മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സി ഇ ഒ ഡോ. ശരത്ചന്ദ്രന്‍ നിര്‍വഹിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കും. 

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സംക്ഷിപ്ത രൂപം പ്രസിഡണ്ട് എബ്രഹാം സാമുവല്‍ വിശദീകരിച്ചു. 12 മാസങ്ങളിലും നടക്കുന്ന കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വാക്‌സിന്‍ ബോധവല്‍ക്കരണം, മലയാള സംസ്‌കാരത്തെ ലോക ജനതയിലേക്കെത്തിക്കുന്ന സാംസ്‌കാരിക നായകര്‍ പങ്കെടുക്കുന്ന പരിപാടികള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്തിയുള്ള സെമിനാറുകള്‍, റേഡിയോ നാടക മത്സരം, തെരുവ് നാടക മത്സരം, ഷോര്‍ട്ട് ഫിലിം മത്സരം, മലയാളത്തിന്റെ ഗ്രാമീണ കലാ രൂപങ്ങളുടെ അവതരണവും, മത്സരങ്ങളും, പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രഗത്ഭരെ കോര്‍ത്തിണക്കി വിദ്യാഭ്യാസ സെമിനാര്‍  എന്നിവ സംഘടിപ്പിക്കും. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 12 മാസങ്ങളിലെ വിവിധ പരിപാടികളോടെ 2022 ആഗസ്ത് മാസത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുന്‍ ഭാരവാഹികളെയും ഗ്ലോബല്‍ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സമാപന സമ്മേളനത്തോടെ പര്യവസാനിക്കും. സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുന്ന വേള്‍ഡ് മലയാളീ കൗണ്‍സിലിന് അഭിനന്ദനങ്ങളും, ആഘോഷങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അല്‍ ഹിലാല്‍ ഗ്രൂപ്പ് സി ഇ ഒ ഡോ. ശരത് ചന്ദ്രന്‍ അറിയിച്ചു.

ചടങ്ങില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എബ്രഹാം സാമുവല്‍ അധ്യക്ഷത വഹിച്ചു. മിഡില്‍ ഈസ്റ്റ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ തെരുവത്ത്, പ്രോവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ ജയചന്ദ്രന്‍, ഹരീഷ് നായര്‍, സെക്രട്ടറി പ്രേംജിത്, എബി തോമസ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡണ്ട് ആഷ്ലി കുര്യന്‍, അസോസിയേറ്റ് സെക്രട്ടറി രാജീവ് വെള്ളിക്കോത്ത്, ട്രഷറര്‍ ദിലീഷ് കുമാര്‍, ബൈജു അറാദ്, സന്ദീപ് കണ്ണൂര്‍, അബ്ദുള്ള ബെള്ളിപ്പാടി, ജെയ്‌സണ്‍ കാവുംകാലത്ത്, എസ്സ്. സന്തോഷ് കുമാര്‍, വിനോദ് ലാല്‍, ബിനു പാപ്പച്ചന്‍, സതീഷ് ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.