ദേശീയദിനാഘോഷത്തിന്റെ ആരവങ്ങളിലാണ് ഇപ്പോഴും യു.എ.ഇ. നവംബർ മുപ്പതിന് രക്ഷസാക്ഷി ദിനാചരണവും ഡിസംബർ രണ്ടിനുള്ള ദേശീയദിനാഘോഷവും യു.എ.ഇ.യിൽ സ്വദേശികളെപ്പോലെ തന്നെയാണ് പ്രവാസികളും നെഞ്ചിലേറ്റുന്നത്. 
  രണ്ടിനും വൈകാരികമായ അംശങ്ങളുമുണ്ട്. തുടർച്ചയായി കിട്ടിയ അവധികളാകട്ടെ ദേശീയദിന ആഘോഷത്തിന് പൊലിമ കൂട്ടുന്നു. പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചും യാത്രകൾ നടത്തിയുമൊക്കെ ആഘോഷത്തിന് പൊലിമ കൂട്ടാനുള്ള ശ്രമത്തിലാണ് എല്ലാവരും.  
യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം ഇപ്പോൾ  ദേശീയദിനാഘോഷത്തിന് പതിവില്ലാത്ത വിധത്തിലുള്ള വൈകാരികതയുണ്ട്. നവംബർ മുപ്പതിനുള്ള രാജ്യത്തിന്റെ രക്തസാക്ഷി ദിനം തന്നെയായിരുന്നു ആ വൈകാരികതയ്ക്ക് അടിസ്ഥാനം. 

 രാജ്യത്തെ ആദ്യ രക്തസാക്ഷിയുടെ ഓർമയാണ് നവംബർ 30 രക്തസാക്ഷി ദിനത്തിനായി തിരഞ്ഞെടുത്തത്. യമനിൽ സമാധാനം പുനഃസ്ഥാപിക്കാനായി സഖ്യസേനയിൽ അണിനിരന്ന യു.എ.ഇ. സൈനികരിൽ രക്തസാക്ഷികളായവരോടുള്ള ആദരവ് കൂടി ഇതിനോട് ചേർന്നപ്പോൾ രാജ്യം നെഞ്ചിലേറ്റിയ വികാരമായി മാറി അത്. മറ്റൊരു രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരെ യു.എ.ഇ. ജനതയും ഗവർമ്മെണ്ടും അത്രയേറെ വിലമതിക്കുന്നു എന്നതായിരുന്നു രക്തസാക്ഷിദിനത്തിലെ കാഴ്ചകൾ തെളിയിച്ചത്. രാജ്യത്തിനും സമാധാനത്തിനും വേണ്ടി എന്തുത്യാഗത്തിനും സന്നദ്ധരാവാൻ എല്ലാവരും സ്വയം ആഹ്വാനം ചെയ്യുന്ന കാഴ്ച ആവേശകരമായിരുന്നു. പോറ്റമ്മ നാട്ടിനോട് പ്രവാസികളും അതേ വികാരത്തോട് അണി ചേർന്നതും ശ്രദ്ധേയമായി.
യു.എ.ഇ. യുടെ നാൽപ്പത്തിയാറാം ദേശീയദിനമാണ് ആഘോഷിക്കപ്പെടുന്നത്. ഒരു ദേശത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ 46 വർഷം എന്നത് അത്രവലിയ കാലഘട്ടമല്ല. 
മരുഭൂമിയായിരുന്ന ഒരു ദേശത്തെ ഇന്ന് കാണുന്ന പുരോഗതിയിലും ആഹ്ലാദത്തിലും എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ചെറിയ ആ കാലത്തെപ്പോലും മഹത്തായ കാര്യമായി ലോകം കാണുന്നത്. യു.എ.ഇ. യുടെ ഓരോ ദേശീയദിനാഘോഷത്തിലും ഇവിടെയുള്ള ലോകത്തിലെ എല്ലാ ജനവിഭാഗങ്ങളും അണിചേരുന്നത് ഈ രാജ്യം അവർക്ക് നൽകുന്ന സന്തോഷവും സമാധാനവും ഐശ്വര്യവും കണക്കിലെടുത്തുതന്നെയാണ്. 
  പശ്ചിമേഷ്യയിൽ പലേടത്തും അസ്വസ്ഥതകളും അപസ്വരങ്ങളും ഉയരുന്ന ഘട്ടത്തിലാണ് മികച്ച സാഹോദര്യത്തിന്റൈയും സമാധാനത്തിന്റെയും പ്രതീകമായി യു.എ.ഇ. നിലകൊള്ളുന്നത്. ഇരുനൂറോളം രാജ്യങ്ങളിലുള്ളവരാണ് യു.എ.ഇ.യിൽ , വിശേഷിച്ച് ദുബായിൽ അധിവസിക്കുന്നത്. അവരെല്ലാം സ്വന്തം രാജ്യത്തിന്റെ ദേശീയദിനം പോലെയാണ് യു.എ.ഇ. യുടെ ആഘോഷത്തെയും ഏറ്റുവാങ്ങിയത്. ഈ രാജ്യത്തോട് അവർക്കുള്ള മമതയും ആദരവുമാണ് ആ സന്തോഷത്തിന്റെ കാതൽ.
