മൂന്നുമണിക്കൂറിലേറെ നീണ്ട നോണ്‍സ്റ്റോപ്പ് മ്യൂസിക്- അതായിരുന്നു എ.ആര്‍.റഹ്മാന്‍ എന്ന സംഗീതവിസ്മയം വെള്ളിയാഴ്ച രാത്രി ഷാര്‍ജ അന്താരാഷ്ട്രക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അവതരിപ്പിച്ചത്. രാത്രി പന്ത്രണ്ട് കഴിഞ്ഞിട്ടും നിറഞ്ഞുതുളുമ്പി സ്റ്റേഡിയം നിന്നു. പരിപാടിയും പാട്ടും തീര്‍ന്നുവെന്നുപോലും മറന്നുപോയിരുന്നു പലരും . ഇനിയും പാട്ടുകള്‍ വന്നുകൊണ്ടേയിരിക്കുമെന്ന പ്രതീക്ഷയില്‍ ഇരിപ്പിടത്തില്‍ത്തന്നെ ഇരുന്നുപോയി ആയിരങ്ങള്‍. യു.എ.ഇ.യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഗീത പരിപാടികളിലൊന്നായി മാതൃഭൂമി -എ.ആര്‍.റഹ്മാന്‍ ലൈവ് 2017 അങ്ങനെ ഇടം പിടിച്ചു. ഷാര്‍ജ സ്റ്റേഡിയത്തില്‍ വൈകീട്ട് ആറുമണിയോടെതന്നെ ഇടംപിടിച്ച കാല്‍ലക്ഷത്തിലേറെ സംഗീതാസ്വാദകര്‍ അതിന് സാക്ഷികളായി. 

ക്രിക്കറ്റിന്റെ മാസ്മരികമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇതുവരെ ഉയര്‍ന്നതില്‍ ഏറ്റവും വലിയ സ്റ്റേജ്, റഹ്മാന്റെതന്നെ സംഗീതപരിപാടികളിലെ ഏറ്റവും മനോഹരമായ വേദി, അത്യാധുനിക ശാസ്ത്രസാങ്കേതികവിദ്യകള്‍ സമന്വയിച്ച ദീപ, ശബ്ദ സംവിധാനങ്ങള്‍, റഹ്മാന്‍ തിരഞ്ഞെടുത്ത സംഗീതജ്ഞര്‍, നര്‍ത്തകര്‍... ഓരോ ഇനത്തിലും ഒരു ക്ലാസിക് ടച്ച് ഉണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ വന്‍ജനാവലിയും അത്തരം ക്ലാസിക് ടച്ച് തന്നെ സമ്മാനിച്ചു. ഗായകനും സദസ്സും ഒരുപോലെ പരസ്പരം അറിഞ്ഞലിഞ്ഞ അവസ്ഥ. പരിപാടി കണ്ടിറങ്ങിയ ഓരോ ആള്‍ക്കും പറയാനുണ്ടായിരുന്നത് ആ അവസ്ഥയെ കുറിച്ചായിരുന്നു. അവസാനംവരെ എല്ലാം മറന്ന് കാണികള്‍ ആസ്വദിച്ച ഒരു പരിപാടി അടുത്തൊന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാവരും ഒരുപോലെ എടുത്തുപറയുന്നു. ആഴ്ചകളോളംനീണ്ട ഒരുക്കങ്ങള്‍ക്കും പ്രയത്‌നത്തിനും ലഭിച്ച അംഗീകാരമായി ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആ വാക്കുകള്‍. 

എ.ആര്‍.റഹ്മാന്‍ എന്ന സംഗീതപ്രതിഭ ഏഴുവര്‍ഷത്തിന് ശേഷമാണ് യു.എ.ഇ.യില്‍ ഒരു സംഗീതപരിപാടി നടത്തുന്നത്. പക്ഷേ, ഇരുപതുവര്‍ഷംമുമ്പ് ആദ്യമായി നടത്തിയ സംഗീതരാവായിരുന്നു തന്റെ മനസ്സില്‍ ഇപ്പോഴും ഉള്ളതെന്ന് അദ്ദേഹം എല്ലാ അഭിമുഖങ്ങളിലും പറയാറുണ്ട്. അതിനെയും കവച്ചുവെക്കുന്ന ഒന്നായി മാറി വെള്ളിയാഴ്ച രാത്രി ഷാര്‍ജയിലെ സംഗീതരാവ്. റഹ്മാന്‍ തന്നെ അത് പങ്കുവെച്ചു. ഇരുപതുവര്‍ഷംമുമ്പ് ആദ്യമായി ദുബായില്‍ താന്‍ നടത്തിയ ഷോ കണ്ടവരുടെ അടുത്ത തലമുറകൂടി ഇത്തവണ കാണാന്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് തലമുറകളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ ഒരുക്കിയ ഷോ പൂര്‍ണമായും എ. ആര്‍. റഹ്മാന്‍ എന്ന സംഗീതപ്രതിഭയെ അനാവരണം ചെയ്യുന്നതായിരുന്നു. ഗായകനായും സംഗീതോപകരണങ്ങളുടെ മാസ്റ്ററായുമെല്ലാം മൂന്നുമണിക്കൂറും വേദിയില്‍ റഹ്മാന്‍ നിറഞ്ഞു നിന്നു. ഓരോ പാട്ടിലും എന്തെങ്കിലും അദ്ഭുതങ്ങള്‍ അദ്ദേഹം ഒളിപ്പിച്ചിരുന്നു. ഓരോ പാട്ടിനും കാതോര്‍ത്തിരുന്ന പുരുഷാരം അത് അറിഞ്ഞാസ്വദിച്ചു. 

