:ഫുജൈറയിലെ വരണ്ട മലമടക്കുകളിൽനിന്ന് വീശിയടിച്ച ചൂടുകാറ്റിന് വെള്ളിയാഴ്ച സ്നേഹത്തിന്റെ കുളിരുകൂടിയുണ്ടായിരുന്നു. മനുഷ്യസ്നേഹത്തിന്റെയും മതസൗഹാർദത്തിന്റെയും നനുത്ത സ്പർശം അതിലുണ്ടായിരുന്നു. 
ഒരു പ്രവാസി മലയാളിയുടെ ഹൃദയ വിശാലതയിൽനിന്ന് രൂപമെടുത്ത പള്ളിയുടെ കവാടങ്ങൾ വിശ്വാസികൾക്കായി തുറന്നപ്പോൾ അത് അവിടെ കൂടിനിന്നവർക്കെല്ലാം വലിയ, പുതിയ അനുഭാവമായി. രാഷ്ട്രത്തിന്റെയും മതത്തിന്റെയും അതിരുകളെല്ലാം മാഞ്ഞുപോയ വെള്ളിയാഴ്ചയുടെ സായാഹ്നം തുറന്നിട്ടത് സ്നേഹത്തിന്റെ പുതിയ അധ്യായങ്ങളാണ്.
കായംകുളം സ്വദേശിയായ സജി ചെറിയാൻ എന്ന പ്രവാസി വ്യവസായി  ഫുജൈറയിലെ അൽ ഹൈൽ ഭാഗത്ത് പുതുതായി രൂപമെടുത്ത തൊഴിലാളി കേന്ദ്രത്തിനടുത്തായി പണിതുകൊടുത്ത പള്ളിയാണ് എല്ലാവരും ചേർന്ന് വലിയ ആഘോഷമാക്കി തുറന്നുകൊടുത്തത്. മതനേതാക്കളും പൗരപ്രമുഖരും സാധാരണ തൊഴിലാളികളുമെല്ലാം ആ നിമിഷത്തിന് സാക്ഷികളായി. 13 ലക്ഷം ദിർഹം (2.40 കോടി രൂപയോളം) ചെലവിട്ട് പണിത പള്ളിയെക്കുറിച്ച് പ്രവാസി മലയാളിയായ സജി ചെറിയാന്റെ വാക്കുകൾ ഇങ്ങനെ. ‘‘ഞാൻ വലിയ പണക്കാരനൊന്നുമല്ല. പക്ഷേ, ഈ തൊഴിലാളികൾ പ്രാർഥനയ്ക്കായി എല്ലാ വെള്ളിയാഴ്ചയും ടാക്സിപിടിച്ച് നഗരത്തിലേക്ക് പോകുന്നത് ഞാൻ കാണാറുണ്ട്. ചെറിയ വേതനത്തിന് ഇവിടെ ജോലിചെയ്യുന്ന അവർക്ക് ഇത്തരത്തിൽ ഇരുപതും ഇരുപത്തഞ്ചും ദിർഹം ചെലവിടേണ്ടിവരുന്നത് വലിയ ബാധ്യതതന്നെ. അതിന് ഒരു പരിഹാരമായാണ് അവർക്കായി ഒരു പള്ളി പണിതുനൽകിയത്. ദൈവത്തിനുള്ള എന്റെ സമർപ്പണം പോലെയായി ഇതിനെ കണ്ടാൽ മതി.’

വളരെ ലളിതമായാണ് സജി ചെറിയാൻ തന്റെ പ്രവൃത്തിയെ വിവരിക്കുന്നത്. എന്നാൽ, ആ വാക്കുകളിൽ ആത്മാർഥതയുടെയും സ്നേഹത്തിന്റെയും വലിയൊരു കടലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കേട്ടവരെല്ലാം ആ വലിയ ദൗത്യത്തിന് ദൃക്‌സാക്ഷികളാവാൻ എത്തിയത്.  250 പേർക്ക് ഒന്നിച്ച് പ്രാർഥിക്കാനാവുന്ന സൗകര്യമുള്ള പള്ളി വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ്  വെള്ളിയാഴ്ച വൈകീട്ട് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. അടുത്തൊന്നും പള്ളികളില്ലാത്തതിനാൽ പത്ത് കിലോമീറ്ററോളം സഞ്ചരിച്ച് ഫുജൈറ നഗരത്തിലേക്ക്  പോയാണ് ഈ ഭാഗത്തെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾ പ്രാർഥന നിർവഹിച്ചിരുന്നത്. 
