ങ്ങനെ  ഒരു പുസ്തകമേളയ്ക്കുകൂടി തിരശ്ശീല വീണു. പ്രഭാഷണങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, പുസ്തകപ്രകാശനങ്ങൾ, ആവേശം നിറഞ്ഞ പുസ്തകവിൽപ്പനശാലകൾ... മലയാളിക്ക് നാട്ടിൽ ഒരിക്കലും കാണാനാവാത്ത ദൃശ്യങ്ങളാണ് ശനിയാഴ്ച സമാപിച്ച മുപ്പത്തിയാറാമത് പുസ്തകമേളയും സമ്മാനിച്ചത്. ഓർമച്ചെപ്പിൽ സൂക്ഷിക്കാൻ നല്ലകാഴ്ചകൾ പതിനൊന്നുദിവസവും പുസ്തകപ്രേമികൾക്കും വായനക്കാർക്കും നൽകിയാണ് ഇത്തവണയും ഷാർജയുടെ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചത്. 25 ലക്ഷം പേരെങ്കിലും  ഇത്തവണ മേളയിലെത്തി എന്നാണ് ഏകദേശകണക്ക്. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് സന്ദർശകരുടെ കൈകളിലൂടെ വീടുകളിലെ പുസ്തകക്കൂട്ടങ്ങളിലേക്ക് എത്തിയത്.
 
നാട്ടിലെ ഉത്സവത്തിനോ തെയ്യത്തിനോ  പെരുന്നാളിനോ കാത്തിരിക്കുന്നതുപോലെ ഇപ്പോൾ പ്രവാസികളുടെ മനസ്സിലെ കലണ്ടറുകളിൽ പുസ്തകോത്സവത്തിനായും കാത്തിരിപ്പുണ്ട്.  ഇനി അടുത്ത നവംബറിലേക്കുള്ള കാത്തിരിപ്പാണ്. പ്രവാസികളുടെ ഈ മണ്ണിലെ ഏറ്റവുംവലിയ ഉത്സവമായി ഇതിനകം പുസ്തകോത്സവം വളർന്നുകഴിഞ്ഞിട്ടുണ്ട്.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തിയഞ്ഞൂറിലേറെ പ്രസാധകർ, എണ്ണിയാൽ തീരാത്ത പുസ്തകങ്ങൾ..അതെല്ലാം കാണാനും പുസ്തകങ്ങൾ സ്വന്തമാക്കാനുമായി തടിച്ചുകൂടുന്ന പുരുഷാരം. ഇതാണ് ഷാർജ പുസ്തകോത്സവത്തെ എക്കാലവും ശ്രദ്ധേയവും വ്യത്യസ്തവുമാക്കുന്നത്. ലോകത്തിൽ ഇപ്പോൾ  മൂന്നാംസ്ഥാനത്താണ് ഈ പുസ്തകോത്സവത്തിന്റെ നിൽപ്പ്. ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഫ്രാങ്ക്ഫുർടും രണ്ടാംസ്ഥാനത്തുള്ള ലണ്ടനും ഹാളുകൾ വെട്ടിക്കുറയ്ക്കുമ്പോൾ ഇത്തവണ ഷാർജയിൽ പുസ്തകപ്രസാധകർക്കായി പുതിയൊരു ഹാളാണ് സജ്ജീകരിച്ചത്. അനുബന്ധ സാംസ്കാരികപരിപാടികൾ അവതരിപ്പിക്കാൻ രണ്ട് താത്‌കാലിക ഹാളുകളും സജ്ജമാക്കി. 
ഓരോവർഷം പിന്നിടുന്തോറും കൂടുതൽ പ്രശസ്തിയിലേക്കും വൈപുല്യത്തിലേക്കും കുതിക്കുന്ന പുസ്തകോത്സവത്തിന്റെ താങ്ങും തണലും ഷാർജ  ഭരണാധികാരിയായ ശൈഖ്  ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമിയാണ്. പുസ്തകമേളയും ബിനാലെയുമെല്ലാം ചേർന്ന് ഷാർജയെ  അറബ് ലോകത്തിന്റെ  സാംസ്കാരികകേന്ദ്രമായി ഇതിനകം മാറ്റിക്കഴിഞ്ഞു അദ്ദേഹം. ഓരോ വർഷവും പുതിയ പുതിയ  പ്രസാധകർ ഷാർജമേളയിലെത്തുന്നു.  അവർക്കും ഷാർജ പുതിയ അനുഭവമാണ്. അയൽരാജ്യങ്ങളിൽനിന്ന് ധാരാളംപേർ  ഇത്തവണയും പുസ്തകങ്ങൾ വാങ്ങാനായെത്തി.  അറബ്, ഇന്ത്യൻ പവലിയനുകളിലായിരുന്നു പതിവുപോലെ ഇത്തവണയും  ഏറെതിരക്ക്.
 
ഇന്ത്യൻ പവലിയൻ എന്നുപറഞ്ഞാൽ കേരളത്തിന്റെ, മലയാളത്തിന്റെ പവലിയൻ എന്നുവിശേഷിപ്പിച്ചാലും അധികമാവില്ല. ചില സായാഹ്നങ്ങളിൽ പുസ്തകം വാങ്ങാനും കാണാനുമായി ക്യൂനിൽക്കുകയായിരുന്നു പ്രവാസിമലയാളികൾ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റെക്കോഡ് ജനക്കൂട്ടം. മലയാളത്തിൽ നിന്നെത്തിയ എഴുത്തുകാരെ കേൾക്കാനും വൻ ജനാവലിയാണ് എത്തിയത്. കേരളത്തിൽ ഒരിടത്തുപോലും ഇങ്ങനെയൊരു തിരക്കോ ജനപങ്കാളിത്തമോ പുസ്തകമേളയിൽ കാണാൻ കഴിയില്ല എന്ന്  ഓരോവർഷവും ഇവിടെയെത്തുന്ന അതിഥികളായ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും എടുത്തുപറയുന്നു. 
 
