ഏതൊരു വിയോഗവും വേദനാജനകമാണ്. ജനിച്ചാൽ ഒരുനാൾ മരണം അനിവാര്യവുമായിരിക്കാം. എന്നാൽ, മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന വാചകത്തോട് എല്ലാ അർഥത്തിലും ചേർന്നുനിൽക്കുന്ന ഒരുവിയോഗമാണ് കഴിഞ്ഞദിവസം ഈ മണ്ണിലുണ്ടായത്.
പ്രവാസലോകം ഇപ്പോഴും വി.എം. സതീഷ് എന്ന മാധ്യമപ്രവർത്തകനെ ചൊല്ലി വിതുമ്പുന്നുണ്ട്. അത്രമേൽ സങ്കടപ്പെടുത്തിയൊരു വിയോഗമായിരുന്നു കൂട്ടുകാർക്ക് വി.എം.എസ്. എന്ന സതീഷ്. അയാൾ ഒരു മാധ്യമപ്രവർത്തകൻ മാത്രമായിരുന്നില്ല, ജീവകാരുണ്യപ്രവർത്തകനായിരുന്നു, പൊതുപ്രവർത്തകനായിരുന്നു, സാംസ്കാരികസദസ്സുകളിലെയും വേദികളിലെയും നിറസാന്നിധ്യവുമായിരുന്നു.
തൊഴിൽപരമായ ചില അസ്വസ്ഥതകൾ സതീഷിനെ അലട്ടിയിരുന്നു എന്നത് നേര്. പതിനെട്ടുവർഷത്തോളം യു.എ.ഇ. എന്ന ഭൂമികയിലിരുന്ന് അയാൾ മാധ്യമപ്രവർത്തനം നടത്തി. സാധാരണക്കാർക്കിടയിലൂടെ നടന്നു. അവരുടെ കണ്ണീരും കിനാവുകളും തൊട്ടറിഞ്ഞു.
അവർക്കായി തന്നാലാവുന്ന തണലൊരുക്കി. കാർ സ്വന്തമായി ഓടിച്ചുതുടങ്ങിയപ്പോഴാണ് പഴയതുപോലെ നടന്നുനീങ്ങാനാവാതിരുന്നതെന്ന് അയാൾ കുറ്റസമ്മതം നടത്തി. എന്നിട്ടും സാമ്പത്തികപ്രയാസങ്ങളാൽ ഉഴലുന്നവരെയും രോഗപീഡകളാൽ വലയുന്നവരെയും ചതിക്കുഴികളിൽ വീണുപോയവരെയും കണ്ടെത്തി വാർത്തയാക്കാൻ അയാൾക്ക് കഴിഞ്ഞു.
അത് കേവലം പത്രത്താളുകളിലെ വാർത്തകൾ മാത്രമായി ഒതുങ്ങാനോ ഒതുക്കാനോ അയാൾ സന്നദ്ധനായിരുന്നില്ല. അവർക്ക് സഹായം കിട്ടാനുള്ള വഴികളും സ്വയം അന്വേഷിച്ചു.
സതീഷിന്റെ പ്രവർത്തനങ്ങളിലെ സത്യം അറിയാവുന്നവരെല്ലാം അവർക്കായി കൈകൾ നീട്ടി. അങ്ങനെ ജീവിതം തിരിച്ചുപിടിച്ചവർ അനേകമുണ്ടായിരുന്നു. തന്റെ കാറിന്റെ പിൻസീറ്റിൽ ഇടയ്ക്കിടെ ഭക്ഷണപ്പൊതികൾ കരുതി, ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തു. വഴിയരികിൽനിന്ന് കാറിന് കൈകാണിച്ചവരെ, നിയമത്തിന് വിരുദ്ധമാണെന്നറിഞ്ഞുകൊണ്ടുതന്നെ അവർ ആരെന്നുപോലും നോക്കാതെ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഇങ്ങനെ സതീഷിനെപറ്റി അറിയുന്നതും അറിയാത്തതുമായ ഒരുപാട് കഥകൾ എല്ലാവർക്കും പറയാനുണ്ടായിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പത്രസമ്മേളനങ്ങളിൽപോലും സതീഷ് അസുഖകരമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. വ്യവസ്ഥകളോട് കലഹിച്ചും ശരിയല്ലെന്ന് തോന്നിയ കാര്യങ്ങളെ ചോദ്യംചെയ്തും പലർക്കും മുന്നിൽ അയാൾ ‘ധിക്കാരി’യായി. അക്കാര്യത്തിൽ പറയുന്ന ആളുടെ മഹിമയോ പദവിയോ സതീഷിന് വിഷയമായിരുന്നില്ല. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു.
