മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ സ്‌ട്രെസ്സ് ആന്‍ഡ് സ്റ്റഫ് എന്ന ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു. എഴുത്തുകാരനും മോട്ടിവേഷന്‍ സ്പീക്കറുമായ സിറാജുദ്ധീന്‍ പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തില്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും അതിജീവിക്കുവാന്‍ ഓരോ മനസ്സിനെയും പാകപ്പെടുത്തിയെടുക്കുവാനായിട്ടാണ് ഇത്തരത്തിലൊരു വെബിനാര്‍ സംഘടിപ്പിച്ചത്. ഇതോടൊപ്പം പവിഴദ്വീപിലെ കോഴിക്കോട്ടുകാരായ കലാപ്രതിഭകള്‍ 'മ്യൂസിക് ഈവ്' എന്ന സംഗീത പരിപാടിയും ഒരുക്കിയിരുന്നു. പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ പ്രസിഡന്റ് ബാബു ജി നായര്‍ അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് ഫറോക്ക് പരിപാടികള്‍ നിയന്ത്രിച്ചു. പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍ ജനറല്‍ സെക്രട്ടറി വിന്‍സെന്റ് തോമസ് സ്വാഗതവും ട്രഷറര്‍ സതീഷ് കെ.ഇ നന്ദിയും പറഞ്ഞു.