മനാമ; ജീവകാരുണ്യരംഗത്ത് ഇതിനോടകം നിരവധി അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള 'തണല്‍', കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയ പ്രയാസങ്ങള്‍ മൂലം കഷ്ടപ്പെടുന്ന നിരാലംബരും അവശരും ആയ രോഗികളെ സഹായിക്കുവാനായി രംഗത്ത്. കോഴിക്കോട് ഇഖ്റ ആശുപത്രിയുമായി ചേര്‍ന്ന് വലയ പദ്ധതികളാണ് തണല്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് തണല്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിനോടകം തന്നെ നിരവധി വെന്റിലേറ്ററുകള്‍ നല്‍കുവാനും ആയിരകണക്കിന് രോഗികളെ സൗജന്യമായി ചികില്‍സിക്കുവാനും കഴിഞ്ഞു എന്നത് തണലിന് വലിയ ആശ്വാസമാണ് നല്‍കുന്നത്.
തണല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രവാസികളുടെ കാരുണ്യം വലിയ തോതില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ സമയത്തെ ഏറ്റവും ആവശ്യമായ ജീവവായു ലഭ്യമാക്കുന്ന പ്രവര്‍ത്തികളില്‍ കൂടി വ്യാപൃതരായിരിക്കുകയാണ് തണല്‍. 'എമര്‍ജന്‍സി ഒക്‌സിജനോടെ ഒരു ജീവന്‍ രക്ഷിക്കുക' എന്ന ശീര്‍ഷകത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കുവാനുള്ള പ്രവര്‍ത്തങ്ങളാണ് തണല്‍ നടത്തിവരുന്നത്.

തണലിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പ്രളയവും മഹാമാരിയും അടക്കമുള്ള ദുരിതങ്ങളിലും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുവാന്‍ തണലിന് കഴിഞ്ഞിട്ടുണ്ട്. തണലിന് തണലേകാന്‍ കാരുണ്യം ചൊരിയുന്ന നിരവധി പേര്‍ ബഹ്റൈനിലുണ്ട്. പ്രത്യേകിച്ചും പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസങ്ങളില്‍ വലിയ രീതിയിലുള്ള സഹായങ്ങള്‍ തണലിനും തണലിനെ ആശ്രയിക്കുന്ന നിരാലംബര്‍ക്കും വേണ്ടി മാറ്റിവെക്കുന്ന നിരവധി പേരുണ്ട്. ഈ റമദാനും കഴിഞ്ഞ വര്‍ഷവും ഉത്തരവാദിത്വങ്ങള്‍ കൂടുകയാണ് ചെയ്തത്. ജീവവായു ലഭിക്കാതെ മരണത്തിലേക്ക് എടുത്തെറിയപെടുന്ന അനേകം നിസ്സഹായരുടെ മുന്‍പിലേക്ക് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാന്‍ ഉള്ള ശ്രമം ഏറ്റെടുത്തിരിക്കുന്നു. ഒപ്പം തന്നെ ഇഖ്റ ആശുപത്രിയുമായി ചേര്‍ന്ന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇതിനോടകം തന്നെ ഒരു വെന്റിലേറ്റര്‍ നല്‍കുവാന്‍ ബഹ്റൈന്‍ തണല്‍ ചാപ്റ്ററിനു കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ 11 സംസ്ഥാനങ്ങളിലായി നിരവധി സ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ട്. ഡയാലിസിസ് സെന്റര്‍, അഗതി മന്ദിരങ്ങള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, പാരാപ്ലീജിയ സെന്ററുകള്‍ തുടങ്ങി വിവിധങ്ങളായ സേവന മേഖലകളിലാണ് തണല്‍ പ്രവര്‍ത്തിച്ചുവരുന്നത്.

തണലിന്റെ പ്രവര്‍ത്തനങ്ങളില്‍ തല്പരായവരെ ഓര്മപ്പെടുത്തലുമായി ബന്ധപ്പെടുവാന്‍ ഈ വെള്ളിയാഴ്ച മാറ്റിവെച്ചിരിക്കുകയാണ്. മുന്‍കാലങ്ങളിലെ പോലെ തന്നെ വലിയ തരത്തിലുള്ള സഹകരണങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് തണല്‍ ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി 33433530, 33172285 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് തണല്‍ ഭാരവാഹികള്‍ അറിയിച്ചു.