പ്രവാസലോകം ഇപ്പോൾ പുതിയൊരുവിഷയത്തിന്റെ ചർച്ചയിലാണ്. ജനുവരിമുതൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം എമിഗ്രേഷൻ നിയമങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്ന പരിഷ്കാരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. യു.എ.ഇ. ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ ഇനി ഇന്ത്യയിൽ പോയി തിരിച്ചുവരുമ്പോൾ അവരുടെ വിസവിവരം ഉൾപ്പെടെ മന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇത് എന്തിനുവേണ്ടി എന്ന് സംശയിക്കുന്നവരാണ് ഏറെയും. ഇവിടെനിന്ന് അയയ്ക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള വിദ്യയാകുമോ? നമ്മുടെ വിവരങ്ങളെല്ലാം ചോർത്തിയെടുക്കാനുള്ള പരിപാടിയാണോ എന്നിങ്ങനെ പോകുന്നു സംശയങ്ങൾ. പ്രവാസികൾക്ക് വോട്ടവകാശം വരുന്നസ്ഥിതിക്ക് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള വിലാസം ശേഖരിക്കലാണോ ഇതിനുപിന്നിൽ എന്നുവരെ സംശയിക്കുന്നവരുണ്ട്. 

യു.എ.ഇ.യിൽ എത്ര ഇന്ത്യക്കാരുണ്ട്? സൗദിയിൽ എത്ര മലയാളികളുണ്ട്? എന്നിങ്ങനെ പല ചോദ്യങ്ങളും ഇവിടെ എത്താറുള്ള വിദേശകാര്യ മന്ത്രിമാരോടും എന്തിന്, ഇവിടത്തെ എംബസി ഉദ്യോഗസ്ഥരോടും പലരും ഇടക്കിടെ ചോദിക്കാറുണ്ട്. അവർക്കാർക്കും കൃത്യമായ ഒരു ഉത്തരം ഉണ്ടാവാറില്ല. മുപ്പത്തിരണ്ട് ലക്ഷത്തോളം, ഇരുപത് ലക്ഷത്തോളം എന്നിങ്ങനെ അവരുടെ ഉത്തരവും എവിടെയും തൊടാത്ത വിധത്തിൽ ആയിരിക്കും. കൃത്യമായ ഒരു സ്ഥിതിവിവരക്കണക്ക് ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെക്കുറിച്ച് മന്ത്രാലയത്തിന് ഇല്ലെന്ന് അവർ സമ്മതിക്കുകയും ചെയ്യും. അതിന്റെ പേരിൽ കേന്ദ്രെത്തയും സംസ്ഥാനത്തെയും സർക്കാരുകളെ എല്ലാ കാലത്തും പരിഹസിക്കാനും പ്രതിക്കൂട്ടിൽ നിർത്താനുമാണ് നാം തയ്യാറായിട്ടുള്ളതും. എന്നാലിപ്പോൾ അത്തരത്തിലൊരു കണക്കെടുപ്പിനുള്ള ശ്രമം തുടങ്ങിയപ്പോഴാകട്ടെ സംശയങ്ങളുടെ പെരുമഴയാണ് എല്ലായിടത്തും.

