മനാമ: പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായിരുന്ന ടി.കെ. അബ്ദുല്ലയുടെ വേര്‍പാടില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പഠനവും ചിന്തയും ജീവിത സപര്യയാക്കിയ ഗവേഷകനും പ്രഭാഷകനുമായിരുന്നു ടി.കെ. അബ്ദുല്ലയെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ആഭിപ്രായപ്പെട്ടു. 

ഇസ്ലാമിക ചിന്താ മേഖലയില്‍ ഏറെ മുന്നോട്ടു പോവുകയും പ്രശ്‌നങ്ങള്‍ ഉരുക്കഴിച്ച് പഠിക്കുകയും അത് അനുവാചകരിലേക്ക് വാമൊഴിയായും വരമൊഴിയായും ലളിതമായി പകര്‍ന്നു നല്‍കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്വിതീയമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മുസ്ലിം സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. അത് നികത്താന്‍ പിന്‍ഗാമികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, സിജി ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു പത്തനംതിട്ട, ഫ്രണ്ട്‌സ് വൈസ് പ്രസിഡന്റുമാരായ ഇ.കെ. സലീം, സഈദ് റമദാന്‍ നദ്വി, വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം, പി.എസ്.എം. ശരീഫ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.