പ്രവാസികളുടെ ഏത് സംസാരത്തിലും സംവാദത്തിലും  അറിയാതെ വിമാനയാത്രകളും ടിക്കറ്റ് നിരക്കുമെല്ലാം കടന്നുവരും. നാട്ടിലേക്ക് പോകാൻ വേറെ വഴിയൊന്നുമില്ലാത്തതിനാലാണ് വിമാനത്തിന്റെ ഏത് വാർത്തയും അവർക്ക് താത്‌പര്യമുള്ള വിഷയമാകുന്നത്. 

നെടുമ്പാശ്ശേരിയിലെ സൗരോർജ പ്ലാന്റിനെപ്പറ്റി അഭിമാനിക്കുമ്പോൾ തന്നെ കരിപ്പൂരിലെ നവീകരണം ഇഴഞ്ഞുനീങ്ങുമ്പോൾ അവർ പ്രതികരിക്കും; പ്രതിഷേധിക്കും. ഇതേ പ്രവാസിതന്നെ കണ്ണൂരിലുയരുന്ന വിമാനത്താവള നിർമാണത്തിലെ ഓരോദിവസവും സൂക്ഷ്മമായി വിശകലനംചെയ്യുന്നു.

പ്രവാസിക്ക് മുന്നിൽ ഈ വെള്ളിയാഴ്ച കടന്നുവന്നത് രണ്ട് നല്ലവാർത്തകളുമായാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ഇന്റർനാഷനൽ ഹബ്ബ് എന്ന പദവി നൽകുന്നകാര്യം കേന്ദ്രസർക്കാറിന്റെ പരിഗണനയിലുണ്ടെന്ന് എന്നതാണ് ആദ്യവാർത്ത. വിമാനത്താവളം പരിശോധിക്കാനെത്തിയ പാർലമെന്ററി സംഘത്തെ പ്രതിനിധീകരിച്ച് മുൻ വ്യോമയാനമന്ത്രിയും മലയാളിയുമായ കെ.സി. വേണുഗോപാൽ എം.പി. തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 

കേന്ദ്രവ്യോമയാന മന്ത്രാലയം നേരത്തേ ഇന്റർനാഷനൽ ഹബ്ബ് എന്നപദവി നൽകാനായി തയ്യാറാക്കിയ പട്ടികയിൽ കേരളത്തിലെ ഒരൊറ്റ വിമാനത്താവളവും ഉൾപ്പെട്ടിരുന്നില്ല. ആ പദവി ലഭിക്കാതെപോയാൽ കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനത്തിന് മുരടിപ്പ് സംഭവിക്കും എന്നകാര്യം അപ്പോൾതന്നെ പലരും എടുത്തുപറഞ്ഞിരുന്നു. പ്രവാസിസംഘടനകളും ഇക്കാര്യത്തിൽ കാര്യമായി പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ കാര്യത്തിന്റെഗൗരവം തിരിച്ചറിഞ്ഞ് ഇത് കേരളത്തിന്റെ ആവശ്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. 

പ്രവാസലോകത്ത് നിന്നുണ്ടായ സമ്മർദംതന്നെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഇടപെടാൻ നിമിത്തമായത്. ഏതായാലും കേരളത്തിൽ അത്തരമൊരു പദവിയുള്ള വിമാനത്താവളം ഇല്ലാതെപോയാൽ സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളുടെ വികസനംകൂടി അവതാളത്തിലാവും എന്നതാണ് യാഥാർഥ്യം. അതിനാൽതന്നെ ഇന്റർനാഷനൽ ഹബ്ബ് എന്ന പദവി കേരളത്തിന് എങ്ങിനെയായാലും കിട്ടിയേ മതിയാകൂ. പാർലമെന്ററി സംഘത്തിന്റെ ശുപാർശയും സംസ്ഥാന സർക്കാറിന്റെ സമ്മർദവുമൊക്കെ ഇതിന് വഴിമരുന്നിടും എന്ന് നമുക്ക് പ്രത്യാശിക്കാം. എങ്കിലും അന്തിമതീരുമാനം വരും വരെ ഇതിനായുള്ള പ്രവർത്തനം തുടരുകതന്നെ വേണം.

