വിമാനങ്ങളുടെ കാര്യത്തിൽ പ്രവാസികൾക്ക് എപ്പോഴും താത്പര്യമുണ്ടാവുന്നത് സ്വാഭാവികം. നാട്ടിലേക്കുള്ള പോക്കുവരവുതന്നെ അവരുടെ ഈ താത്പര്യത്തിന് അടിസ്ഥാനം. നമ്മുടെ വിമാനത്താവളങ്ങളുടെ പ്രശ്നങ്ങളിലും വിമാനങ്ങളുടെ യാത്രയുമൊക്കെ ഏത് കൂട്ടായ്മകളിലും വിഷയമാകുന്നത് ആ താത്പര്യംകൊണ്ടുതന്നെ. 

വർഷത്തിലൊരിക്കലോ രണ്ടുവർഷം കൂടുമ്പോഴോ വിമാനം കയറുന്നവർവരെ ഇക്കാര്യത്തിൽ ഒരേ മനസ്സുകാരാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിലാണ് ഇപ്പോൾ ഉത്തരമലബാറുകാരുടെ ശ്രദ്ധയത്രയും. മംഗലാപുരത്തും കരിപ്പൂരിലും വന്നിറങ്ങുന്ന  യാത്രക്കാരിൽ വലിയൊരുശതമാനം ഈ മേഖലയിൽ നിന്നുള്ളവരാണ്. ഡിസംബർ 31-ന് കണ്ണൂർ വിമാനത്താവളത്തിൽ ആദ്യവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ നടക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അത് നടന്നാലും ഇല്ലെങ്കിലും അവിടെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടുപോകുന്നുവെന്നാണ് അവിടെനിന്നുള്ള വാർത്തകൾ.

2016 ഒക്ടോബറോടെ അന്താരാഷ്ട്രയാത്ര നടത്താൻ കഴിയുന്നവിധത്തിൽ കണ്ണൂർ വിമാനത്താവളം പൂർണസജ്ജമാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. അവിടെ റൺവെയുടെ നീളം സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും നിലവിലുള്ള പദ്ധതി രേഖയനുസരിച്ചുതന്നെ കാര്യങ്ങൾ നടത്തുമെന്നും അവർ വിശദീകരിക്കുന്നു.   

3,040 മീറ്റർ നീളമുള്ള റൺവെയാണ് അവിടെ പണിയുന്നത്. കണ്ണൂരിന്റെ വ്യോമയാനപദ്ധതികൾക്ക് ഇത് ധാരാളം മതിയെന്നും അവർ എടുത്തുപറയുന്നു. വലിയ വിമാനങ്ങളൊന്നും കണ്ണൂരിൽ ഇറങ്ങാൻ പോകുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ പണിയുന്ന റൺവെ മതിയാകുമെന്നും വിശദീകരണത്തിൽ പറയുന്നു.

 എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, സൗദി എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളെല്ലാം ഇതിനകംതന്നെ കണ്ണൂരിലേക്ക് പറക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഒരു വർഷത്തിനകം കണ്ണൂർ വിമാനത്താവളം പ്രവർത്തനക്ഷമമാകുമെന്ന കാര്യം ഉറപ്പായി. അതാകട്ടെ പ്രവാസികൾക്കാണ് ഏറെ ആവേശം നൽകുന്നതും.        എന്നാൽ, കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുറത്തുവരുന്നത് അത്തരം വാർത്തകളല്ല എന്നതും പ്രവാസികളെ വിഷമിപ്പിക്കുന്നുണ്ട്. റൺവെ റീകാർപ്പറ്റിങ്ങിന്റെ പേരിൽ ഭാഗികമായി അടച്ചിട്ട കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളൊന്നും ഇപ്പോൾ എത്തുന്നില്ല. എത്തിയിരുന്ന എയർ ഇന്ത്യ വിമാനമാകട്ടെ ഇപ്പോൾ പുതിയ പരിഷ്കാരംനടത്തി യാത്രക്കാരെ കൂടുതലായി പ്രയാസത്തിലാക്കി എന്നതാണ് അവിടെനിന്നുള്ള പുതിയ വിശേഷം.

