പ്രവാസികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളുമെല്ലാം ഓരോനാട്ടിലും ഓരോ സ്വഭാവത്തിലുള്ളതാണ്. ഗൾഫ് നാടുകളിലെ ഏത് പ്രവാസിയും പറയുന്ന പ്രധാന പരാതികളിലൊന്ന് നാട്ടിലേക്ക് പറക്കാനുള്ള വിമാനക്കൂലിയിലെ കൊള്ളയെ കുറിച്ചായിരിക്കും. എന്നാൽ യൂറോപ്യൻ നാടുകളിലെ പ്രവാസി ഇതുവരെ അത്തരം പരാതി പറഞ്ഞുകേട്ടിട്ടില്ല.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രയാസങ്ങളെക്കുറിച്ചും ഗൾഫുകാർ പരാതിപ്പെടും. പല വിദേശരാജ്യങ്ങളിലും കുറേവർഷം കഴിഞ്ഞാൽ പൗരത്വം ലഭിക്കാം. പക്ഷേ, ഗൾഫ് നാടുകളിലുള്ളവർക്ക് അത്തരം സ്വപ്നങ്ങളൊന്നും ഇല്ല. ഒരിക്കൽ എന്തായാലും നാട്ടിലേക്ക് മടങ്ങേണ്ടിവരും എന്ന ബോധത്തോടെ തന്നെയാണ് ഇവിടെയുള്ള പ്രവാസികളെല്ലാം കഴിയുന്നത്. മിക്ക കുടുംബങ്ങളിലെയും അടുപ്പുകൾ പുകയുന്നത് പ്രവാസികൾ ഇവിടെനിന്ന് അയക്കുന്ന എണ്ണപ്പണം തന്നെയാണെന്നതും യാഥാർഥ്യം. 
ലോകത്തിലുള്ള പ്രവാസി ഇന്ത്യക്കാരിൽ ഏറെയും ഗൾഫ്‌ നാടുകളിലുള്ളവരാണ്. അവരിൽതന്നെ മാസം ആയിരവും ആയിരത്തിഅഞ്ഞൂറും ദിർഹം മാത്രം കിട്ടുന്ന ആയിരങ്ങളുണ്ട്. നാട്ടിൽപ്പോയി എന്തുചെയ്യാൻ എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുന്നവരാണ് അവരിൽ ഏറെയും. അത്തരത്തിൽ പെട്ടവർക്ക് കുറെക്കൂടി ക്രിയാത്മകമായ ക്ഷേമപദ്ധതികൾ വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.

 അത്തരം വിഷയങ്ങളിൽ കുറെ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിനൊപ്പമാണ് ഇപ്പോൾ വിവിധ കാരണങ്ങളാൽ വിദേശരാജ്യങ്ങളിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ വിനിയോഗം കുറെക്കൂടി ലളിതവും വിപുലവും സുതാര്യവുമാക്കിക്കൊണ്ടുള്ള നടപടി. ഈമാസം മുതൽ നിലവിൽവന്ന ഈ പരിഷ്കാരങ്ങൾ പ്രവാസിക്ക് വലിയ ആശ്വാസമാവും എന്ന കാര്യത്തിൽ തർക്കമില്ല. വിവിധ പ്രവാസി സംഘടനകൾ കുറെ വർഷങ്ങളായി പറയുന്നതാണ് ഇത്തരം ഫണ്ടുകളുടെ വിനിയോഗം കുറെക്കൂടി ലളിതമാക്കണം. ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് നേരത്തെ ഉയർന്ന പരാതികളെ കൂടി കണക്കിലെടുത്താണ് പുതിയ ക്രമീകരണങ്ങൾ.

വിവിധ തലങ്ങളിലുള്ള പ്രവാസി സംഘടനകളുടെ കൂടി അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഫണ്ട് വിനിയോഗം കൂടുതൽ ജനകീയമാക്കുന്നത്. സെപ്‌റ്റംബർ ഒന്നിന് ഈ രീതി എല്ലായിടത്തും നടപ്പിൽവരും. നിയമസഹായം, മൃതദേഹം കയറ്റി അയക്കൽ, വൈദ്യസഹായം, ദുരിതത്തിൽപ്പെടുന്നവർ എന്നിങ്ങനെ വിവിധതലങ്ങളിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനായിരിക്കും ഈ ഫണ്ടിന്റെ വിനിയോഗം. അബുദാബിയിലും ദുബായിലും നടത്തിയ പത്രസമ്മേളനത്തിലും സാമൂഹ്യ സംഘടനാനേതാക്കളുടെ യോഗത്തിലും അംബാസഡർ സവദീപ് സിങ് സൂരിയാണ് ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച നടപടിക്രമങ്ങൾ വിശദീകരിച്ചു. 

വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ളതാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്. വിദേശത്ത് കഷ്ടപ്പെടുന്നവർക്കുള്ളതാണ് ഈ ഫണ്ട്. വിസ, പാസ്പോർട്ട് എന്നിവ നൽകുന്നതിലൂടെയാണ് ഈ ഫണ്ടിലേക്കുള്ള വരവ് പ്രധാനമായും. ഒരു വർഷം ശരാശരി ആറുകോടി രൂപയാണ് വരവ്. ഇതുവരെയായി യു.എ.ഇ.യിലെ ഇന്ത്യൻ എംബസിയുടെ കൈയിൽ 24 കോടി രൂപയെങ്കിലും ഈ ഫണ്ടിനായി നീക്കിയിരിപ്പുണ്ട്. ഓരോ ഗൾഫ് രാജ്യത്തും ഇത്തരത്തിൽ എംബസിയുടെ കൈയിൽ പണം നീക്കിയിരിപ്പുണ്ട്. ഈ ഫണ്ട് വിനിയോഗത്തിന് കൃത്യമായ മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്നുണ്ട്.