കരിപ്പൂരിൽ വിമാനത്താവളത്തിലെ റൺവെയുടെ നവീകരണ പ്രവർത്തനം തുടങ്ങിയതുതന്നെ ഏറെ പ്രക്ഷോഭത്തിന്റെ ഫലമായാണ്. ഇപ്പോഴാകട്ടെ മഴ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് വിവരം. എങ്ങനെ വന്നാലും പതിനെട്ട് മാസമെങ്കിലും വേണ്ടിവരും പ്രവൃത്തി പൂർത്തിയാകാൻ. കേരളത്തിലെ പതിവുരീതി കണക്കിലെടുത്താൻ സമയംനീളാനും സാധ്യതയേറെ. അതോടൊപ്പംതന്നെ റൺവെ നീട്ടാനുള്ള സ്ഥലമെടുപ്പിന്റെ പ്രവർത്തനവും എങ്ങുമെത്തിയില്ല. എല്ലാവരും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായതിനാൽ ഈ ഒരുമാസവും അങ്ങനെപോകും. 

 റൺവെയിലെ പ്രവർത്തനങ്ങൾ കാരണം എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വലിയവിമാനങ്ങൾ കരിപ്പൂരിനെ കൈയൊഴിഞ്ഞിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ കോഴിക്കോട്ടേക്കുള്ള വിമാനയാത്ര ഇപ്പോൾ ഏറെ ക്ലേശകരമാണ്. കുറച്ചുവിമാനങ്ങളും കൂടുതൽ യാത്രക്കാരുമാകുമ്പോൾ ടിക്കറ്റ് നിരക്ക് കൂട്ടാൻ വിമാനക്കമ്പനികൾക്ക് വേറെ ന്യായംവേണ്ടല്ലോ. ആ തിരക്ക് കണ്ടാണ് സ്‌പൈസ് ജെറ്റ് അടുത്തമാസം മുതൽ കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നത്. ഇപ്പോഴിതാ ദുബായിയുടെ ഫ്ളൈദുബായിയും കോഴിക്കോട്ടേക്ക് താൽത്‌പര്യം പ്രകടിപ്പിച്ചിരിക്കുന്നു.

കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് വിമാനങ്ങൾക്കുപകരം ഫ്ളൈദുബായ് സർവീസ് ആരംഭിക്കണമെന്ന് നേരത്തേതന്നെ പ്രവാസികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇപ്പോഴും ഫ്ളൈദുബായ് കോഴിക്കോടിനോടുള്ള താത്‌പര്യം ഉപേക്ഷിച്ചിട്ടില്ലെന്ന് അതിന്റെ മേധാവിതന്നെയാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇന്ത്യാസർക്കാറിന്റെ വ്യോമയാനഗതാഗതം സംബന്ധിച്ച  നയങ്ങൾ സ്വതന്ത്രമാക്കണമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യംതന്നെ നേരത്തേ ഖത്തർ എയർവെയ്‌സ് മേധാവിയും ഉന്നയിച്ചിരുന്നു.

 നമ്മുടെ ആകാശമാർഗമുള്ള വിദേശവിമാനങ്ങളുടെ യാത്ര സംബന്ധിച്ച് നയപരമായതീരുമാനം കേന്ദ്രസർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഏറെനിർണായകമായ തീരുമാനമായതിനാലാവാം ഇപ്പോഴത്തെസർക്കാറും മുൻ സർക്കാറുമെല്ലാം ഇക്കാര്യത്തിൽ പ്രത്യേകനിലപാട് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന് അതിന്റേതായ ചില നിലപാടുകളും ന്യായീകരണങ്ങളുമുണ്ടാവാം. അതിനാൽതന്നെ ഈ കാര്യത്തിൽ വിദേശ വിമാനകമ്പനികൾ ആവശ്യപ്പെടുന്ന രീതിയിലുള്ള ഒരു സ്വാതന്ത്ര്യം നമ്മുടെസർക്കാർ നൽകാനുമിടയില്ല. 

അതേസമയം, കോഴിക്കോടിന്റെ കാര്യത്തിലെങ്കിലും  ഇത് ഇളവ് ചെയ്യണമെന്നും ഫ്ളൈദുബായ് ആവശ്യപ്പെട്ടിട്ടുണ്ട്. എമിറേറ്റ്‌സ് തത്‌കാലം നിർത്തിവെച്ച സാഹചര്യത്തിൽ ആ സമയവും ആ റൂട്ടും ഫ്ളൈദുബായിക്ക് നൽകിയാൽ കുറെ ക്ലേശം തീർന്നുകിട്ടും. താത്‌കാലികമായെങ്കിലും അത്തരത്തിലൊരു തീരുമാനമുണ്ടായാൽ അത് ഗൾഫ് നാടുകളിലേക്കുള്ള സഞ്ചാരികൾക്കും പ്രവാസികളെപ്പോലെ തന്നെ അനുഗ്രഹമാകും. ഇക്കാര്യത്തിലും കേന്ദസർക്കാറിന്റെ സമീപനം നിർണായകമാണ്. അക്കാര്യം ബന്ധപ്പെട്ടവർ ഗൗരവപൂർവം കൈകാര്യംചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം.