ളത്. അതാവട്ടെ പുതുവർഷം നൽകുന്ന സമ്മാനം.
ഇങ്ങിനെയൊക്കെയാണെങ്കിലും യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം തിളക്കമുള്ള ദിനങ്ങൾ തന്നെയാണ് വരാനിരിക്കുന്നതെന്ന് ഭരണാധികാരികൾ അടിവരയിട്ടുപറയുന്നു. അതാകട്ടെ ഇവിടെ ജീവിക്കുന്ന ഓരോ പ്രജക്കും ഏറെ ആത്മവിശ്വാസവും പ്രതീക്ഷകളും സ്വപ്നങ്ങളും നൽകുന്നു. 
നിരവധി പദ്ധതികൾ, കൃത്യമായ ആസൂത്രണങ്ങൾ, നടത്തിപ്പിലെ കാര്യക്ഷമത, ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ യു.എ.ഇ. യുടെ വരും ദിനങ്ങൾ പ്രകാശപൂരിതമായിരിക്കുമെന്ന വിശ്വാസത്തിലാണ് എല്ലാവരും. അതാണ് ആഘോഷത്തിന് തിളക്കം കൂട്ടുന്നതും. പുതിയ വർഷത്തിൽ ആ ഉത്സാഹവും തിളക്കവും എന്നും നിലനിൽക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.