മറുനാട്ടിൽ പ്രവാസി ഇന്ത്യക്കാർക്ക് തൊഴിൽ  സുരക്ഷിതത്വവും സുരക്ഷിത ജീവിതവും ഉറപ്പുവരുത്തുന്നതിന്റെ മുന്നോടിയായാണ് ഈ പരിഷ്കാരമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സ്വന്തം പൗരന്മാർ മറുനാടുകളിൽ എവിടെ, എന്തുചെയ്യുന്നു എന്നറിയാനുള്ള ശ്രമമാണിതെന്നും ഇപ്പോഴും ആയിരങ്ങൾ വിവിധ നാടുകളിൽ തൊഴിൽ തട്ടിപ്പിന് ഇരയാവുന്ന കാര്യവും അവർ എടുത്തുകാട്ടുന്നു. എന്നാൽ വിവരങ്ങൾ ചോർത്താനും നികുതിക്കുവേണ്ടി കളമൊരുക്കാനുമൊക്കെയാണ്‌ എന്നാണ്‌ ഇതിന് മറുപടിയുമായി സംശയം ഉന്നയിക്കുന്നവർ എടുത്തുപറയുന്ന കാര്യങ്ങൾ. എന്തുകൊണ്ട്  ഏറെയും സാധാരണക്കാർ മാത്രം കുടിയേറുന്ന മൂന്നാംലോക രാജ്യങ്ങൾക്ക് മാത്രമായി ഈ പട്ടിക ചുരുക്കി എന്നുവരെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പട്ടികയിലുള്ള മിക്കവാറും രാജ്യങ്ങളും അറബ്, ഗൾഫ്, മിന മേഖലയിലുള്ളവയാണെന്നും  ചില ഗൂഢലക്ഷ്യങ്ങൾ ഇതിനുപിന്നിലുണ്ടെന്നും പറഞ്ഞുള്ള പ്രചാരണങ്ങൾവരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിനും വിദേശമന്ത്രാലയത്തിനും ഇത്തരം ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന സംശയങ്ങൾക്ക് കാലം മറുപടിപറയട്ടെ. ആധാർ കാർഡിന്റെ പേരിലും ഈ വിവാദങ്ങൾ എവിടെയുമെത്താതെ തുടരുന്നതും ഓർക്കുക.

തൊഴിൽചെയ്യാനുള്ള വിസ കിട്ടി മറുനാട്ടിലെത്തുന്നവരെല്ലാം അതാത് എംബസിയിലോ കോൺസുലേറ്റിലോ എത്തിയ ഉടൻ പേര് രജിസ്റ്റർ ചെയ്യണമെന്നാണ് ഇന്ത്യാസർക്കാർ ഉപദേശിക്കുന്നത്. പക്ഷേ, പലരും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇക്കാര്യത്തിൽ ഫിലിപ്പൈൻസ് എന്ന രാജ്യം നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. വിദേശത്തേക്ക് പോവുന്നതിനുമുമ്പ് ആ രാജ്യത്തും വിദേശത്ത് എത്തിക്കഴിഞ്ഞാൽ എംബസിയിലും അവർക്കായി വിശദമായ ചില ബോധവത്‌കരണങ്ങൾ ആ രാജ്യം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ പൗരന്മാർക്ക് ഇതൊരു പീഡനമല്ല. ആരും  ഈ നടപടിയെ സംശയദൃഷ്ടിയോടെ നോക്കുന്നുമില്ല. അവിടെ അത്രയേറെ നിർബന്ധത്തോടെയാണ് പൗരന്മാർ ആ നിയമങ്ങളോട് സഹകരിക്കുന്നത്.