ആ ചോദ്യങ്ങളും ചോദ്യകർത്താവുമാണ് കടന്നുപോയതെന്ന് മാധ്യമപ്രവർത്തകർക്ക് ഉൾക്കൊള്ളാനാവുന്നതുമില്ല. പലപ്പോഴും ചടങ്ങുകളായിമാറുന്ന അനുശോചനയോഗങ്ങളും സതീഷിന്റെ കാര്യത്തിൽ വ്യത്യസ്തമായിരുന്നു. കണ്ണീരിന്റെ നനവുപടർന്ന ഓർമകളായിരുന്നു എല്ലാവർക്കും പങ്കുവയ്ക്കാനുണ്ടായിരുന്നത്. കേവലമൊരു മാധ്യമപ്രവർത്തകന്റെ വിയോഗം എന്നതിനപ്പുറം തങ്ങളിലൊരാളുടെ, വീട്ടിലെ അംഗത്തിന്റെ വിയോഗം പോലെയായിരുന്നു സതീഷിന്റെ കാര്യം എല്ലാവർക്കും. അത്രമേൽ എല്ലാവരും അയാളെ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. സതീഷും അതുപോലെതന്നെ എല്ലാവരോടും ഇടപെട്ടു. അതിൽ വലുപ്പചെറുപ്പമുണ്ടായിരുന്നില്ല. വലിയ ഇംഗ്ലീഷ് പത്രത്തിന്റെ പ്രത്യേക ലേഖകനായിരുന്നപ്പോഴും തൊഴിൽരഹിതനായപ്പോഴും സതീഷിന് വ്യത്യാസമുണ്ടായിരുന്നില്ല.
മാധ്യമപ്രവർത്തനത്തിലെ നിലപാടുകൾ കാരണം പലപ്പോഴും അയാൾക്ക് പ്രയാസവും നേരിട്ടു. എങ്കിലും അതിനെയെല്ലാം മറികടക്കാനുള്ള പോരാട്ടവീര്യം അയാളിലുണ്ടായിരുന്നു. അതുകൊണ്ടുമാത്രമാണ് വീണ്ടും ഒരു ശ്രമവുമായി അയാൾ രണ്ടുദിവസംമുൻപ് യു.എ.ഇ.യിലെത്തിയത്. ഒരുപക്ഷേ, തന്റെ കർമമണ്ഡലമായിരുന്ന മണ്ണിൽവെച്ച് കൂട്ടുകാർക്കിടയിൽനിന്ന് മടങ്ങാനായി വിധി കരുതിവെച്ചതാവാം ഈ യാത്ര.
പ്രവാസലോകത്തെ ദുർബലമായ ജനതയുടെ ശബ്ദവും വേദനയുമായിരുന്നു സതീഷിന്റെ തൂലികയിലൂടെ പുറംലോകം അറിഞ്ഞത്. അസുഖകരമായ ചോദ്യങ്ങൾ തൊടുത്ത് പലരെയും അയാൾ അസ്വസ്ഥരാക്കി. പക്ഷേ, അപ്പോഴും എല്ലാവരുമായും സ്നേഹബന്ധം കാത്തുസൂക്ഷിക്കാനും അയാൾക്കായി. അയാളോട് മറുത്തുപെരുമാറാൻ അസ്വസ്ഥരായവർക്കും ആവുമായിരുന്നില്ല. അത്തരമൊരു പച്ചമനുഷ്യനെയാണ് നഷ്ടമായിരിക്കുന്നത്. കുടുംബത്തിന്റെ നഷ്ടത്തിനൊപ്പം അത് പ്രവാസലോകത്തിന്റെയും നഷ്ടമാണ്. ശരിയായ, മുനയുള്ള ചോദ്യങ്ങൾ കൂടിയാണ് ഇല്ലാതായത്. പ്രിയസ്നേഹിതന് കണ്ണീർപ്പൂക്കളോടെ വിട.