മനാമ: ബഹ്റൈന്‍ തായ് എംബസ്സിയുടെ സഹകരണത്തോടെ നടത്തുന്ന തായ് ഫ്രൂട്ട് ഫെസ്റ്റിവല്‍ ബുധനാഴ്ച ഡിയാര്‍ അല്‍ മുഹറഖിലെ തായ് മാര്‍ട്ടില്‍ ആരംഭിക്കും. തായ്ലന്‍ഡില്‍ നിന്നുള്ള വിവിധതരം മുന്തിയ പഴവര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഫെസ്റ്റിവലില്‍ ഫ്രൂട്ട് കാര്‍വിങ് ഡെമോണ്‍സ്ട്രേഷന്‍ ആയിരിക്കും മുഖ്യ ഇനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതില്‍ പങ്കെടുക്കാം. 'പഴങ്ങളുടെ പറുദീസ' എന്ന ലേബലില്‍ ദിവസേന ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി പത്തുമണിവരെ നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍ ശനിയാഴ്ച സമാപിക്കും. തായ്ലന്‍ഡില്‍ നിന്നുള്ള ഇരുപതോളം പ്രദര്‍ശകര്‍ പഴവര്‍ഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ദിവസേന റോയല്‍ തായ് എംബസിയും ഫ്രൂട്ട് കാര്‍വിങ് ഡെമോണ്‍സ്ട്രേഷന്‍ നടത്തും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു ആറുമുതല്‍ രാത്രി എട്ടു മണിവരെ വിദ്യാര്‍ഥികളാണ് ഡെമോണ്‍സ്ട്രേഷന്‍ അവതരിപ്പിക്കുന്നത്. തായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് പ്രൊമോഷനും ബഹ്റൈനിലെ റോയല്‍ തായ് എംബസ്സിയുമായി സഹകരിച്ചു വേഗ തായ് മാര്‍ട്ടും തായ്ലന്‍ഡ് ആസ്ഥാനമായുള്ള വേഗ ഇന്റര്‍ട്രേഡ് ആന്‍ഡ് എക്‌സിബിഷന്‍സും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന് പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതെന്ന് തായ് എംബസി അധികൃതര്‍ അറിയിച്ചു.