മനാമ: ലോകാരോഗ്യസംഘടനയുടെ 152 മത്തെ ഓഫീസ് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മനാമയില്‍ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ അദ്ദേഹം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. പൊതുജനാരോഗ്യ രംഗത്ത് രാജ്യം നല്‍കുന്ന പ്രാധാന്യം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റു രാജ്യങ്ങള്‍ക്കു മാതൃകയാക്കാവുന്ന രാജ്യമാണ് ബഹ്റൈന്‍ എന്നും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പു നല്‍കുന്ന ബഹ്റൈന്‍ ഭരണനേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സൗജന്യ വാക്സിന്‍ ലഭ്യമാക്കുകയും കോവിഡ് പ്രതിരോധത്തിന് രാജ്യം നല്‍കിയ പ്രാധാന്യം ശ്രദ്ധേയമാണെന്നും ബഹ്റൈനില്‍ തങ്ങളുടെ പ്രതിനിധി ഓഫീസ് ആരംഭിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ഓഫീസില്‍ ഉദ്ഘാടനത്തിനു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

ബഹ്‌റൈനില്‍ ഓഫീസ് ആരംഭിക്കുവാന്‍ അവസരം നല്‍കിയതിനു ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിച്ചു.''ലോകത്തെ 152-ാമത്തെ ഓഫീസായ ബഹ്റൈനിലെ ലോകാരോഗ്യ സംഘടന ഓഫീസ് ആരോഗ്യമേഖലയില്‍ തന്ത്രപരവും സാങ്കേതികവുമായ സഹായം നല്‍കുന്നു. ഇത് പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുടരുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സഹായിക്കും. ഡോ. ഗെബ്രിയേസസ് പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് സജീവമായ നടപടികളും വിജയകരമായ സംരംഭങ്ങളും കൈക്കൊണ്ട ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയോടുള്ള അംഗരാജ്യങ്ങളുടെ പ്രതികരണം ലോകാരോഗ്യ സംഘടന സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാന്‍ഡെമിക് വൈറസ്  ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയ്ക്കുന്നതും ബഹ്റൈന്‍ നേടിയ പോസിറ്റീവ് സൂചകങ്ങളെ അദ്ദേഹം പ്രശംസിച്ചു. ബഹ്റൈനില്‍ കോവിഡ് -19 നേരിടാനുള്ള ശ്രമങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.

ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബഹ്‌റൈന്‍ ആരോഗ്യവകുപ്പുമന്ത്രി ഫെയ്ഖ ബിന്‍ത് സായിദ് അല്‍ സാലേഹ് പറഞ്ഞു. രാജ്യവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ഏകോപനത്തിന്റെ തുടര്‍ച്ചയാണ് സന്ദര്‍ശനമെന്ന് അവര്‍ പറഞ്ഞു. പ്രത്യേകിച്ച് കൊറോണ വൈറസിനെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്. ആരോഗ്യമേഖലയില്‍ ബഹ്റൈന്‍ വഹിച്ച പങ്കിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആത്മവിശ്വാസം ഇത് പ്രതിഫലിപ്പിക്കുന്നു, ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സഹകരണവും സംയുക്ത പ്രവര്‍ത്തനവും ഏകോപനവും പുതിയ ഓഫീസ് ശക്തിപ്പെടുത്തുകയും പകര്‍ച്ചവ്യാധികളെയും രോഗങ്ങളെയും പ്രതിരോധിക്കാനും ആരോഗ്യ സേവനങ്ങളുടെയും ചികിത്സയുടെയും വികസനത്തിനും അനുഭവങ്ങളും വിവരങ്ങളും കൈമാറാനും ഇത് സഹായിക്കും. ഇന്ന് ഔ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ബഹ്റൈന്‍ ഓഫീസിന്റെ പ്രതിനിധി ഡോ. തസ്‌നിം അതത്രയെയും അവര്‍ സ്വാഗതം ചെയ്തു.