ഈ വാരാന്ത്യം യു.എ.ഇ.യിലെ  അക്ഷരസ്നേഹികളെയും ഭാഷാസ്നേഹികളെയും ഏറെ ആഹ്ലാദിപ്പിച്ചാണ് കടന്നുപോയത്. മലയാളത്തിലേക്ക് ജ്ഞാനപീഠം കൊണ്ടുവന്ന കവി ഒ.എൻ.വി. കുറുപ്പിന്റെ അനുസ്മരണച്ചടങ്ങിന്റെ ഭാഗമായി ദുബായിൽ നടന്ന പരിപാടികളും കേരള സാഹിത്യ അക്കാദമി അബുദാബിയിൽ നടത്തിയ ശില്പശാലകളുമാണ്  അവരെ ഏറെ ആഹ്ലാദിപ്പിച്ചത്. മികച്ച വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഗഹനമായ പ്രഭാഷണങ്ങളും രണ്ടിടത്തും ചടങ്ങുകൾ ഗംഭീരമാക്കി. പ്രവാസലോകം ഒരേ മനസ്സോടെയാണ് ഈ ചടങ്ങുകളെയെല്ലാം ഏറ്റെടുത്തത്. 

പ്രവാസലോകത്ത് ഒ.എൻ.വി.യുടെ സ്മരണ നിലനിർത്താനായാണ് ഒ.എൻ.വി. ഫൗണ്ടേഷൻ രൂപമെടുത്തത്. കവിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ഹരിതമാനസം എന്ന പേരിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച ചടങ്ങ് അവതരണഭംഗി  കൊണ്ടാണ് മികച്ചുനിന്നത്. കവി വി. മധുസൂദനൻ നായർ ഇതിലപ്പുറമിനിയെങ്ങനെ ഇത് കൂടുതൽ നന്നാക്കാനാവുമെന്നാണ് ചോദിച്ചത്. സദ്യയെ കുറിച്ചുള്ള ഒരു തമാശയോടെയാണ് അദ്ദേഹം ഇതിന് അടിവരയിട്ടത്. എല്ലാ ദിവസവും മികച്ച സദ്യ കഴിക്കുന്നവൻ ഓണത്തിനെന്തു ചെയ്യുമെന്ന് ആരോ ചോദിച്ചപ്പോൾ വേണമെങ്കിൽ പപ്പടത്തിന് അല്പം വലിപ്പം കൂട്ടാമെന്ന് പറഞ്ഞതുപോലെയാണ് ഹരിതമാനസത്തിന്റെ കാര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. ചടങ്ങിൽ സംബന്ധിച്ച അടൂർ  ഗോപാലകൃഷ്ണൻ മുതൽ പുതുതലമുറയിലെ ആര്യാഗോപി വരെ ഒരേ സ്വരത്തിലാണ് നടത്തിപ്പിനെയും പരിപാടിയുടെ സവിശേഷതകളെയും അനുമോദിച്ചത്. സംഘാടകർക്കും അവർക്ക് പിന്തുണ നൽകിയ യു.എ.ഇ. എക്സ്‌ചേഞ്ച് എന്ന സ്ഥാപനത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. 

ഒ.എൻ.വി. കവിതകൾ മികച്ച രീതിയിൽ ചൊല്ലിയ കുട്ടികളെ കണ്ടെത്തുന്ന മത്സരം ചടങ്ങിന്റെ ഭാഗമായി നടത്തിയിരുന്നു. വിവിധ എമിറേറ്റുകളിലായി നടത്തിയ മത്സരങ്ങളിലെ മുൻനിരക്കാരാണ് അവസാനവട്ട മത്സരത്തിൽ എത്തിയത്. എല്ലാവരും ഏറെ മികവോടെത്തന്നെയാണ് കവിതകൾ ആലപിച്ചത്. കുട്ടികളിൽ ഇപ്പോഴും ഭാഷയുടെയും കവിതയുടെയും താത്‌പര്യം നിറഞ്ഞുനിൽക്കുന്നു എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതി. കുട്ടികളിൽ ഭാഷാപ്രേമം നിലനിർത്തുന്നതിൽ അവരുടെ അധ്യാപകരും അതിന്  അവർക്ക് എല്ലാ പ്രോത്സാഹനവും നൽകുന്ന രക്ഷിതാക്കളും ഏറെ അഭിനന്ദനം അർഹിക്കുന്നു. കവിതകളെക്കുറിച്ചും ഭാഷയെക്കുറിച്ചുമെല്ലാം ദിവസം മുഴുക്കെ നീണ്ടുനിന്ന പ്രഭാഷണങ്ങളും പ്രവാസികൾ ഏറെ താത്‌പര്യത്തോടെയാണ് കേട്ടിരുന്നത്. കാലത്ത് പത്തുമുതൽ രാത്രി പത്തുവരെ നീണ്ടുനിന്ന പരിപാടി നിറഞ്ഞ സദസ്സിനുമുന്നിലാണ് നടന്നത്. കാലാവസ്ഥ പ്രതികൂലമായിട്ടും കുടുംബങ്ങൾ കൂട്ടത്തോടെ പരിപാടിക്കായെത്തി എന്നതും ശ്രദ്ധേയമാണ്.