ഷാർജയിൽനിന്നും ദുബായിൽനിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന എ 321 വിമാനമാണ് ഇപ്പോൾ എയർ ഇന്ത്യ പിൻവലിച്ചിരിക്കുന്നത്. പകരംവന്ന എ 320 വിമാനമാകട്ടെ ബിസിനസ് ക്ലാസ് ഇല്ലാത്തതാണ്. സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം ഇത് വിഷയമല്ല. എന്നാൽ, കോഴിക്കോട്ടും പരിസരങ്ങളിലുമായി എത്തുന്ന നിരവധി വിദേശസഞ്ചാരികളെ എയർഇന്ത്യ ഈ നടപടിയിലൂടെ അകറ്റുകയാണ്. വിനോദത്തിനും ചികിത്സയ്ക്കുമായി ധാരാളം അറബ് പൗരന്മാർ സഞ്ചരിച്ചതായിരുന്നു ഈ വിമാനം. ബിസിനസ് ക്ലാസിൽ യാത്രചെയ്യുന്ന അനേകം പ്രവാസി മലയാളികളുമുണ്ട്. അവർക്കുമുന്നിലും എയർഇന്ത്യ വാതിലുകൾ കൊട്ടിയടച്ചിരിക്കയാണിപ്പോൾ.

എന്നാൽ, കാർഗോ സംബന്ധമായ പ്രയാസങ്ങളാണ് സാധാരണ യാത്രക്കാരുടെ പ്രശ്നം. നേരത്തേയുണ്ടായിരുന്ന വിമാനത്തിൽ അഞ്ച് ടൺവരെ കാർഗോ കൊണ്ടുപോയിരുന്ന സ്ഥലത്ത് പുതിയ എ 320-ൽ ഒരു ടണ്ണോളംമാത്രമാണ് കൊണ്ടുപോകാൻ കഴിയുന്നത്. ഇതുകാരണം പലപ്പോഴും യാത്രക്കാർ കരിപ്പൂരിൽ എത്തിയാലും ലഗേജ് കിട്ടാത്ത അവസ്ഥയാണ്. പലപ്പോഴും അധികംവരുന്ന ലഗേജ് വിമാനത്തിൽ കയറ്റാൻകഴിയാതെ പോകുന്നുവെന്നതാണ് യാഥാർഥ്യം.
   

ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അവശരായ രോഗികളെ സ്ട്രക്ചറിൽ കൊണ്ടുപോകാനുള്ള സംവിധാനവും  ഇതോടെ ഇല്ലാതായി. കോഴിക്കോട്ടുനിന്ന് യു.എ.ഇ.യിലേക്ക് ധാരാളം പഴങ്ങളും പച്ചക്കറിയും ഈ വിമാനത്തിൽ കൊണ്ടുവന്നിരുന്നു. ആ സൗകര്യവും പുതിയ പരിഷ്കാരത്തോടെ ഇല്ലാതായി. പതിയെ കോഴിക്കോട് വിമാനത്താവളത്തെ കൊല്ലാനുള്ള നടപടികളാണ് ഇതെല്ലാമെന്ന ആക്ഷേപവും നിലനിൽക്കുന്നു.

ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങളുടെ ബാക്കിപത്രമാണ് ഇന്നത്തെ കരിപ്പൂർ വിമാനത്താവളം. ഓരോ വികസന പ്രവർത്തനം തുടങ്ങുമ്പോഴും ജനം കാര്യമായ സഹായ സഹകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു. അതെല്ലാം മറന്ന മട്ടിലാണ് ഇപ്പോൾ അധികൃതരുടെ സമീപനം. കോഴിക്കോട് വിമാനത്താവളത്തോട് പ്രവാസികൾക്കും നാട്ടുകാർക്കും ഒരുപോലെ വികാരപരമായ അടുപ്പമുണ്ട്. ആ അടുപ്പം തന്നെയാണ് വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തിയത്. എന്നാൽ, കുറച്ചുകാലമായി ആ വളർച്ച പിന്നിലേക്കാണ്. ഇതിൽ രോഷവും അമർഷവും ദുഃഖവും ഉള്ളത് പ്രവാസികൾക്കുതന്നെ. അവരുടെ ആ വികാരങ്ങൾ കാണാതെ പോവുകയാണിപ്പോൾ.
 കരിപ്പൂരിനെ കൊല്ലാതെ നോക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ ഉയർന്നുവന്നിട്ടും നമ്മുടെ ജനപ്രതിനിധികൾ കാര്യമായൊന്നും ചെയ്യുന്നില്ല എന്ന പരാതിയും പ്രവാസി മുന്നോട്ടുവെക്കുന്നുണ്ട്. അത് പരിഹരിക്കാൻ എന്തെങ്കിലും നടപടി ഉണ്ടാവണം. അതാണ് ഈ പ്രവാസലോകം ആഗ്രഹിക്കുന്നത്.