മനാമ: സമുന്നത നേതാവും മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായ വികെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക-മതേതര രംഗത്തിന് തീരാനഷ്ടമാണെന്ന് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി. തന്റെ മതേതര-സാഹോദര്യ കാഴ്ചപ്പാടുകള്‍ കൊണ്ടും പ്രവര്‍ത്തനശൈലി കൊണ്ടും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കപ്പുറം വളര്‍ന്ന നേതാവായിരുന്നു അദ്ദേഹം. ഏറെ പ്രതിസന്ധികള്‍ക്കിടയിലും മുസ്ലിം ലീഗിനെ അതിയായി സ്നേഹിച്ച്, വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് അടിത്തറ പാകിയ നേതാവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ലീഗിനും കെഎംസിസിക്കും ഏറെ വേദനാജനകമാണ്. കെഎംസിസിയുടെ മിക്ക വേദികളിലും സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നികത്താന്‍ കഴിയാത്തതാണ്. ഓരോ പ്രവര്‍ത്തകരെയും അടുത്തറിഞ്ഞായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ സൗഹൃദ്ബന്ധങ്ങള്‍ സൂക്ഷിച്ച അദ്ദേഹം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ്. തൂവെള്ള വസ്ത്രം ധരിച്ച് എന്നും പുഞ്ചിരിയോടെ നിലകൊണ്ട അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ കേരള രാഷ്ട്രീയത്തില്‍ എല്ലാകാലത്തും പ്രതിഫലിക്കുമെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അനുശോചനത്തില്‍ പറഞ്ഞു.

Content Highlights: The demise of VK Abdul Qadir Moulavi is painful says KMCC Bahrain