മനാമ: കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസി സഹോദരങ്ങള്‍ക്ക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പെരുന്നാള്‍ ഒരുമ ഒരുക്കുന്നു. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന സഹോദരങ്ങള്‍ക്ക് പെരുന്നാള്‍ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ജനസേവന വിഭാഗമായ വെല്‍കെയര്‍ ഈദ് ദിനത്തെ വ്യത്യസ്തമാക്കുന്നത്. 

ഓണം, ഈദ്, ക്രിസ്മസ് ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങള്‍ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടില്‍ വെല്‍കെയര്‍ മുന്‍ വര്‍ഷവും നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈദിന് പെരുന്നാള്‍ ഒരുമ സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഒരുമ വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ വെല്‍കെയര്‍ ലക്ഷ്യമിടുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങി 2000 പേര്‍ക്ക് പെരുന്നാള്‍ ഭക്ഷണമെത്തിച്ച് ആഘോഷങ്ങള്‍ എല്ലാവരുടേതും ആക്കുന്ന മഹാ പദ്ധതിയാണ് വെല്‍കെയര്‍ പെരുന്നാള്‍ ഒരുമയിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു. ഈ മഹാ പദ്ധതിയില്‍ പങ്കാളികളാകുവാന്‍ ബഹ്‌റൈനിലെ സുമനസ്സുകളായ എല്ലാവരെയും വെല്‍കെയര്‍ ക്ഷണിക്കുകയാണ്. 

പെരുന്നാള്‍ ഒരുമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 39405069, 36249805, 36710698 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്