തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനേക്കാൾ സമയം കുറച്ചുമതി ദുബായിൽ വന്നുപോകാൻ. അതുകൊണ്ടുതന്നെയാവാം നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ വിശ്രമവും വിനോദവുമെല്ലാം പലപ്പോഴും ഗൾഫ് നാടുകളിലേക്കാവുന്നത്. അതിൽ തന്നെ മിക്കവാറും നേതാക്കളുടെ ആദ്യ പരിഗണന ദുബായിക്കും യു.എ.ഇ. ക്കും തന്നെ.  തിരക്കേറിയ പ്രവർത്തനങ്ങൾക്കും ജനസേവനത്തിനുമിടയിൽ അവർക്കും വേണമല്ലോ അൽപ്പം വിശ്രമം. അതിൽ കുറ്റം പറയാനുമാവില്ല. ഇങ്ങനെ വിശ്രമത്തിനെത്തുന്നവർ ചിലർ പൊതുപരിപാടികളിലും പങ്കെടുക്കും. പല യാത്രകളും സ്വന്തക്കാരുടെയോ സുഹൃത്തുക്കളുടെയോ ഒക്കെ ക്ഷണപ്രകാരമായിരിക്കും.

മറ്റു ചിലരാകട്ടെ സ്വന്തം കക്ഷിക്കാർപോലും അറിയാതെ രഹസ്യമായി വന്നുപോകും. അതവരുടെ സ്വകാര്യം. ഇങ്ങനെ രഹസ്യമായും പരസ്യമായുമെല്ലാം വന്നുപോകുന്നവരിൽ കക്ഷി ഭേദമൊന്നുമില്ല. കേരളത്തിലെ ഏതെങ്കിലും ജനപ്രതിനിധിയോ നേതാവോ ഗൾഫ് നാടുകളിൽ എത്താത്ത വാരാന്ത്യങ്ങളുണ്ടാവാറില്ല. സാമൂഹിക സാഹിത്യ സാംസ്കാരിക പ്രവർത്തകരും ഇങ്ങനെ എത്തുന്നു. സിനിമാക്കാരുടെ കഥ പറയാനുമില്ല. 

എന്നാൽ ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കായി കെ.പി.സി.സി. പ്രസിഡന്റ്‌ പുറപ്പെടുവിച്ച പുതിയ സർക്കുലർ ഇത്തരം യാത്രകളുടെ തമാശകളും പുറത്തുകൊണ്ടവരുന്നുണ്ട്. കോൺഗ്രസ് അനുകൂല സംഘടനകളായ ഇൻകാസിന്റെയും ഒ.ഐ.സി.സി. യുടെയും അറിവോ സമ്മതമോ ഇല്ലാതെ കോൺഗ്രസ് നേതാക്കൾ ഗൾഫ് നാടുകളിലെ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നാണ് പുതിയ കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസ്സന്റെ വാറോലയിൽ പറയുന്നത്. കോൺഗ്രസിന്റെ ജനപ്രതിനിധികളും നേതാക്കളുമെല്ലാം സന്ദർശന വിവരം നേരത്തെ തന്നെ ഗൾഫ് നാടുകളിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കളെ അറിയിച്ചിരിക്കണമെന്നാണ് ഹസ്സന്റെ സർക്കുലറിൽ പറയുന്നത്. യു.എ.ഇ.യിലെ ഇൻകാസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് പുതിയ സർക്കുലർ എന്നാണ് ഇതിന്റെ പശ്ചാത്തലമായി പറയുന്നത്.

 യു.എ.ഇ. യിലെ ഇൻകാസ് എന്ന സംഘടന കോൺഗ്രസിന്റെ പോഷകസംഘടനയായിരുന്ന ഒ.ഐ.സി.സി. യുടെ പുതിയ അവതാരമാണ്. യു.എ.ഇ. യിൽ പ്രത്യക്ഷമായ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണങ്ങൾ വന്നപ്പോഴാണ് ഖത്തറിലെ മാതൃകയിൽ ഇൻകാസ് അവതരിച്ചത്. അതിന്റെ രൂപവത്‌കരണ വേളയിൽ തന്നെ കോൺഗ്രസിലെ ഗ്രൂപ്പുകളുടെ സംഘടനകളും വ്യക്തികേന്ദ്രീകൃത സംഘടനകളുമെല്ലാം പിരിച്ചുവിടണമെന്ന് പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരിക്കെയായിരുന്നു ഈ പ്രഖ്യാപനം. തുടക്കത്തിൽ അൽപ്പം അച്ചടക്കവും മര്യാദയുമെല്ലാം ഇത്തരം സംഘടനാ നേതൃത്വങ്ങളിൽ നിന്നുണ്ടായെങ്കിലും പിന്നീട് എല്ലാം പഴയപടി തന്നെയായിരുന്നു.