നാൽപ്പത്തിയാറ് വർഷം എന്നത് കഠിനാദ്ധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും കൂടി കാലമായിരുന്നു. മുത്ത് മുങ്ങിയെടുത്തും കടലിൽ മീൻ പിടിച്ചും ചെറിയ വ്യാപാരം നടത്തിയുമൊക്കെ ജീവിച്ചുപോന്ന ഒരു ജനതയെ ഇന്ന് ലോകത്തെ ഏറ്റവും മികച്ച വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തിയതിന് പിന്നിൽ ഭരണാധികാരികളുടെ ദീർഘവീക്ഷണം തന്നെയായിരുന്നു പ്രധാനം. എല്ലാ വിഭാഗം ജനങ്ങളെയും സന്തോഷത്തോടെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ അണിനിരത്താനായതാണ് അതിൽ പ്രധാനം.
 ഇപ്പോൾ നൂറാംവർഷത്തെക്കുറിച്ചാണ് യു.എ.ഇ. രാഷ്ട്രനേതൃത്വം ആലോചിക്കുന്നത് എന്നതുതന്നെ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെ മികച്ച ഉദാഹരണമാണ്. എണ്ണയുടെ സമ്പത്തിൽ അധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയെ മാറ്റിനിർത്തിക്കൊണ്ടാണ് യു.എ.ഇ. പുതിയ പരീക്ഷണങ്ങൾക്ക് ഒരുങ്ങിയത്. അതാകട്ടെ മറ്റ് ഗൾഫ് നാടുകളും ഏറ്റെടുത്തിരിക്കുന്നു.
  രാഷ്ട്രത്തിന് നൂറ് വർഷം തികയുമ്പോൾ ചൊവ്വ ഗ്രഹത്തിൽ ഒരു നഗരം തന്നെ പണിയുന്നതിനെക്കുറിച്ചാണ് യു.എ.ഇ. യുടെ നേതൃത്വം ആലോചിക്കുന്നത്. ബഹിരാകാശ സംരംഭങ്ങളൊക്കെ രാഷ്ട്രം ഏറെ താത്‌പര്യത്തോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഏത് പരിഷ്കരണ നടപടികളുടെയും കാതൽ ജനങ്ങളുടെ സന്തോഷമാണ് എന്നതാണ് രാഷ്ട്രനേതാക്കളുടെ പ്രഖ്യാപനം. രാജ്യം അമ്പതാം ദേശീയദിനം ആഘോഷിക്കുമ്പോഴേക്കും ബഹിരാകാശ ദൗത്യം എന്ന സ്വപ്നം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 
 നൂതനമായ ശാസ്ത്ര സാങ്കേതിക സങ്കേതങ്ങളിലൂന്നിയുള്ള സാമ്പത്തിക വ്യവസ്ഥയാണ് രാജ്യം വിഭാവനംചെയ്യുന്നത്. 2020-ൽ ദുബായ് ആതിഥേയ നഗരമാവുന്ന എക്സ്‌പോ 2020 യുടെ  ഒരുക്കങ്ങളും ചിട്ടയോടെ പുരോഗമിക്കുന്നുണ്ട്. എല്ലാം സൂചിപ്പിക്കുന്നത്  ഇനിയുള്ള വർഷങ്ങൾ യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാവുന്നു എന്നാണ്. എക്സ്‌പോ നഗരിയിലേക്ക് പുതിയ മെട്രോ ലൈൻ, ദുബായ് സൗത്ത് എന്ന പുതിയ നഗരത്തിന്റെ വികസനം, പുതിയ വിമാനത്താവളത്തിന്റെ പ്രവർത്തനം, പ്രഖ്യാപിക്കപ്പെട്ട നിരവധി പദ്ധതികൾ എന്നിവയെല്ലാം പല ഘട്ടങ്ങളിലാണ്. അവ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ. 
ഇതോടൊപ്പം അറബ് മേഖലകളെ സംയോജിപ്പിക്കുന്ന റെയിൽപ്പാതകളുടെ നിർമാണവും പല രാജ്യങ്ങളിലായി പുരോഗമിക്കുന്നു. ഖത്തറുമായുള്ള ചില നയതന്ത്ര പ്രശ്നങ്ങൾ ഇതിനിടയിൽ ഗൾഫ് മേഖലയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിലും അതെല്ലാം സഹോദര രാജ്യങ്ങൾ തമ്മിലുള്ള കൊച്ചുകൊച്ചു പിണക്കങ്ങളായി വൈകാതെ പരിഹരിക്കപ്പെടുമെന്ന വിശ്വാസം എല്ലാവരും വെച്ചുപുലർത്തുന്നുണ്ട്.  
 അതുപോലെ തന്നെയാണ് എണ്ണയുടെ വിലയിടിവ് ആസൂത്രണത്തിലും പ്രയോഗത്തിലും ഉണ്ടാക്കുന്ന  ചില പ്രയാസങ്ങൾ. എങ്കിലും അതിനെ അതിജീവിക്കാനുള്ള കരുത്തും സമ്പത്തും എല്ലാ രാജ്യങ്ങൾക്കുമുണ്ട്. സമാധാനത്തിനായി അവർ പ്രയത്നിക്കുന്നതും അതിനാലാണ്. 
 അതിനായി അവർ സമർപ്പിച്ച ധീരരക്തസാക്ഷികളുടെ ഓർമകളും കൂടൂതൽ കരുത്താവുന്നു. തിളക്കമാർന്ന ദേശീയവികാരത്തോടെ രാജ്യം മുന്നോട്ടുകുതിക്കുകയാണ്. അതിനായി പ്രവാസിസമൂഹവും അവരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു. ദേശീയദിനത്തിലെ ഒരോ ആഘോഷവും കൂട്ടായ്മയുടെ ആ കരുത്താണ് പ്രദർശിപ്പിച്ചത്. നല്ല നാളേക്കായി ആ കരുത്തും കൂട്ടായ്മയും എന്നും നിലനിൽക്കണം.