സുകുമാർ അഴീക്കോടിനെയും ഒ.എൻ.വി.യെയും അനുസ്മരിക്കാനായാണ് കേരള സാഹിത്യ അക്കാദമി അബുദാബിയിലെ സാംസ്കാരിക സ്ഥാപനങ്ങളുമായിച്ചേർന്ന് അവിടെ പരിപാടികൾ ഒരുക്കിയത്. അക്കാദമി സാരഥികളായ വൈശാഖന്റെയും ഡോ. കെ.പി. മോഹനന്റെയും  നേതൃത്വത്തിൽ മികച്ച എഴുത്തുകാരെയും പ്രഭാഷകരെയും അണിനിരത്തിയാണ് കവിതയെയും കഥയെയും കുറിച്ചുള്ള ശില്പശാലകൾ ഒരുക്കിയത്. മുൻ സാംസ്കാരികവകുപ്പുമന്ത്രി എം.എ. ബേബി മുഴുവൻ സമയ കേൾവിക്കാരനായി ചടങ്ങുകളിൽ സംബന്ധിച്ചു എന്നതും ശ്രദ്ധേയം. കേവലം രാഷ്ട്രീയത്തിനപ്പുറം നമ്മുടെ നേതാക്കൾ ഇത്തരം കാര്യങ്ങളിലും താത്‌പര്യം കാണിക്കുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.

പ്രവാസലോകത്തെ എഴുത്തുകാരെ സംബന്ധിച്ചും ഇത്തരം ശില്പശാലകളും ചടങ്ങുകളും ഏറെ ഉപയോഗപ്രദമാണ്. ഗൃഹാതുരത്വം മാത്രം നിറഞ്ഞുനിന്നിരുന്ന പ്രവാസലോകത്തെ എഴുത്തുകൾ ഇപ്പോൾ ആ വേലിക്കെട്ട് ഭേദിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളും സാമൂഹ്യമായ അവസ്ഥകളുമെല്ലാം ഇപ്പോൾ അവരുടെ കഥകളിലും കവിതകളിലും വിഷയമാവുന്നുണ്ട്. അത്തരത്തിലുള്ള അനുഭവങ്ങളുടെ ആവിഷ്കാരമായിരുന്ന ബെന്യാമിന്റെ ആടുജീവിതം പ്രവാസ ലോകത്തെ എഴുത്തിനെ പുതിയ തലത്തിൽ എത്തിച്ചിട്ടുണ്ട്. നേരത്തേ ടി.വി. കൊച്ചുബാവ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലും ഇത്തരം മുന്നേറ്റങ്ങൾ എഴുത്തിൽ  കാട്ടിയിട്ടുണ്ട്. സാഹിത്യത്തിലെ മുതിർന്നവരുടെ പ്രഭാഷണങ്ങളും സാന്നിധ്യവുമെല്ലാം ഇവിടെ എഴുത്തുകാരുടെ വായനയെയും പുതിയ എഴുത്തിനെയുമെല്ലാം സ്വാധീനിക്കുമെന്നുറപ്പ്. അത്തരത്തിൽ ഗൗരവത്തോടെയുള്ള സമീപനങ്ങൾ സാംസ്കാരികസംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാഗത്തുനിന്ന് കൂടുതലായി ഉണ്ടാവുന്നു എന്നത് എല്ലാ അർഥത്തിലും പ്രോത്സാഹനജനകമാണ്.  മലയാളത്തോടും സംസ്കാരത്തോടും പ്രവാസികളെ കൂടുതലായി അടുപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ഓരോ സംരംഭങ്ങളും എന്നതും പ്രത്യേകം പറയേണ്ടതില്ല.