കാത്തിരിപ്പിന് വിരാമമാവുന്നു, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം.  നവംബർ ഒന്ന് മലയാളത്തിനും കേരളത്തിനും സവിശേഷമായ ദിവസമാണ്. കേരളപ്പിറവി എന്ന് നാം ആ ദിവസത്തെ പേരിട്ട് വിളിക്കും. എന്നാൽ ഗൾഫ് നാടുകളിലുള്ള മലയാളികൾക്കെല്ലാം ഈ നവംബർ ഒന്നിന് കേരളപ്പിറവി മാത്രമല്ല വിശേഷം. വാക്കുകളും ആശയങ്ങളും പൂത്തുലയുന്ന പുസ്തകങ്ങളുടെ മേളയ്ക്ക് കൊടി ഉയരുന്ന ദിവസം കൂടിയാണത്. 
   ഷാർജ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കാത്തിരിക്കുന്ന പ്രവാസികൾക്ക് വീണ്ടും ആഹ്ലാദത്തിന്റെ ദിനങ്ങളാണ്. ഷാർജ പുസ്തകോത്സവത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തക പ്രസാധകരെത്തുന്നു.    തുടക്കം മുതൽ ഈ അക്ഷരവസന്തത്തിന് നേതൃത്വം നൽകുന്നത് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ അൽ ഖാസിമി തന്നെ. അദ്ദേഹത്തിന്റെ ഏറ്റവും അഭിമാനകരമായ സംഭാവനയായ പുസ്തകോത്സവം ഇതിനകം ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ മേളയായി വിശേഷിപ്പിക്കപ്പെടുന്നു. എല്ലാ നവംബർ മാസത്തെയും ആദ്യത്തെ ബുധനാഴ്ച തുടങ്ങി രണ്ടാമത്തെ ശനിയാഴ്ച അവസാനിക്കുന്ന തരത്തിൽ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന ഷാർജ പുസ്തകോത്സവം ലോകത്തിലെ തന്നെ എല്ലാ പ്രസാധകരുടെയും എഴുത്തുകാരുടെയും പ്രിയപ്പെട്ട മേള കൂടിയാണ്. നാട്ടിലെ ഉത്സവത്തിനോ തെയ്യത്തിനോ പെരുന്നാളിനോ കാത്തിരിക്കുന്നതുപോലെ ഇവിടെ  പ്രവാസികളുടെ മനസ്സിലെ കലണ്ടറുകളിലും പുസ്തകോത്സവം എന്നേ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. 
 
കഴിഞ്ഞവർഷം 20 ലക്ഷത്തോളം സന്ദർശകർ മേളയിലെത്തി എന്നാണ് ഏകദേശ കണക്ക്. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് സന്ദർശകരുടെ കൈകളിലൂടെ വീടുകളിലെ പുസ്തകക്കൂട്ടങ്ങൾക്കൊപ്പം എത്തിയത്. ഇത്തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകർ, എണ്ണിയാൽ തീരാത്ത പുസ്തകങ്ങൾ. അതെല്ലാം കാണാനും പുസ്തകങ്ങൾ സ്വന്തമാക്കാനുമായി തടിച്ചുകൂടുന്ന പുരുഷാരം. ഇതാണ് എക്കാലത്തും  ഷാർജ പുസ്തകോത്സവത്തെ ശ്രദ്ധേയവും വ്യത്യസ്തവുമാക്കുന്നത്.    ഓരോ വർഷം പിന്നിടുന്തോറും കൂടുതൽ പ്രശസ്തിയിലേക്കും വൈപുല്യത്തിലേക്കും കുതിക്കുന്ന പുസ്തകോത്സവത്തിന്റെ താങ്ങും തണലും ഷാർജ ഭരണാധികാരിയായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ്. പുസ്തകമേളയും ബിനാലെയുമെല്ലാം ചേർന്ന് ഷാർജയെ  അറബ് ലോകത്തിന്റെ തന്നെ സാംസ്കാരിക കേന്ദ്രമായി ഇതിനകം  അദ്ദേഹം മാറ്റിക്കഴിഞ്ഞു. ഓരോ വർഷവും പുതിയ പുതിയ പ്രസാധകരും പുസ്തകപ്രേമികളും ഷാർജ മേളയിലെത്തുന്നു. അവർക്കും ഷാർജ പുതിയ അനുഭവമായിരുന്നു. അയൽ രാജ്യങ്ങളിൽനിന്നുപോലും ധാരാളം പേർ  പുസ്തകങ്ങൾ വാങ്ങാനായി എത്തുന്നു. 
