അപ്പോള്‍ നമുക്ക് മുറവിളികൂട്ടാന്‍ വീണ്ടും സമയമായിട്ടുണ്ട്. അവധിക്കാലം വരവായി. നാട്ടിലെ സ്‌കൂള്‍ അവധി ഏപ്രില്‍ ഒന്നിന് തുടങ്ങും. ആ അവധിയില്‍ ഇവിടെ എത്താനോ നാട്ടില്‍ കുടുംബത്തിനൊപ്പം ചേരാനോ വിമാനയാത്രയ്ക്ക് ഒരുക്കം കൂട്ടുകയാണ് ആയിരങ്ങള്‍. ഈ കാലം മുന്‍കൂട്ടിക്കണ്ട് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കും കൂടിത്തുടങ്ങി. അടുത്തമാസമാവുമ്പോഴേക്കും അത് ഇന്നത്തേതിന്റെ മൂന്നിരട്ടിയെങ്കിലുമാവും. ജൂണ്‍ അവസാനത്തോടെ ഗള്‍ഫ് നാടുകളിലെയും സ്‌കൂള്‍ അവധി തുടങ്ങുകയായി. പെരുന്നാള്‍ അവധികള്‍ കൂടി വരുന്നതോടെ നാട്ടിലേക്കുള്ള യാത്രക്കാര്‍ ആയിരങ്ങളാവും. ആ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കും ഇപ്പോഴേ ഉയര്‍ന്നുതുടങ്ങി. 


അവധിയും ആ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് വര്‍ധനയും കാലങ്ങളായി പ്രവാസികളുടെ പ്രധാന വിഷയമാണ്. നിവേദനങ്ങളും മന്ത്രിമാരെ കാണലും പ്രഖ്യാപനങ്ങളും ഉറപ്പുകളുമൊക്കെ ഇതിന്റെ ഭാഗമായി നടക്കുന്ന മനോഹരമായ ആചാരങ്ങളുമാണ്. പക്ഷേ, കാലം എത്ര കഴിഞ്ഞിട്ടും ഇതിനൊന്നും ഒരു പരിഹാരവും ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നാണ് ചൊല്ല്. പക്ഷേ, പ്രവാസിയുടെ വിമാനയാത്രയുടെ കാര്യം വരുമ്പോള്‍ അതിലൊന്നും ഒരു അര്‍ഥവുമില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ ഓരോ വര്‍ഷം കഴിയുന്തോറും അതൊരു തമാശയായി പ്രവാസിക്ക് തോന്നിത്തുടങ്ങിയിട്ടുമുണ്ട്. ഓരോ അവധിക്കാലത്തും ഇത് കണ്ടും കേട്ടും അനുഭവിച്ചും പ്രവാസികള്‍ക്ക് ഇപ്പോള്‍ ഇതിലൊരു പുതുമയും ഇല്ല എന്നായിട്ടുണ്ട്. എന്നിട്ടും ഓരോ സീസണിലും അവര്‍ മുറവിളി കൂട്ടും. സര്‍ക്കാര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടും. അതും ഒരു ശീലത്തിന്റെ ഭാഗമായി മാറി. പ്രവാസി സംഘടനകള്‍ക്ക് പ്രമേയം പാസാക്കാനുള്ള വിഷയം കൂടിയാണ് അതെന്നുമാത്രം. 


ജൂണ്‍ അവസാനത്തോടെ വരുന്ന അവധിക്കാലം കത്തുന്ന വെയിലില്‍നിന്നൊരു മോചനവും കൂടിയാണ് പ്രവാസികള്‍ക്ക്. അതിനാലാണ് ഈ സമയം നാട്ടിലേക്കുള്ള യാത്രയ്ക്കായി അവര്‍ ഒരുക്കംകൂട്ടുന്നത്. അവധിയെക്കുറിച്ചും യാത്രകളെക്കുറിച്ചുമൊക്കെ വളരെ മുന്‍കൂട്ടിത്തന്നെ ആസൂത്രണം ചെയ്യുന്നവര്‍ നേരത്തേതന്നെ മോശമില്ലാത്ത നിരക്കില്‍ ടിക്കറ്റുകള്‍ എടുത്തുവെച്ചിരിക്കാം. പക്ഷേ, ബഹുഭൂരിപക്ഷവും, ഓഫീസവധി, കുട്ടികളുടെ പരീക്ഷകള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടിക്കുന്നു. വ്യാപാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കാകട്ടെ ഇത്തരത്തിലുള്ള ആസൂത്രണങ്ങളൊന്നും ഒരിക്കലും നടക്കാറുമില്ല. അതുകൊണ്ട് തന്നെ വിമാനക്കമ്പനികളുടെ ചൂഷണത്തിന് ഏറ്റവുമധികം തലവെച്ചു കൊടുക്കേണ്ടിവരുന്നവരും അവരാണ്. കഴിഞ്ഞവര്‍ഷം നാലും അഞ്ചും ഇരട്ടി വരെയാണ് ടിക്കറ്റിനായി അവര്‍ക്ക് നല്‍കേണ്ടിവന്നത്. 