 പട്ടികയിലുള്ള അറബ്, ഗൾഫ് നാടുകളിലാണ് ഇന്ത്യക്കാർ ഏറെയും പ്രവാസികളായുള്ളത്. അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രവാസികൾ കുടിയേറുന്നുണ്ടെങ്കിലും അവിടെ വിസകിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പട്ടികയിലുള്ള യു.എ.ഇ. ഉൾപ്പെടെയുള്ള അപൂർവം ചില രാജ്യങ്ങൾ മികച്ച സുരക്ഷിതത്വം  പ്രവാസികൾക്ക് ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ കാര്യങ്ങൾ അത്ര പന്തിയല്ല.  ഏജന്റുമാരുടെ വാക്ക് വിശ്വസിച്ച്  തൊഴിൽ തേടി വഞ്ചിക്കപ്പെടുന്നവർ ധാരാളം ഇപ്പോഴുമുണ്ട്. ചില രാജ്യങ്ങളിലുള്ള സ്ഥിതി ഏറെ ദയനീയെമന്നാണ്‌ അവിടെനിന്നുള്ള കഥകൾ പറയുന്നത്. മതിയായ താമസരേഖകളും തൊഴിൽ രേഖകളുമില്ലാതെ കഴിയുന്നവർക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി കഴിയാൻ പോവുകയാണ്. ഇതിൽ ഇന്ത്യക്കാർ പൊതുവെ കുറവായിരുന്നുവെന്ന് യു.എ.ഇ. അധികൃതർതന്നെ സാക്ഷ്യപ്പെടുത്തുന്നത് ഇന്ത്യക്കാർക്കും മലയാളികൾക്കും ഏറെ അഭിമാനം നൽകുന്നതാണ്. കുവൈത്തിലെ പൊതുമാപ്പ് ഈയിടെയാണ് അവസാനിച്ചത്. തൊഴിൽ പരിഷ്കാരങ്ങളും സ്വദേശിവത്‌കരണവുമെല്ലാം എല്ലാ ഗൾഫ് നാടുകളിലും പ്രവാസികൾക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ആ പ്രയാസം ചൂഷണം ചെയ്യാൻ ചില റിക്രൂട്ടിങ് ഏജൻസികൾ രംഗത്തിറങ്ങിയേക്കാമെന്ന ഭയവും ഇല്ലാതില്ല. 

എന്തായാലും ഇപ്പോഴത്തെ പുതിയ നീക്കങ്ങൾ ഇവിടെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനാണെന്ന്‌ വിശ്വാസത്തിലെടുക്കണമെന്നതാണ് ഈ രംഗത്തുള്ള പലരും അഭിപ്രായപ്പെടുന്നത്. വരുമാനത്തിന്  നികുതി ഏർപ്പെടുത്താനോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഇത്തരം പരിഷ്കാരത്തിന്റെയൊന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബാങ്ക് നിക്ഷേപങ്ങളും ധന വിനിമയ ഇടപാടുകളും നിരീക്ഷിച്ചാൽ തന്നെ കിട്ടാവുന്ന വിവരങ്ങൾ തന്നെ അതിന് ധാരാളം. 

സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇൻഡോനീഷ്യ, ഇറാഖ്, ജോർദാൻ, ലിബിയ, മലേഷ്യ, ലെബനൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, ദക്ഷിണസുഡാൻ, സിറിയ, തായ്‌ലൻഡ്, യെമെൻ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. 

 ജനുവരി മുതലാണ് വ്യക്തിഗത, തൊഴിൽ വിവരങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്. പുതിയ തൊഴിൽ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവർക്കും റീ എൻട്രിയിൽ പോയി മടങ്ങുന്നവർക്കും ഇത് ബാധകമാണ്.

 വിദ്യാഭ്യാസയോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആർക്കും ഇതിൽനിന്ന് ഒഴിവില്ല. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യൻ വിദഗ്ധ, അവിദഗ്ധ തൊഴിലാളികൾക്ക് ജോലിതേടി യാത്ര ചെയ്യാൻ എമിഗ്രേഷൻ ക്ലിയറൻസ് (ഇ.സി.എൻ.ആർ.) നേരത്തെതന്നെ ബാധകമാക്കിയതുമാണ്. ചുരുക്കത്തിൽ തൊഴിൽതേടി ഈ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ വിവരശേഖരണത്തിന്റെ ആദ്യഘട്ടമായി ഈ പരിഷ്കാരത്തെ കാണേണ്ടതുണ്ട്. 

വൈകാതെ മറ്റു രാജ്യങ്ങളിലേക്കുകൂടി ഈ വ്യവസ്ഥ ബാധകമാക്കുമെന്നാണ് സൂചന. സൗജന്യമായി നടത്താവുന്ന ഈ റജിസ്ട്രേഷൻ പൂർത്തിയാക്കുക എന്നതാണ് ഇനി ഓർക്കേണ്ടത്. അക്കാര്യത്തിൽ ഉപേക്ഷ കാണിച്ചാൽ നാട്ടിൽനിന്ന് വണ്ടി കയറാനാവില്ലെന്നും ഓർക്കുക.