വിവിധ ഭാഷക്കാരുടെയും സംസ്‌കാരങ്ങളുടെയും വിശാലമായ ഭൂമികയാണ് യു.എ.ഇ. മലയാളി സമൂഹമാണ് ഏറെയും തടിച്ചുകൂടിയതെങ്കിലും ഉത്തരേന്ത്യക്കാരും തമിഴ്‌നാട്ടുകാരുമൊക്കെ 'ഇസൈ തെന്നലി'നെ കേള്‍ക്കാന്‍ ധാരാളമായുണ്ടായിരുന്നു. ഒരൊറ്റ മലയാള സിനിമയ്ക്കുവേണ്ടി മാത്രമേ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ളൂവെങ്കിലും മലയാളിയുടെ ഹൃദയം കവര്‍ന്നിരുന്നു മദ്രാസ് മൊസാര്‍ട്ട്. സംഗീതത്തിന് ഭാഷയില്ലെന്ന് ഒരിക്കല്‍ക്കൂടി ഷാര്‍ജയില്‍ തെളിഞ്ഞു. മലയാളിയും തമിഴനും തെലുങ്കനും ഹിന്ദിക്കാരുമെല്ലാം റഹ്മാന്റെ പാട്ടിനനുസരിച്ച് ഉറക്കെ പാടി, അതിനൊപ്പം അവരുടെ ഹൃദയം തുടിച്ചു. ഗാലറികള്‍ നൃത്തച്ചുവടുവെച്ചു. ഒരിക്കല്‍പോലും ഒരു അപശബ്ദംപോലും ഉയര്‍ന്നില്ല. അതായിരുന്നു റഹ്മാന്‍ മാജിക് .

സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ജനാവലിയും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. ഏറെനേരം ക്യൂനിന്നാണ് എല്ലാവര്‍ക്കും അകത്തുകയറാനായത്. എന്നാല്‍, പ്രശ്‌നങ്ങളൊന്നുംകൂടാതെതന്നെ എല്ലാവരും സീറ്റുകള്‍ കണ്ടെത്തി റഹ്മാനെ കാത്തിരുന്നു. അവതാരകരുടെ ആഹ്വാനമില്ലാതെതന്നെ സ്വമേധയാ കൈയടിച്ച് അദ്ദേഹത്തെ അവര്‍ സ്‌നേഹംകൊണ്ട് അനുമോദിച്ചു. പരിപാടിക്ക് ശേഷവും ഒരു പ്രശ്‌നവുമില്ലാതെ എല്ലാവരും പിരിഞ്ഞുപോയി. ഒരു പരിപാടി വിജയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അതാണ് എ.ആര്‍.റഹ്മാന്‍ എന്ന സംഗീതപ്രതിഭ യു.എ.ഇ.ക്ക് സമ്മാനിച്ച അനുഭവം. അതിന് വേദിയൊരുക്കിയ 'മാതൃഭൂമി'ക്കും ഇത് അഭിമാനനിമിഷം. 

യു.എ.ഇ.യില്‍ 'മാതൃഭൂമി' എഡിഷന്‍ തുടങ്ങിയത് 2013 മാര്‍ച്ച് 18-നായിരുന്നു. 1923-ല്‍ കോഴിക്കോട്ട് പിറവിയെടുത്ത 'മാതൃഭൂമി'യുടെ ഇന്ത്യക്കുപുറത്തെ ആദ്യത്തെ എഡിഷനായിരുന്നു അത്. മാര്‍ച്ച് 18 വീണ്ടുമെത്തുമ്പോള്‍ ശനിയാഴ്ച നാലാംപിറന്നാള്‍ ആഘോഷിക്കുന്ന മാതൃഭൂമിയുടെ യു.എ.ഇ.എഡിഷന് ഇതൊരു അഭിമാനമുഹൂര്‍ത്തമായി. മാതൃഭൂമി ന്യൂസ്ചാനലും പുതുതായി പിറവിയെടുത്ത ക്ലബ് എഫ്.എം. 99.6 റേഡിയോയും മാതൃഭൂമി ഡോട്ട് കോമുമെല്ലാം ചേര്‍ന്ന് റഹ്മാന്‍ ഷോ ഏറ്റെടുക്കുമ്പോള്‍ അത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍, യു.എ.ഇ.യുടെ സാംസ്‌കാരികഭൂമികയില്‍ ഈ ചെറിയകാലംകൊണ്ട് റഹ്മാന്‍ ഷോ പോലൊരു വലിയ പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള കരുത്ത് മാതൃഭൂമിക്ക് ഈ മണ്ണ് നല്‍കി. മാതൃഭൂമിയോടുള്ള സ്‌നേഹം കൂടിയായാണ് ഈ ഷോയുടെ വിജയത്തെ മാതൃഭൂമി പ്രവര്‍ത്തകര്‍ കാണുന്നത്. അതിനോട് സഹകരിച്ചവര്‍, സ്‌നേഹംകൊണ്ടും സഹകരണം കൊണ്ടും കരുത്തുപകര്‍ന്നവര്‍, ഏറ്റവും മികച്ച കലാപരിപാടിക്കായെത്തി സംതൃപ്തരായി മടങ്ങിയ ആയിരങ്ങള്‍...എല്ലാവര്‍ക്കും നന്ദി.