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രാങ്ക് ഫർട്ട് മേളയും തൊട്ടുപിന്നിലുള്ള ലണ്ടൻ മേളയും മോസ്കോ മേളയുമെല്ലാം പതിയെ ചുരുങ്ങി വരുന്നതിനിടയിലാണ് ഷാർജയുടെ വളർച്ച പരിശോധിക്കേണ്ടത്. മേൽപറഞ്ഞ മേളകളിലെല്ലാം ഈ വർഷം ഒന്നും രണ്ടും ഹാളുകൾ ഇല്ലാതായി. നടത്തിപ്പ് ചെലവും പങ്കാളിത്തത്തിലെ കുറവും തന്നെ കാരണം. എന്നാൽ ഇത്തവണ ഷാർജ പുതിയൊരു ഹാൾ കൂടി പണിതാണ് മേളയിലെത്തിയവരെ സ്വീകരിക്കുന്നത്. പുസ്തകോത്സവത്തിന്റെ അനുബന്ധ പരിപാടികൾ നടത്താൻ വേറെ രണ്ട് ഹാളുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട് ഇത്തവണ ഷാർജ.
   പുതുതായി സംവിധാനം ചെയ്തിരിക്കുന്ന ഏഴാംനമ്പർ ഹാളിലാണ് ഇത്തവണ ഇന്ത്യയിൽ നിന്നുള്ള പ്രധാന പ്രസാധകരെയെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യൻ പവിലിയൻ എന്ന് പറഞ്ഞാൽ   കേരളത്തിന്റെ, മലയാളത്തിന്റെ പവിലിയൻ എന്ന് വിശേഷിപ്പിച്ചാലും അധികമാവില്ല. വാരാന്ത്യങ്ങളിൽ പുസ്തകം വാങ്ങാനും കാണാനുമായി ക്യൂനിൽക്കുന്ന  പ്രവാസി മലയാളികൾ ഷാർജയിലെ പതിവ് കാഴ്ചയാണ്. മലയാളത്തിൽ നിന്നെത്തിയ എഴുത്തുകാരെ കേൾക്കാനും വൻ ജനാവലിയാണ് എത്താറുള്ളത്. കേരളത്തിൽ ഒരിടത്തു പോലും ഇങ്ങനെയൊരു തിരക്കോ ജനപങ്കാളിത്തമോ പുസ്തകമേളയിൽ കാണാൻ കഴിയില്ല എന്ന്  ഓരോ വർഷവും ഇവിടെയെത്തുന്ന അതിഥികളായ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും  എടുത്തുപറയാറുണ്ട്. പുസ്തകം വാങ്ങാനെത്തുന്ന പ്രവാസികളും അത് സമ്മതിക്കും. നാട്ടിലായിരിക്കുമ്പോൾ പുസ്തകശാലകളിൽ പോകാത്തവർ പോലും ഇവിടെ ഒറ്റക്കും കുടുംബവുമായി മേളയിലേക്ക് എത്തുന്നു. പ്രഭാഷണങ്ങൾ കേൾക്കുന്നു. പുസ്തകങ്ങൾ മാറോട് ചേർത്തുവെച്ച് കൊണ്ടുപോകുന്നു. ഇങ്ങനെ ഒരാവേശം എങ്ങനെ രൂപപ്പെട്ടുവെന്ന് ഓർത്ത് അവർ പോലും അദ്ഭുതപ്പെടുന്നു. 
    ഗൃഹാതുരത്വത്തിന്റെ പതിവ് രചനാസങ്കേതങ്ങളിൽനിന്ന് പ്രവാസി മലയാളിയുടെ എഴുത്തും വായനയും സർഗാത്മകമായി എത്രയോ ഉയരത്തിലേക്ക് മാറിയിരിക്കുന്നു എന്ന് ഷാർജ പുസ്തകോത്സവം ഏതാനും വർഷങ്ങളായി നമ്മോട് പറയുന്നുണ്ട്. 
 
കേരളത്തിൽനിന്ന് മാറിനിൽക്കുമ്പോൾ മലയാള ഭാഷയോട് അവർ എത്രമാത്രം പ്രിയം പ്രകടിപ്പിക്കുന്നു എന്നതിന്റെ കൂടി ദിശാസൂചികയായിരുന്നു പുസ്തകമേളയിലെ ഈ നിറസാന്നിധ്യം. നിരവധി പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഷാർജ പുസ്തകോത്സവത്തിൽ വെച്ച് പ്രകാശിപ്പിക്കപ്പെടുന്നത്. ഇവയിലെല്ലാം സജീവ സദസ്സായി എത്തുന്ന വലിയൊരു സംഘം മലയാളികളും മേളയുടെ സ്ഥിരം ഭാഗമാണ്. ഇത്തവണയും നൂറോളം പുസ്തകങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഏത് മേളയും വ്യാപാരത്തിന്റെ കൂടി കണക്കുകൾ പറയുന്നതാണ്. പക്ഷേ, അങ്ങനെയൊരു കണക്കുകൂട്ടൽ തുടക്കം മുതൽ ഷാർജയ്ക്ക് ഇല്ലായിരുന്നു എന്നിടത്താണ് ഷാർജ പുസ്തകമേളയുടെ വിജയം. എന്നാൽ ഒരിക്കൽ പോലും വിൽപ്പനയുടെ കാര്യത്തിൽ ഷാർജ പിന്നോക്കം പോകാറുമില്ല. ആ മേളയ്ക്ക് തിരശ്ശീല ഉയരുകയാണ്. ആരവം ഉയരുകയായി. ഇനി വായനാവസന്തത്തിൽ അഭിരമിക്കാം.