: കൊച്ചി അറബിക്കടലിന്റെ റാണിയാണ്. കേരളത്തിന്റെ വാണിജ്യതലസ്ഥാനമെന്നും വിശേഷിപ്പിക്കാം. ഈന്തപ്പനയുടെ നാട്ടിൽ വിശേഷങ്ങൾ പറയുമ്പോൾ  കൊച്ചിക്ക് എന്ത്  കാര്യം എന്ന് സംശയിക്കാൻ വരട്ടെ. ഈ പ്രവാസലോകത്ത് നിന്നുള്ള ഒരു വ്യവസായിയുടെ വലിയൊരു സംരംഭം  അവിടെ ഉത്സവച്ഛായയിൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്തതിന്റ  ആവേശവും ആരവവും അടങ്ങിയിട്ടില്ല. അതുതന്നെയാണ്  പ്രവാസലോകത്തെ വലിയ വിശേഷവും.
 കൊച്ചി ബോൾഗാട്ടിയിൽ  ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററും നക്ഷത്രഹോട്ടലും പണികഴിപ്പിച്ച് ഉദ്ഘാടന വേളയിൽ  അദ്ദേഹം ലോകത്തോട് ഒരു ചോദ്യം ഉന്നയിച്ചിട്ടുണ്ട്. കേരളം വ്യവസായ നിക്ഷേപ സൗഹൃദം അല്ല എന്നാരാണ് പറഞ്ഞത് എന്നായിരുന്നു ആ ചോദ്യം. അങ്ങിനെയായിരുന്നെങ്കിൽ  ഇത്തരം സാഹസത്തിന് മുതിരുമോ എന്നും അദ്ദേഹം ചോദി
ക്കുന്നുണ്ട്. 
പ്രവാസി വ്യവസായി എം.എ. യൂസഫലിയാണ് കഥാപുരുഷൻ. ലോകത്തിന്റെ വിവിധ മേഖലകളിൽ ഒട്ടേറെ വ്യവസായ സംരംഭങ്ങൾ പടുത്തുയർത്തിയ യൂസഫലി സ്വന്തം നാട്ടിന് എന്ത് ചെയ്യാനാവും എന്ന ആലോചനയിൽ നിന്നാണ് ഇത്തരമൊരു സംരംഭത്തിന് ഇറങ്ങിത്തിരിച്ചതെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ എന്തിനും ഏതിനും വിവാദവും എതിർവാദങ്ങളും ഉയർത്തി കേരളത്തിന്റെ വികസനം തടയപ്പെടുന്നു എന്നതിന് ഒരു ഉത്തരം കൂടിയായിരിക്കും ആ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
പതിറ്റാണ്ടുകളായി മലയാളികളുടെ  സ്വപ്നഭൂമിയാണ് ഗൾഫ് നാടുകൾ. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയത് ഗൾഫ് പണമാണ്. എന്നാൽ കാലം മുന്നോട്ടുപോകുന്തോറും അവിടെ സാധ്യതകൾ കുറഞ്ഞുവരുന്നു എന്നത് യാഥാർഥ്യം. മനുഷ്യവിഭവശേഷിയുടെയും വൈദഗ്‌ധ്യത്തിന്റെയും ആത്മാർഥതയുടെയും കാര്യത്തിൽ മലയാളി എന്നും മുന്നിലാണ്. 
അവർക്ക് എന്തുകൊണ്ട് സ്വന്തം നാട്ടിൽത്തന്നെ അവസരങ്ങൾ ഉണ്ടാക്കിക്കൂടാ എന്നതും തന്റെ പദ്ധതിയുടെ ലക്ഷ്യത്തിൽപ്പെട്ടതാണെന്ന് യൂസഫലി പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ തന്നെ പരിസ്ഥിതി പ്രശ്നവും മറ്റും ഉയർത്തി ഈ പദ്ധതി വിവാദത്തിൽ പ്പെട്ടിരുന്നു. മനം മടുത്ത് പദ്ധതിയിൽനിന്ന് പിന്മാറാൻ ഒരു ഘട്ടത്തിൽ ആലോചിച്ചിട്ടുമുണ്ട്. എന്നാൽ അങ്ങിനെ പിന്മാറരുതെന്ന് ഉപദേശിച്ചവരായിരുന്നു ഏറെയുമെന്നതാണ് തന്നെ ലക്ഷ്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ഇപ്പോൾ ഓർത്തെടു
ക്കുന്നു. 
