മനാമ:  പ്രവാസികള്‍ക്കിടയിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി സ്‌നേഹ സൗഹൃദങ്ങള്‍ വളര്‍ത്തി മാനവികമായ മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 'കൈകോര്‍ക്കാം സാമൂഹിക നന്മയ്ക്കായ്' എന്ന തലക്കെട്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജീവിത ഭാരം പേറി പ്രവാസ ഭൂമികയില്‍ അഭയം തേടിയവര്‍ക്ക് ആശ്വാസമെത്തിക്കുക, നാടിന്റെ സാമൂഹികാവസ്ഥകള്‍ അപ്പപ്പോള്‍ പ്രവാസികളില്‍ എത്തിക്കുക, അവരില്‍ സാമൂഹിക അവബോധം സജീവമാക്കി നിലനിര്‍ത്തുക, ബഹ്‌റൈനിലെയും നാട്ടിലെയും ഔദ്യോഗിക ഏജന്‍സികളുമായി സഹകരിച്ചു പ്രവാസികള്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ ഉപയോഗപ്പെടുത്താന്‍ എല്ലാ പ്രവാസികള്‍ക്കും സൗകര്യമൊരുക്കുക തുടങ്ങിയ സമഗ്രമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്മയാണ് കാമ്പയിന്‍ മുന്നോട്ടുവയ്ക്കുന്നത്.

മനുഷ്യസമൂഹം അവനവനിലേക്ക് മാത്രം ഒതുങ്ങിപ്പോവുകയും സ്വന്തം നേട്ടങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും വേണ്ടി മാത്രം നിലകൊള്ളുകയും ചെയ്യുന്ന ഈയൊരു സാഹചര്യത്തില്‍ പ്രവാസി സമൂഹത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളില്‍പെട്ടുഴലുന്നവര്‍ക്ക് ആശ്വാസത്തിന്റെ തെളിനീര് നല്‍കാനുതകുന്ന സമയബന്ധിതവും കാര്യക്ഷമവുമായ രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും കാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്തു വരുന്നതായി സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഏറിയാട് പത്രക്കുറിപ്പില്‍ അറിയിച്ചു. 

ആരോഗ്യമുള്ള പ്രവാസ ജനത എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി ഉദ്ഘാടന സമ്മേളനം, പ്രവര്‍ത്തക സംഗമം, ആരോഗ്യബോധവല്‍കരണ പരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ധൈഷണികവും വൈജ്ഞാനികവുമായ ഉണര്‍വുകള്‍ നല്‍കുന്ന വെബിനാറുകള്‍, പഠന പരിശീലന ക്ലാസുകള്‍, ക്ഷേമനിധി അംഗത്വ കാമ്പയിന്‍, വെല്‍കെയര്‍ സേവന പ്രവര്‍ത്തനങ്ങള്‍, വനിതാസമ്മേളനം തുടങ്ങി വിപുലമായ പരിപാടികള്‍ കാമ്പയിനിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 33045237, 38825579 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.