കേരളത്തിലെ കോൺഗ്രസിലുണ്ടാവുന്ന ഓരോ ചലനവും തുടർന്ന് ഗൾഫ് നാടുകളിലെ കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളിലും ദൃശ്യമായി. ഇതിന്റെ ഏറ്റവും കൗതുകകരവും അതേപോലെ തമാശയുമായിരുന്നു ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ നടന്നത്. ഇൻകാസിന്റെ നേതൃത്വത്തിന്റെ പ്രഖ്യാപനങ്ങൾക്ക് സമാന്തരമായിത്തന്നെ അവിടെ കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ മത്സരിച്ച് ജയിച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് പ്രവർത്തനത്തെ കുറിച്ചുള്ള പ്രഖ്യാപനം  കൂടിയായിരുന്നു അത്. ഫലത്തിൽ ഇൻകാസിന്റെയും ഒ.ഐ.സി.സി.യുടെയും നേതൃത്വങ്ങൾ ഒരു വശത്ത് നിൽക്കുമ്പോൾ തന്നെയാണ് ഇത്തരത്തിലുള്ള മത്സരങ്ങളും പൊതു പരിപാടികളുമെല്ലാം അരങ്ങേറുന്നത്.

കേരളത്തിലെ കോൺഗ്രസ് സംഘടനാപ്രവർത്തനം നിരീക്ഷിക്കുന്ന എല്ലാവർക്കുമറിയാം ഗ്രൂപ്പുകളുടെ ആധിക്യവും ആധിപത്യവുമെല്ലാം. ഇപ്പോഴത്തെ പ്രസിഡന്റുതന്നെ ഏതാനും മാസംമുമ്പ് വരെ ഗ്രൂപ്പുകളിയുടെ ആശാനായിരുന്നു. അതേ ആശാൻതന്നെ പുതിയ സർക്കുലർ പുറപ്പെടുവിക്കുന്നത് കാണുമ്പോൾ എതിർ ഗ്രൂപ്പുകാർ പൊട്ടിച്ചിരിക്കുന്നതും അതുകൊണ്ടുതന്നെ.
ഏതായാലും സർക്കുലറിന്റെ ആശയം ഗംഭീരം. ഏത് സംഘടനയുടെയും അച്ചടക്കത്തെ തകർക്കുന്നത്  സർക്കുലറിൽ പറഞ്ഞ കാര്യങ്ങളാണ്. പക്ഷെ ഇവിടെ എത്തുന്ന ഓരോനേതാവിനും അവരുടേതായ ഗ്രൂപ്പുകളും സൗഹൃദവലയങ്ങളും ഇവിടെയുണ്ട്. അതാണ് പലപ്പോഴും സംഘടനാനേതൃത്വങ്ങളെ വലയ്ക്കുന്നത്.

പലപ്പോഴും ഇവിടെ സംഘടനാ വിരുദ്ധപ്രവർത്തനം നടത്തുന്നവരുടെ വേദികളിലാണ് കേരളത്തിലെ നേതാക്കൾ ഇവിടത്തെ സൗഹൃദം നോക്കി എത്തുന്നത് എന്നതാണ് ഔദ്യോഗിക വിഭാഗം നേതാക്കളുടെ പരാതി. അതേസമയം സംഘടനാ നേതൃത്വം ഗ്രൂപ്പ് നോക്കിയാണ് മറ്റ് സംഘടനകളെയും അവരുടെ പരിപാടികളെയും കൈകാര്യം ചെയ്യുന്നത് എന്നാണ് ഇതരസംഘടനകളുടെ പരിപാടി. എന്തായാലും ഇവിടത്തെ കോൺഗ്രസിന്റെ ജാതകം അറിയുന്നവർക്കെല്ലാം ഇതൊരു തമാശയായിമാത്രമേ കാണാനാവൂ. ഇനി അതല്ല, ഹസ്സൻ സാഹിബിന്റെ സർക്കുലറിന് കൂടുതൽ ഗൗരവം ഉണ്ടെങ്കിൽ കോൺഗ്രസ് നന്നാവാനുള്ള വഴിയിലാണെന്ന് കരുതാം. എന്തായാലും നേതാക്കളുടെ യാത്രയ്ക്ക് ഇതൊന്നും ഒരു തടസ്സമാവില്ലെന്ന് മാത്രം നമുക്ക് ആശ്വസിക്കാം. പ്രവാസികളുടെ  പ്രശ്നങ്ങൾ അന്വേഷിക്കാനും അവ ബന്ധപ്പെട്ടകേന്ദ്രങ്ങളിൽ ഉന്നയിച്ച് പരിഹാരം ഉണ്ടാക്കിത്തരുമെന്നുമുള്ള ഉറപ്പ് നൽകാനും അവർ ഇവിടെ ഇനിയും വന്നുകൊണ്ടേയിരിക്കും. അവർക്കായി നമ്മൾ ചുവപ്പ് പരവതാനി വിരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.