കഷ്ടത അനുഭവിക്കുന്ന ഇന്ത്യക്കാർക്ക് 60 ദിവസത്തിനുള്ളിൽ നാട്ടിലേക്ക് യാത്രചെയ്യാനുള്ള സൗകര്യവും താമസ സൗകര്യവും,  നാട്ടിൽപ്പോകാൻ ഗതിയില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് നാട്ടിലേക്കുള്ള സൗജന്യ വിമാനടിക്കറ്റ്, നിർധനരായ രോഗികൾ ഉൾപ്പെടെ കൂടെപ്പോകുന്ന ഡോക്ടർമാർക്കോ രോഗിയുടെ സഹായിക്കോ  അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ്, തെറ്റിദ്ധരിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്നവർക്കോ, ചെറിയ തെറ്റുകളിൽ പെട്ടവർക്കോ, കല്യാണംകഴിഞ്ഞ്‌ ഏഴുവർഷത്തിനുള്ളിൽ വഞ്ചിക്കപ്പെട്ട സ്ത്രീകൾക്കോ, മറ്റെന്തെങ്കിലും തരത്തിൽ നിയമസഹായം ആവശ്യമുള്ള വിദ്യാർഥികൾക്കടക്കുമുള്ള അടിയന്തര നിയമസഹായം, നിരാലംബരായ ഇന്ത്യൻ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ, മൃതദേഹങ്ങളുടെ കൂടെ അനുഗമിക്കുന്നവർക്കുള്ള വൺവേ ടിക്കറ്റിനുള്ള സൗകര്യം, കുറ്റക്കാരല്ലാത്ത തൊഴിലാളികൾ അധികദിവസം യു.എ.ഇ.യിൽ താമസിക്കുന്പോഴുള്ള ചെറിയ പിഴ അടയ്ക്കാനുള്ള സാന്പത്തികസഹായം എന്നിങ്ങനെ വിവിധ ഇനക്കാർക്കായാണ് ഈ ഫണ്ട് വിനിയോഗിക്കാൻ പോകുന്നത്. തീർച്ചയായും പ്രവാസലോകത്ത് ഇടയ്ക്കിടെ ഇത്തരത്തിൽ നിരവധി പ്രയാസങ്ങളും പ്രശ്നങ്ങളും ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും മുന്നിൽ എത്താറുണ്ട്. അതിലേറെയാണ് ഇന്ത്യൻ സംഘടനകൾക്ക് മുന്നിലെത്താറുള്ള പ്രശ്നങ്ങൾ. അവർക്കെല്ലാം ഈ പുതിയ പരിഷ്കരിച്ച ഫണ്ട് വിനിയോഗം തീർച്ചയായും ഏറെ പ്രയോജനപ്പെടും.

താഴേത്തട്ടിലുള്ള തൊഴിലാളികളും വീട്ടുജോലിക്കായി എത്തുന്നവരുമാണ് കൂടുതലായി വിദേശനാടുകളിൽ കബളിപ്പിക്കപ്പെടുന്നത്. ഇതിന് പരിഹാരം വിദേശരാജ്യങ്ങളിലേക്ക് ഇത്തരം ജോലിക്കായി പോകുന്നവരുടെ നടപടിക്രമങ്ങൾ   ഇ-മൈഗ്രേഷൻ വഴി സാധ്യമാക്കി എടുക്കുക എന്നത് തന്നെയാണ്. ചുരുങ്ങിയപക്ഷം ബ്ലൂകോളർ ജോലിക്ക് വരുന്നവരെങ്കിലും ഇത്തരം സംവിധാനത്തിലൂടെയാവണം എത്തേണ്ടത്. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരുകളും ജാഗ്രത പാലിക്കണം. തൊഴിൽ വാഗ്‌ദാനം ചെയ്യുന്ന കമ്പനി, അവർ നൽകാൻ പോകുന്ന വേതനം എന്നിവയെക്കുറിച്ചെല്ലാം ഇ-മൈഗ്രേഷൻ വഴി വരുന്ന അപേക്ഷകളിൽ  ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് സാധിക്കും. 22 സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും ഇന്ത്യക്കാർ വിദേശങ്ങളിലേക്ക് പോകുന്നത്. ഇത്തരത്തിൽ വിദേശത്തേക്ക് ഉപജീവനം തേടി പോകുന്നവരുടെ വിവരങ്ങൾ സമാഹരിക്കാനും അവരുടെ തൊഴിൽപരിസരങ്ങളെ കുറിച്ച് അറിയാനും സംസ്ഥാന സർക്കാരുകളും ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിട്ടുള്ളതും ഈ പശ്ചാത്തലത്തിൽ വേണം കാണേണ്ടത്. 

കാരണം കബളിപ്പിക്കപ്പെടുന്നവർ ആ സംസ്ഥാനത്തിന്റെ കൂടി പ്രശ്നമായി മാറുന്നതാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ വിദേശത്തേക്ക് എത്തുന്നവരും അവരെ അയക്കുന്നവരുമെല്ലാം ഇത്തരം കാര്യങ്ങളിൽ കൂറെക്കൂടി ജാഗ്രതപാലിക്കേണ്ടതുണ്ട്. വിദേശത്തുവന്ന് കബളിപ്പിക്കപ്പെടുന്നതിനേക്കാൾ പ്രയാസകരമായ കാര്യം മറ്റൊന്നുമില്ല. തന്റെ സ്വപ്നങ്ങൾക്കൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടി പ്രതീക്ഷകളാണ് അവർ കൊണ്ടുനടക്കുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കബളിപ്പിക്കലുകൾ ഇല്ലാതാക്കാനായിരിക്കണം മുൻകരുതൽ വേണ്ടത്.