പുസ്തകം വാങ്ങാനെത്തുന്ന പ്രവാസികളും അത് സമ്മതിക്കുന്നു. നാട്ടിലായിരിക്കുമ്പോൾ പുസ്തകശാലകളിൽ പോകാത്തവർപോലും ഇവിടെ ഒറ്റയ്ക്കും കുടുംബവുമായി മേളയിലേക്ക് എത്തുന്നു. പ്രഭാഷണങ്ങൾ കേൾക്കുന്നു. പുസ്തകങ്ങൾ മാറോടുചേർത്ത് കൊണ്ടുപോകുന്നു. ഇങ്ങനെ ഒരാവേശം എങ്ങനെ രൂപപ്പെട്ടുവെന്ന്  ഓർത്ത് അവർ സ്വയം അദ്‌ഭുതപ്പെടുന്നു. 
 
ഗൃഹാതുരത്വത്തിന്റെ പതിവ്  രചനാസങ്കേതങ്ങളിൽനിന്ന്  പ്രവാസിമലയാളിയുടെ എഴുത്തും വായനയും സർഗാത്മകമായി എത്രയോ ഉയർത്തി എന്നതുകൂടി ഷാർജ പുസ്തകോത്സവം വിളിച്ചുപറയുന്നു. ഏറെ പുസ്തകങ്ങൾ പ്രവാസികളുടേതായി ഇത്തവണ പ്രകാശനം ചെയ്യപ്പെട്ടു.  അവയിൽപലതും ഏറെ ചർച്ചചെയ്യപ്പെടാൻ സാധ്യതയുള്ളവ തന്നെ. 
ജീവിതം കരുപ്പിടിപ്പിക്കാൻവേണ്ടി കടൽ കടന്നെത്തിയ മലയാളികൾക്ക് ഭാഷയും കേരളത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും  സംസ്കാരവുമൊക്കെ എത്രയും വിലപിടിച്ചതാണെന്ന് ഇവിടെ നടക്കുന്ന ഓരോ പരിപാടിയും വിളിച്ചുപറയുന്നുണ്ട്. എഴുത്തും വായനയും ഒരു സംഘം ബുദ്ധിജീവികളുടേതുമാത്രമല്ല എന്നും അവർ നമ്മോടുപറയാതെ പറയുന്നു.
ഷാർജ പുസ്തകമേളയ്ക്ക് കൊടിയിറങ്ങുമ്പോൾ തിളങ്ങിനിൽക്കുന്നത് ഒരേയൊരാൾതന്നെ. ഈ അക്ഷരസദ്യ ഒരുക്കിയ ഷാർജ ഭരണാധികാരിയോട് നാം കടപ്പെടുക കൂടിയാണ്. ഏതുമേളയും  വ്യാപാരത്തിന്റെ കൂടി കണക്കുകൾ പറയുന്നതാണ്. പക്ഷേ,  അങ്ങനെയൊരു കണക്കുകൂട്ടൽ തുടക്കംമുതൽ ഇല്ലായിരുന്നു എന്നിടത്താണ് ഷാർജ പുസ്തകമേളയുടെ വിജയം. എന്നിട്ടും ഓരോ  മേളയും വലിയ ബിസിനസ്സിന്റെ കണക്കുകളാണ് പറയുന്നത്. ഇക്കുറിയും സന്ദർശകരുടെയും വിൽപ്പനയുടെയും കാര്യത്തിൽ റെക്കോഡുകൾ  മറികടക്കും എന്നാണ് സൂചനകൾ.
 
മാതൃഭൂമിക്കും മുപ്പത്തിയാറാമത് മേള വലിയ ആവേശം നൽകിയതായിരുന്നു. മേളയുടെ ഈ വർഷത്തെ മികച്ച അന്താരാഷ്ട്ര പ്രസാധകർക്കുള്ള പുരസ്കാരത്തിന് അർഹമായത് മാതൃഭൂമിയാണ്.  94 വർഷം പിന്നിടുന്ന മാതൃഭൂമിയുടെ ചരിത്രത്തിലെ സുവർണ ഏടായി ഈ പുരസ്കാരം മാറിക്കഴിഞ്ഞു. ഷാർജ ഭരണാധികാരിയിൽനിന്ന് മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ മലയാളത്തിനുകിട്ടിയ അംഗീകാരം കൂടിയായി അത് മാറി. ഈ പുരസ്കാരത്തിന് അർഹമാവുന്ന ആദ്യത്തെ ഇന്ത്യൻ മാധ്യമസ്ഥാപനമാണ് മാതൃഭൂമി എന്നത് നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.
 
മാതൃഭൂമിയും ക്ലബ്ബ് എഫ്.എം. 99.6 ഉം ചേർന്ന് ഒരുക്കിയ ഖിത്താബ് എന്ന സാഹിത്യപുസ്തകത്തിന്റെ പ്രകാശനവും ഏറെ ശ്രദ്ധേയമായി. പ്രവാസലോകത്തെ എഴുത്തുകാരുടെ വലിയ നിരയെത്തന്നെ  വേദിയിലെത്തിച്ച് തയ്യാറാക്കിയ ഖിത്താബ് മേളയുടെ ഭാഗമായി ചരിത്രത്തിലിടംപിടിച്ചതും ‘മാതൃഭൂമി’ക്ക് അഭിമാനനിമിഷമാവുന്നു.