കേരളത്തിലെ ഏത് പദ്ധതിക്കും ഇത്തരത്തിൽ വിവാദങ്ങളുടെ അകമ്പടി സ്വാഭാവികമാണ്. അതിനിടയിലാണ് തിരിച്ചെത്തുന്ന പ്രവാസികൾ തുടങ്ങുന്ന സംരംഭങ്ങളോട് പല തലങ്ങളിലും കാണപ്പെടുന്ന എതിർപ്പുകൾ.  മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് പ്രവാസിയെ പിഴിയുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങൾ മുതൽ പലതരത്തിലുള്ള  എതിർപ്പുമായി എത്തുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾ വരെ ഇത്തരത്തിൽ പ്രവാസിക്ക് പലപ്പോഴും ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ട്. ഈയിടെ കൊല്ലത്ത് ഒരു പ്രവാസി ജീവനൊടുക്കിയതും ഇത്തരത്തിലുള്ള ചതിക്കുഴിയുടെയും പിഴിയലിന്റെയും ഭാഗമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്തായാലും കൊച്ചിയിൽ ശനിയാഴ്ച നടന്നത് വലിയൊരു സംരംഭത്തിന്റെ ഉദ്ഘാടനം മാത്രമല്ല, കേരളം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് നിക്ഷേപ സൗഹൃദമായ നാടാണെന്നുള്ള സന്ദേശം കൂടിയാണ് അത് നൽ
കുന്നത്. 
ടൂറിസം രംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ട്. പ്രകൃതികൊണ്ടും മനുഷ്യവിഭവ ശേഷി കൊണ്ടും കേരളം അക്കാര്യത്തിൽ സമൃദ്ധമാണ്. ഐ.ടി. മേഖലയും കേരളത്തിൽ കൂടുതൽ സജീവമാകേണ്ടതുണ്ട്. ടൂറിസം രംഗത്തെ തന്നെ പുതിയ മേഖലയായ മൈസ് ( മീറ്റിങ്, ഇൻസെന്റീവ്, കോൺഫറൻസ്, എക്സിബിഷൻ) എന്ന സംരംഭത്തിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പ് കൂടിയാണ് ഇത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോൺഫറൻസ് സംരംഭമാണിത്.  സിങ്കപ്പൂരിലേക്കും ശ്രീലങ്കയിലേക്കും കടന്നുപോവുന്ന ഇന്ത്യയിലെ  സമ്മേളനങ്ങളെ തിരിച്ചുപിടിക്കാനുള്ള ശ്രമം കൂടിയായി ഇതിനെ കാണാം. ഇത്തരം സമ്മേളനങ്ങളാകട്ടെ കൊച്ചിക്കും കേരളത്തിനും വലിയ വ്യാപാര വാണിജ്യ സാധ്യതകളാണ് തുറന്നുകൊടുക്കുന്നത്. ഇത്തരത്തിൽ ഈ സംരംഭം കേരളത്തിലെ ടൂറിസം മേഖലയുടെ ചരിത്രത്തിലെ തന്നെ വലിയ നാഴികക്കല്ലായി മാറും.
എം.എ. യൂസഫലി എന്ന പ്രവാസി വ്യവസായി കേരളത്തിന് നൽകിയ വലിയ സംരംഭവും പ്രചോദനവുമാണ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതി.  ഇതാകട്ടെ കേരളത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്കെല്ലാം വഴികാട്ടിയാവുന്ന പ്രവർത്തനം കൂടിയാണ്. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് ആരാണ് പറഞ്ഞതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ തന്നെ മറുപടി കൂടിയാണ്  ഈ സംരംഭം. അദ്ദേഹത്തിന്റെ പാതയിലേക്ക്, ചിന്താധാരയിലേക്ക് കൂടുതൽ പേർ കടന്നുവരുമെന്ന് പ്രത്യാശിക്കാം, അത് കേരളത്തിന് വലിയ അവസരങ്ങളായി മാറുമെന്നും 
പ്രതീക്ഷിക്കാം.