സാമൂഹമാധ്യമങ്ങൾ നമ്മുടെയെല്ലാം കൈപ്പിടിയിലുള്ള ആയുധമാണ്. എങ്ങനെവേണമെങ്കിലും അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഇൻസ്റ്റാഗ്രാമും ട്വിറ്ററുമെല്ലാം ഇന്ന് ഏതൊരാളുടെയും വിരലിനനുസരിച്ച് തുള്ളുന്ന മാധ്യമങ്ങളാണ്. ഇതിൽ അഭിരമിക്കുന്നവർതന്നെ എല്ലാവരും. പ്രവാസലോകത്തെ ഏകാന്തതയും വിരസതയും മാറ്റാൻ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. നാട്ടിലുള്ളവരുമായും ലോകത്തെവിടെയുമുള്ള കൂട്ടുകാരുമായും സംവദിക്കാനുമെല്ലാം സാമൂഹികമാധ്യമങ്ങൾ ഇന്ന് അനിവാര്യവുമാണ്. അതുപോലെത്തന്നെയാണ് ആശയപ്രചാരണത്തിനായുള്ള ഇവയുടെ ഉപയോഗവും. എല്ലാവരും എഴുത്തുകാരനും എഡിറ്ററും ആശയപ്രചാരകനുമാകുന്ന കാലമാണിത്. ആത്മാവിഷ്കാരത്തിന്‌ ഇതിലും വലിയൊരു മാധ്യമം ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു.

  എന്നാൽ, ഇവ എത്രമാത്രം അപകടകരമായാണ്‌ ചിലർ വിനിയോഗിക്കുന്നത്‌ എന്നതും ഈയിടെ പ്രവാസലോകം കാണുകയുണ്ടായി. മലയാളികളുടെ ഉടമസ്ഥതയിലുള്ള ഒരു ജൂവലറി ഗ്രൂപ്പിനെതിരെ അധിക്ഷേപകരമായ, അടിസ്ഥാനരഹിതമായ ഒരു ഫോട്ടോയും കുറിപ്പും ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച മലയാളി യുവാവിന്റെ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പരാതിക്കാരുടെ മനുഷ്യത്വപരമായ സമീപനം കാരണം പരാതി പിൻവലിച്ചു. പക്ഷേ, യു.എ.ഇ.യിലെ നിയമമനുസരിച്ച്‌ അധികൃതർ സ്വമേധയാ എടുത്ത കേസിലെ വിധി എല്ലാവർക്കും ഒരു പാഠമാണ്. 
-245 ലക്ഷം രൂപയോളം ഇവിടെ പിഴയായി സർക്കാരിൽ അടയ്ക്കാനും അതിനുശേഷം രാജ്യത്തുനിന്ന് പുറത്താക്കാനുമാണ് ദുബായ് കോടതിയുടെ വിധി. ഇതേ സംഭവം സംബന്ധിച്ച് ഇന്ത്യയിലും ബഹ്‌റൈനിലുമെല്ലാം യുവാവിനെതിരെ കേസ് നടക്കുന്നുണ്ട്. അതിലെല്ലാം നടപടിക്രമങ്ങളും വിധിയും ഇനി വരാനിരിക്കുന്നതേയുള്ളൂ. 

    അപകീർത്തികരമായ ഒരു ദുരാരോപണം ഉന്നയിച്ചതിന്റെ പേരിൽ ഇവിടെത്തന്നെയുള്ള ഒരു ചെറുപ്പക്കാരനും നിയമനടപടികൾ നേരിടുകയാണ്. അത്തരത്തിലുള്ള ചില ഇ-മെയിലുകൾ അറിയാതെ, ശ്രദ്ധിക്കാതെ മറ്റുള്ളവർക്ക് അയച്ചുവെന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്.  ഇവിടെയും നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഇത്തരത്തിൽ ചെറുതും വലുതുമായ നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നതായി അനുഭവസ്ഥർ പറയുന്നു.

അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവരും അതിനായി തുനിഞ്ഞിറങ്ങുന്നവരുമൊക്കെ അതിൽനിന്ന് പിന്തിരിയണമെന്ന് സൈബർ നിയമത്തെ ഉയർത്തിക്കാട്ടി  അധികൃതർ പല തരത്തിലും ജനങ്ങളെ ബോധവത്ക്കരിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും ആളുകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

   സമൂഹമാധ്യമങ്ങളുടെ സ്വാധീനവും ആധിക്യവും പ്രവാസലോകത്ത് ഏറെയാണ്. ഒന്നും രണ്ടും സ്മാർട്ട് ഫോണുകളുമായി ജീവിക്കുന്നവരാണ് ഏറെയും. റോഡിലായാലും വാഹനങ്ങളിലായാലും തൊഴിലിടങ്ങളിലായാലും എല്ലാവരുടെയും കൈയിലോ കാതിനടുത്തോ മൊബൈൽ ഫോൺ കാണാം. ഒരു നിമിഷം കിട്ടിയാൽ അതിന്റെ സ്‌ക്രീനിലൂടെ വിരലോടിച്ച് ചാറ്റ് ചെയ്യുന്നവരാണ് ഏറെയും. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ന് എല്ലാവരുടെയും ഇടപെടൽ കൂടുതലും. കുറേപ്പേർ സമൂഹത്തിലെ ചലനങ്ങളോട് നിരന്തരം പ്രതികരിക്കുമ്പോൾ സ്വയം ആവിഷ്കരിക്കാനാണ് മറ്റു കുറേപ്പേർക്ക് താത്പര്യം. സെൽഫിയെടുത്തും സമൂഹമാധ്യമങ്ങളിലേക്ക് പകർന്നും കുറേപ്പേർ ഹരംകൊള്ളുന്നു. അതിനെയും കവച്ചുവെക്കുന്നതാണ് ചാറ്റ് ചെയ്യുന്നവരുടെ എണ്ണം.

  സമൂഹമാധ്യമങ്ങൾ എങ്ങനെ വ്യക്തിജീവിതത്തെയും കുടുംബബന്ധങ്ങളെയും ബാധിക്കുന്നു എന്ന്  കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം തന്നെയാണ്  സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നേരാം വണ്ണമല്ലെങ്കിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും റിപ്പോർട്ട്  പരാമർശിച്ചിരുന്നു. 

സമൂഹമാധ്യമങ്ങളുടെ ഉപയോഗം  സംബന്ധിച്ച് ശക്തമായ നിയമനിർമാണം നടത്തിയ രാജ്യമാണ് യു.എ.ഇ. അതിനനുസരിച്ചുള്ള നിയമനടപടികളാണ് നേരത്തേ എടുത്തുപറഞ്ഞ രണ്ട് സംഭവങ്ങളുടെയും അടിസ്ഥാനം. ഇക്കാര്യങ്ങൾ അറിയാതെയോ അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ  മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ അപവാദങ്ങൾ പ്രചരിപ്പിക്കുകയോ ഒക്കെയാണ് ചെയ്തവരാണ് ഇത്തരത്തിൽ നിയമനടപടികൾക്ക് വിധേയരാവുന്നത്. നേരത്തേ പറഞ്ഞ രണ്ട് ഉദാഹരണങ്ങളിലെയും ഇരകൾ പറയുന്നത് മറ്റാരോ അയച്ചുകൊടുത്ത കാര്യം അവർ സുഹൃത്തുക്കൾക്കായി ഫോർവേർഡ് ചെയ്തു എന്നുമാത്രമാണ്. അങ്ങനെയാണെങ്കിൽപ്പോലും അത് കുറ്റകരമാണെന്ന് അവർ ഓർത്തതേയില്ല. ഇതാണ് ഇപ്പോൾ അവർക്ക് കുരുക്കായി മാറിയത്. ഇത്രയൊക്കെയായിട്ടും ഇതുസംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടും ഇത്തരം കൃത്യങ്ങളിൽ നിന്ന് പലരും പിന്നോട്ടുപോയിട്ടില്ല.

 സമൂഹമാധ്യമങ്ങളുമായുള്ള അമിതമായ വിധേയത്വം  കുടുംബജീവിതങ്ങളെയും ബാധിച്ചതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ദുബായിലെ വിവാഹബന്ധങ്ങളിൽ അമ്പത് ശതമാനം പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം  ഇതാണെന്നായിരുന്നു ഒരു കണ്ടെത്തൽ . ഇതിൽത്തന്നെ അമ്പതുശതമാനത്തിനും കാരണം ഭാര്യമാരുടെ സമൂഹമാധ്യമങ്ങളിലുള്ള അമിതമായ ഇടപെടലാണെന്ന് ഭർത്താക്കന്മാർ  അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ ചെലവിടുന്ന സമയത്തിൽ 15 ശതമാനം ഭർത്താവിന്റെ ഇൻർനെറ്റിലെ  ഇതരബന്ധങ്ങളാണെന്ന് ഭാര്യമാരും പരാതിപ്പെടുന്നു. ഇതെല്ലാം ചെന്നെത്തുന്നത് കുടുംബവഴക്കുകളിലേക്കും ബന്ധങ്ങളിലെ വിള്ളലുകളിലേക്കുമാണെന്ന് സർവേ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ കാര്യത്തിലും സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഏറെ ദോഷം ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.  വഴക്കുകളുള്ള കുടുംബങ്ങളിലെ കുട്ടികൾ വഴിതെറ്റാൻ ഏറെ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ.യിലെ വിവാഹബന്ധങ്ങളെ വലിയ തോതിൽ സമൂഹമാധ്യമങ്ങൾ തകർക്കുന്നതായും  പഠനങ്ങൾ  എടുത്തുപറയുന്നു.

     കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലുമെല്ലാം സമൂഹമാധ്യങ്ങമങ്ങൾ  പലപ്പോഴും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായും പഠനങ്ങൾ പറയുന്നു. ദുബായിലെ സർവേ റിപ്പോർട്ടിനോട് അടുത്തുനിൽക്കുന്ന രീതിയിലാണ് എല്ലാ വിഭാഗം ജനങ്ങളിലെയും നാടുകളിലെയും ഏകദേശ ചിത്രങ്ങളെന്ന് അവിടെനിന്നുള്ള പഠനങ്ങളും പറയുന്നു. ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും  സദാ അഭിരമിക്കുന്ന ജനതയായി  എല്ലാവരും മാറിക്കൊണ്ടിരിക്കുന്നതാണ്. ദുബായ് മെട്രോയിലെ ഒരു യാത്രമതി  ജനം എത്രമാത്രം ഇതിന് അടിമപ്പെട്ടിരിക്കുന്നു എന്നറിയാൻ. നമ്മുടെ നാട്ടിലെ തീവണ്ടിയാത്രകളും ഏതാണ്ട് ഇതിന് സമാനമാണ്. സദാ കൈയിലെ മൊബൈൽ ഫോണിൽ ചാറ്റ്ചെയ്തും സുഹൃത്തുക്കളെ തിരഞ്ഞും യാത്രക്കാർ സമയം കൊല്ലുന്നു. ഇവിടെയുള്ള ബാച്ചിലർ റൂമുകളിലും ഇത് പ്രകടമാണ്. നേരത്തേ കളിയും ചിരിയും ഭക്ഷണം ഉണ്ടാക്കലുമൊക്കെയായി സജീവമായിരുന്ന മുറികളിൽ ഇന്ന് പലപ്പോഴും ഒച്ചയനക്കങ്ങളില്ല. എല്ലാവരും സ്വന്തമായി മൊബൈലിലോ ടാബിലോ തലപൂഴ്തി ഇരിക്കുന്നു. വീട്ടുകാരും സുഹൃത്തുക്കളുമായി  കുശലം പറഞ്ഞും  പുതിയ സൗഹൃദങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടിയും അവർ സമയം കളയുന്നു.

     സമൂഹമാധ്യമങ്ങൾ നൽകുന്ന എല്ലാ നന്മകളെയും ഇത്തരത്തിലുള്ള ചതിക്കുഴികൾ ഇല്ലാതാക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇതിൽ തലപൂഴ്തിയിരുന്ന് സമയം കളയുന്നതും. ഇന്റർനെറ്റിന്റെ ഉപയോഗം പരമാവധി ചുരുക്കുക എന്നതാണ് ഇതിനെല്ലാമുള്ള പ്രതിവിധിയായി  എല്ലാവരും മുന്നോട്ടുവെക്കുന്നത്‌. ഇന്റർനെറ്റും സോഷ്യൽ മീഡിയയും രണ്ട് ഭാഗത്തേക്കുള്ള റോഡുകളാണ്. ഏതുവഴിയെ പോകണമെന്ന് നിശ്ചയിക്കേണ്ടത് നമ്മൾതന്നെയാണ്. ബന്ധങ്ങളെ ശക്തമാക്കാനും ജീവിതം സുഖകരമാക്കാനും ഉള്ളതാണ് ഒരു വഴി. കുഴപ്പം പിടിച്ചതും നാശത്തിലേക്കുള്ളതുമാണ് രണ്ടാമത്തെ വഴി. ഏതുവേണമെന്ന് നമുക്കുതന്നെ തിരഞ്ഞെടുക്കാം. അതേ, സോഷ്യൽ മീഡിയയിലെ വഴി തിരഞ്ഞെടുക്കേണ്ടത് നമ്മൾത്തന്നെയാണ്. രണ്ട് ദിശകളിലേക്കാണ് ആ വഴി എന്നതുമാത്രം മറക്കാതിരിക്കുക.