മനാമ: വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുവാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി സീറോ മലബാര്‍ സൊസൈറ്റി, 51 അംഗ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഈരടികളെ ഓര്‍മ്മപ്പെടുത്താനും, ബലപ്പെടുത്താനും, ആയിരം വര്‍ഷങ്ങള്‍ക്കപ്പുറമുള്ള കേരള നാടിന്റെ ഐശ്വര്യ സമൃദ്ധിയെപറ്റിയുള്ള ഓര്‍മ്മകളുടെ നാളം നന്മയുടെ പ്രകാശം പകര്‍ന്നു നമ്മിലൂടെ കടന്നുപോകുന്ന ഈ മഹത്തായ ദേശീയോത്സവത്തെ ചേര്‍ത്തുപിടിക്കാനും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കും, വിവിധ തലങ്ങളിലെ മത്സരങ്ങള്‍ക്കും വേദി ഒരുക്കുകയാണ് സീറോ മലബാര്‍ സൊസൈറ്റി.

ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജീവന്‍ ചാക്കോയെ ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ആയി തിരഞ്ഞെടുത്തു. കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പോള്‍ ഉറുവത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി സജു സ്റ്റീഫന്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി ജോജി വര്‍ക്കി നന്ദിയും പറഞ്ഞു. യോഗത്തില്‍ പ്രസിഡണ്ട് ചാള്‍സ് ആലുക്കാ, വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍, മുന്‍ പ്രസിഡണ്ട് ജേക്കബ് വാഴപ്പിള്ളി, ഷാജന്‍ സെബാസ്റ്റ്യന്‍, പ്രിന്‍സ് ജോസ്, മോന്‍സി മാത്യു, ജെന്‍സന്‍ വെണ്ണാട്ടുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights:  Syro Malabar Society formed the Onam Celebration Committee