മനാമ: നൂറ്റാണ്ടുകളായി പലസ്തീന്‍  മണ്ണില്‍ ജീവിക്കുന്നവരെ നിര്‍ബന്ധമായി വീടുകളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നതും ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലെ അക്രമങ്ങളും അപലപിക്കുന്നതായും ബഹ്റൈനിലെ പലസ്തീന്‍ സപ്പോര്‍ട്ട് സൊസൈറ്റി കോഓര്‍ഡിനേറ്റര്‍ ഹംസ നസ്സാല്‍. സ്വന്തം നാട്ടില്‍ സ്വാതന്ത്രത്തോട് കൂടി ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ ആയാണ് ഗസ്സ സന്ദര്‍ശിച്ചപ്പോള്‍ അനുഭവപ്പെട്ടതെന്നും അവരുടെ അതിജീവിക്കാനുള്ള ചെറുത്തുനില്‍പ്പുകള്‍ അതിശയകരം ആണെന്നും സ്‌ട്രൈവ് യുകെ പ്രതിനിധി ഷഹീന്‍ കെ മൊയ്ദുണ്ണി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സമീര്‍ ബിന്‍സിയുടെ പാട്ടും പറച്ചിലും ഐക്യദാര്‍ഢ്യ ഗാനങ്ങള്‍ അരങ്ങേറി. 

മുഹമ്മദ് അബ്ദുറഹീമിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ്വി സമാപനവും പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം സ്വാഗതവും ജനറല്‍ സെക്രട്ടറി വി എന്‍ മുര്‍ഷാദ് നന്ദിയും പറഞ്ഞു.