വിമാനയാത്രാ ടിക്കറ്റുകള്‍ക്ക് ഇങ്ങനെ വിലകൂട്ടുന്നതില്‍ ഇന്ത്യന്‍ കമ്പനിയെന്നോ വിദേശകമ്പനിയെന്നോ വ്യത്യാസമൊന്നുമില്ല. എല്ലാവരും ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍ എന്ന മട്ടിലാണ് മത്സരിക്കുന്നത്. ഈ സീസണില്‍ യൂറോപ്പ് യാത്രയെക്കാള്‍ വിലപിടിപ്പുള്ളതാണ് മൂന്നര മണിക്കൂറോളം നീളുന്ന കേരളത്തിലേക്കുള്ള യാത്രടിക്കറ്റുകള്‍. എല്ലാ വര്‍ഷവും വിമാനടിക്കറ്റിന്റെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ളയ്ക്ക് എതിരെ പ്രവാസിസംഘടനകള്‍ ശബ്ദമുയര്‍ത്താറുണ്ട്. സാധാരണക്കാരന്റെ വേവലാതിയും പരാതികളും കണ്ടറിഞ്ഞ് തന്നെയാണ് സംഘടനകള്‍ നിവേദനം തയ്യാറാക്കിയും ഇവിടെയെത്തുന്ന മന്ത്രിമാര്‍ക്ക് അത് സമര്‍പ്പിച്ചുമൊക്കെ വികാരം പങ്കുവെക്കുന്നത്. പരിഗണിക്കാം എന്ന പതിവ് ഉറപ്പുംനല്‍കി നേതാക്കളെല്ലാം പെട്ടി മുറുക്കി വിമാനം കയറുകയും ചെയ്യും. ഞാനിത് പാര്‍ലമെന്റിലും അസംബ്ലിയിലുമെല്ലാം ശക്തമായി ഉന്നയിക്കുമെന്ന് പറയാതെ ഒരൊറ്റ നേതാവും ഈ മണ്ണില്‍നിന്ന് മടങ്ങിയിട്ടില്ല.


പ്രവാസിയുടെ കൈയടി നേടാനും വാര്‍ത്തകളില്‍ നിറയാനും ഇതൊക്കെ ധാരാളം മതിയെന്ന് നേതാക്കള്‍ക്കറിയാം. കഴിഞ്ഞതവണയും താങ്കള്‍ ഇതുതന്നെയാണല്ലോ പറഞ്ഞതെന്നോ എത്രവര്‍ഷമായി ഇത് ആവര്‍ത്തിക്കുന്നുവെന്നോ ഇവിടെയുള്ള ഒരു പ്രവാസിയും പരസ്യമായി നേതാക്കളോട് ഇതുവരെ ചോദിച്ചിട്ടില്ല. അതിന് ധൈര്യമില്ലാഞ്ഞിട്ടല്ല, ആതിഥ്യമര്യാദയോര്‍ത്ത് അവന്‍ അത് ചോദിക്കാറില്ല. എന്നാല്‍, എത്ര പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് ഇവിടെയുള്ളവര്‍ ഇത്തരം പ്രസ്താവനകളും ഉറപ്പുകളും ഉള്‍ക്കൊള്ളുന്നത് എന്ന് നേതാക്കള്‍ ഇതുവരെ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.


യാത്രക്കാരുടെ തിരക്ക് ഇല്ലാത്തപ്പോള്‍ ചെറിയ വിലയ്ക്ക് ടിക്കറ്റുകള്‍ നല്‍കേണ്ടിവരുന്നുവെന്നും അതിന്റെ നഷ്ടമാണ് സീസണുകളില്‍ വിലകൂട്ടുന്നതിന് കാരണമെന്നുമാണ് വിമാനക്കമ്പനികളുടെ പതിവ് ന്യായം. എന്നാല്‍, കേരളസെക്ടറിലെ മിക്ക വിമാനങ്ങളും മിക്കവാറും എല്ലാദിവസങ്ങളിലും നിറഞ്ഞ് തന്നെയാണ് പോകാറുള്ളതെന്നാണ് അനുഭവം. വിലക്കുറവ് കാരണമാണ് ഇത് നിറയുന്നത് എന്നതാണ് അതിനുള്ള മറുപടി. രണ്ടും മൂന്നും കൊല്ലം കൂടുമ്പോള്‍ മാത്രം നാട്ടിലേക്ക് പ്രവാസി പോയിരുന്ന കാലമുണ്ടായിരുന്നു. എന്നാലിന്ന് മാസംതോറും യാത്രചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. വ്യാഴാഴ്ച രാത്രികളില്‍പ്പോയി ഞായറാഴ്ച തിരിച്ചെത്തുന്ന ബിസിനസ്സുകാരും ധാരാളം. 


അതൊക്കെ ചെറിയൊരു വിഭാഗം മാത്രം. പ്രവാസികളില്‍ ബഹുഭൂരിപക്ഷവും ചെറിയ ശമ്പളത്തില്‍ കഴിയുന്നവരാണ്. അവരാണ് ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ നാടുംവീടും കാണാനായി മോഹിച്ച് യാത്രകള്‍ക്കൊരുങ്ങുന്നത്. അവര്‍ക്കാണ് ഇടിത്തീ പോലെ ടിക്കറ്റ് നിരക്ക് വര്‍ധന അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ളവര്‍ക്ക് ദേശീയ വിമാനക്കമ്പനികളെങ്കിലും അല്‍പ്പം ഇളവുകളോടെ ടിക്കറ്റ് നല്‍കണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അതൊന്നും ഇതുവരെ ചര്‍ച്ചയ്ക്ക് പോലും വിഷയമായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.


എന്തായാലും പുതിയ സീസണ് തുടക്കമായി. ഈ വര്‍ഷവും മിതമായ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവാന്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും കവി പാടിയതുപോലെ വെറുതെ മോഹിക്കുവാന്‍ മോഹം... അതാണ് പ്രവാസികളുടെ ഇന്നത്തെ മാനസികാവസ്ഥ.