മനാമ: ബഹ്‌റൈന്‍ കേരളാ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ കെസിഎ സയാനി മോട്ടോര്‍സ് ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2019, കെ സി എ അങ്കണത്തില്‍ അടുത്ത മാസം നടക്കുമെന്ന് കെസിഎ ആക്ടിങ് പ്രസിഡന്റ് നിത്യന്‍ തോമസും ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 12 ശനിയാഴ്ച വൈകീട്ട് 7.30നു കെസിഎയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്കും അതിനു ശേഷമുള്ള മത്സരം വീക്ഷിക്കുന്നതിനും എല്ലാ സ്‌പോര്‍ട്‌സ് പ്രേമികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
നിരവധി വര്‍ഷങ്ങളായി നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ പ്രധാന ഉദ്ദേശം 
സ്‌പോര്‍ട്‌സിലൂടെ ആശയ വിനിമയം നടത്തുന്നതിനും ഐക്യവും സാഹോദര്യവും കെട്ടിപ്പടുക്കുന്നതിനുമാണ്.

സൗദി അറേബ്യ, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ ദേശീയ, അന്തര്‍ദേശീയ കളിക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകര്‍ഷകമായ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് നല്‍കുന്നതാണ്. കെസിഎ എല്ലാ വര്‍ഷവും നടത്തിവരുന്ന ഈ വോളിബോള്‍ ടൂര്‍ണമെന്റിന്റെ പ്രായോജകരാകുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സയാനി മോട്ടോര്‍സ് ജനറല്‍ മാനേജര്‍ മൊഹമ്മദ് സാക്കി പറഞ്ഞു. കുറഞ്ഞത് 8 ടീമുകള്‍ എങ്കിലും പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ രണ്ടു പൂളുകളായി തിരിച്ചു ആണ് ലീഗ് മത്സരങ്ങള്‍ നടക്കുക എന്ന് കെസിഎ സ്‌പോര്‍ട്‌സ് സെക്രട്ടറി എം കെ ജേക്കബ് പറഞ്ഞു. ഓരോ പൂളില്‍നിന്നും പോയിന്റ് നിലയില്‍ മുന്നിലുള്ള 2 ടീമുകള്‍ വീതം സെമി ഫൈനലിലേക്കു യോഗ്യത നേടും. 

എല്ലാ ദിവസവും വൈകിട്ട് 7.30 നു മത്സരങ്ങള്‍ ആരംഭിക്കുമെന്നും ടൂര്‍ണമെന്റിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായും വോളീബോള്‍ കണ്‍വീനര്‍ ഷിജു ജോണ്‍ അറിയിച്ചു. പ്രത്യേക സീറ്റിംഗ് ക്രമീകരണങ്ങള്‍ ആണ് കാണികള്‍ക്കായി ഒരുക്കുന്നത്.  

ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് തോമസ് പുത്തന്‍വീടന്‍ ടൂര്‍ണമെന്റ് കണ്‍വീനര്‍ ആയിട്ടുള്ള ഒരു വലിയ കമ്മിറ്റിക്കു രൂപം കൊടുത്തിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് 39243381, 39436700, 39294910 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സിജി ഫിലിപ്പ്, നഹാദ, വര്‍ഗീസ് കാരക്കല്‍, കെ.പി.ജോസ്, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.