മനാമ: കേരളം വര്‍ഗീയമല്ലെന്ന് തെളിയിക്കേണ്ട തിരഞ്ഞെടുപ്പാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ല ആക്റ്റിങ് പ്രസിഡന്റ് കെ.എ സദറുദ്ദീന്‍. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തൃശൂര്‍ ജില്ല കമ്മിറ്റി സാമൂഹ്യ നീതിക്ക് വെല്‍ഫെയറിനൊപ്പം എന്ന തലകെട്ടില്‍ സൂം വെര്‍ച്വല്‍ പ്ലാറ്റഫോമില്‍ സംഘടിപ്പിച്ച  തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പില്‍ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ജനപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും കേരളത്തില്‍ ബി.ജെ.പി സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴടങ്ങാതെ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സ്ഥാനാര്‍ത്ഥിയോടൊപ്പം എന്ന സെഷനില്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും കൈപ്പമംഗലം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എം.കെ.അസ്ലം സംസാരിച്ചു. പരിപാടിയില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി അംഗം ജോയ് ആശംസ നേര്‍ന്നു. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തൃശൂര്‍ ജില്ല പ്രസിഡന്റ് നിഷാദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഭരണകൂടങ്ങള്‍ ജനവിരുദ്ധമാകുമ്പോള്‍ കേരളത്തിന്റെ ജനകീയ പ്രതിരോധമായി സമൂഹം മാറണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ സിറാജ് കിഴുപള്ളിക്കര സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. ഷംസീര്‍ പരിപാടി നിയന്ത്രിച്ചു.