മനാമ: ശ്രീനാരായണ ഗുരുവിന്റെ 167-ാമത് ജയന്തിദിനം ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു.

ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജി.എസ്.എസ് ചെയര്‍മാന്‍ കെ.ചന്ദ്രബോസ്, ജനറല്‍ സെക്രട്ടറി രാജേഷ് കണിയാംപറമ്പില്‍, വൈസ് ചെയര്‍മാന്‍ എന്‍.എസ്. റോയ്, ട്രഷറര്‍ ജോസ്‌കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, കുടുംബാംഗങ്ങളും പങ്കെടുത്തു. മാനവരാശിക്ക് ഗുരുദേവന്‍ നല്‍കിയ ദര്‍ശനങ്ങള്‍ ഇന്നത്തെ സമകാലിക സാഹചര്യത്തില്‍ വളരെ അധികം പ്രസക്തമാണെന്ന് ചെയര്‍മാന്‍ ചന്ദ്രബോസ് അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരനും ജി.എസ്.എസ്. അംഗവുമായ സജീഷ് പന്തളം, ഗുരുദേവന്റെ ചിത്രം ആലിലയില്‍ വരച്ചു ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയ്ക്കു സമര്‍പ്പിച്ചു. തുടര്‍ന്ന് ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ നേതൃത്ത്വത്തില്‍ സജീഷിനെ ആദരിച്ചു.