മനാമ: അഭിരുചിയുള്ള കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ തലം മുതല്‍ തന്നെ ഐ എ എസ് പരിശീലനം നല്‍കുന്നത് രാഷ്ട്ര ഭാവി മാറ്റുന്ന മികച്ച ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കാന്‍ വഴി ഒരുക്കുമെന്ന് ഡോ:അബൂബക്കര്‍ സിദ്ധീഖ് ഐ എ എസ്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ മൃഗ-കൃഷി പരിപാലന സെക്രട്ടറി ആയ ഡോ :അബൂബക്കര്‍ സിദ്ധീക് കരിയര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കരിയര്‍ ആന്‍ഡ് ലേര്‍ണിംഗ് വിഭാഗത്തിന്റെ പ്രഥമ വെബ്ബിനാറില്‍ 'ഐ എ എസിലേക്കുള്ള വഴികള്‍' എന്ന വിഷയത്തില്‍ ക്ളാസ്സെടുക്കുകയിയിരുന്നു.
വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ചെറുപ്രായത്തില്‍ തന്നെ വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം തുടങ്ങിയ ശേഷികള്‍ പരിപോഷിപ്പിക്കപ്പെടണം. സിലബസ് മനസിലാക്കി സമയ ബന്ധിതവും ഘടനാപരവുമായ പരിശീലനം പിന്നീട് നല്‍കിയാല്‍ ഐ എ എസ് പരീക്ഷ ഏറെ എളുപ്പമാക്കാം.
വിദ്യാത്ഥികള്‍ അവര്‍ക്കു പ്രണയം തോന്നുന്ന വിഷയങ്ങള്‍ മാത്രമേ ഭാവിയില്‍ ഐച്ഛിക വിഷയമായി ഐ എ എസ്സിന് തിരഞ്ഞെടുക്കാവൂ എന്ന് ഡോ:അബൂബക്കര്‍ സിദ്ധീഖ് ഉല്‍ബോധിപ്പിച്ചു. ഇഷ്ടവിഷയം ആസ്വദിച്ചു പഠിക്കുന്നവര്‍ സമൂഹത്തിനു തന്നെ ഭാവിയില്‍ മുതല്‍ കൂട്ടാവും. ഐ എ എസ് വിജയിക്കേണ്ടതിനുള്ള അക്കാഡമിക്കല്‍ കഴിവുകളെ കുറിച്ച് സമൂഹ സങ്കല്പങ്ങള്‍ ഇനിയും മാറ്റപ്പെടാനുണ്ടെന്നും അദ്ദേഹം അനുഭവ സഹിതം വിലയിരുത്തി. സാമൂഹ്യ പ്രവര്‍ത്തക ഷെമിലി പി ജോണ്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. യൂനുസ് രാജ് മോഡറേറ്ററും ഷിബു പത്തനംതിട്ട അധ്യക്ഷനുമായിരുന്നു. സിജി ബഹ്റൈന്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ മന്‍സൂര്‍ പി.വി സ്വാഗതവും കരിയര്‍ ആന്‍ഡ് ലേര്‍ണിംഗ് വിഭാഗം കോഓര്‍ഡിനേറ്റര്‍ നിസാര്‍ കൊല്ലം നന്ദിയും പറഞ്ഞു. ഷാനവാസ് സൂപ്പി, യൂസഫ് അലി, ധന്‍ജീബ് അബ്ദുല്‍ സലാം നേതൃത്വം നല്‍കി.