മനാമ: അശരണരായ ആയിരക്കണക്കിന് ആളുകള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും നല്‍കിയും ആവശ്യമായ ചികിത്സകള്‍ നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന പദ്ധതികളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി അവരെ സാധാരണജീവിതത്തിലേക്ക് നയിക്കുന്ന പരിപാടികളുമടക്കം തണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുവാന്‍ തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ വീണ്ടും ജനങ്ങളിലേക്കിറങ്ങുന്നു.

കിഡ്നി സംബന്ധമായ അസുഖം മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ഡയാലിസ് സൗകര്യം ഇന്ന് കേരളത്തിലെ മിക്കവാറും ജില്ലകളിലേക്കും കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ചിലവേറിയ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ സജീവമായി കൊണ്ടുപോകുന്ന സമയത്ത് അതിന്റെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ വീണ്ടും രംഗത്ത്. ഇക്കാലമത്രയും തണലിനെ നെഞ്ചേറ്റിയ ബഹ്റൈന്‍ പ്രവാസികളുടെ സഹായസഹകരണങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി തണല്‍ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത തണല്‍ ആപ്പിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും സഹകരിക്കുവാനും കഴിയും. തണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ വിഭവ സമാഹരണ പരിപാടികളുമായി നീങ്ങുന്ന തണല്‍ ബഹ്റൈന്‍ ചാപ്റ്ററിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി തണല്‍ ഭാരവാഹികള്‍ പറഞ്ഞു.