സാധാരണക്കാരായ തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും ഈ യാത്ര വലിയ സാഹസവും ചെലവേറിയതുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് സജി ചെറിയാൻ പള്ളി പണിയാനിറങ്ങിയത്.  സജിയുടെ ആഗ്രഹത്തെ കൗതുകത്തോടെയും ആവേശത്തോടെയുമാണ് മതകാര്യവകുപ്പിലെ സ്വദേശികളായ അധികൃതർ സ്വീകരിച്ചത്. 
സജിയുടെ സംരംഭത്തെക്കുറിച്ചറിഞ്ഞ പലരും സഹായം വാഗ്ദാനം ചെയ്തു. എന്നാൽ, ഈ സത്‌കർമം ഒറ്റയ്ക്കുതന്നെ നിർവഹിക്കാമെന്ന നിലപാടിലായിരുന്നു സജി ചെറിയാൻ. പള്ളിയിലെ പരവതാനിയും മൈക്ക് സെറ്റും എത്തിക്കുമെന്ന  ഔഖാഫിന്റെ വാഗ്ദാനം അവരുടെ താത്‌പര്യത്തിന്റെ തെളിവായിരുന്നു.
യു.എ.ഇ. എന്ന രാജ്യം വിശുദ്ധമായ ചിന്തകളെയും സ്നേഹത്തെയും എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അംഗീകരിച്ചിട്ടുണ്ട്. ആ രാജ്യത്തിനുള്ള തന്റെ സമർപ്പണം എന്നുകൂടി തന്റെ പ്രവൃത്തിയെ സജി വിശേഷിപ്പിക്കുന്നുണ്ട്. 
2003-ൽ പ്രവാസിയായി എത്തിയ സജി ചെറിയാൻ കഷ്ടപ്പാടിന്റെയും ജീവിതപ്രാരബ്ധങ്ങളുടെയും വേദനയറിഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് വലിയ സാമ്പത്തികക്കുരുക്കിൽ പെട്ടുപോയ അയാൾ അതിൽ നിന്നെല്ലാം കരകയറിയതും ഈ മണ്ണിൽ പണിയെടുത്തുതന്നെയായിരുന്നു. അങ്ങനെ ലഭിച്ച സമ്പാദ്യം മറ്റുള്ളവർക്കുകൂടി പങ്കുവെക്കണമെന്ന മോഹം സജി ചെറിയാൻ പങ്കുവെക്കുന്നു. അഞ്ചുവർഷംമുമ്പ് ദിബയിൽ ഒരു ക്രിസ്തീയ ദേവാലയം പണിത സജിയുടെ അടുത്ത മോഹം ഹിന്ദു സഹോദരന്മാർക്കായി ഒരു ക്ഷേത്രം പണിതുനൽകുക എന്നതാണ്. അനുമതി ലഭിച്ചാൽ അതിന് താൻ തയ്യാറെന്ന് അദ്ദേഹം പറയുന്നു. അതിനുശേഷവുമുണ്ട് അയാൾക്ക് ചില സ്വപ്നം. എല്ലാ മതക്കാർക്കും ഒരുപോലെ വന്നിരുന്ന് പ്രാർഥിക്കാവുന്ന ഒരിടമാണ് ആ സ്വപ്നം. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും വേലിക്കെട്ടുകളില്ലാത്ത എല്ലാ മനുഷ്യർക്കുമുള്ള ഒരു ആരാധനാലയം എന്ന് അതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. 
കുടുംബത്തിന് ജീവിക്കാനുള്ളതിനപ്പുറം വരാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി സമ്പാദിക്കുന്നതിലൊന്നും അർഥമില്ലെന്ന് സജി ചെറിയാൻ പറയുന്നു. ക്രിസ്തുമതവിശ്വാസിയായ തനിക്ക് അന്ത്യനിദ്രയ്ക്കുപോലും സ്വന്തമായി മണ്ണുവേണ്ടതില്ലെന്നും അയാൾ പറയും. ഇതൊന്നും വെറുംവാക്കുകളല്ലെന്ന് സജി ചെറിയാന്റെ പ്രവൃത്തികൾ അടിവരയിട്ട് പറയുന്നു. അതുകൊണ്ടുതന്നെയാണ് വെള്ളിയാഴ്ചത്തെ പള്ളിയുടെ ഉദ്ഘാടനത്തിന്   സാക്ഷിയാവാൻ എല്ലാ വിഭാഗക്കാരും നിറഞ്ഞ മനസ്സോടെ  ഓടിയെത്തിയത്. മഗ്‌രിബ് നിസ്കാരത്തിനായി  അവിടെ ഉയർന്ന ആദ്യത്തെ ബാങ്കൊലി  സ്നേഹത്തിന്റെ ഗാഥകളായി ലോകമാകെ വ്യാപിക്കട്ടെ. ലോകം അത് ഏറ്റുപാടട്ടെ.