മനാമ: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിജയം ജനാധിപത്യ ചേരിക്ക് കരുത്തേകുമെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. കേരളത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേടാനായത്. കേരളത്തിലെ ജനങ്ങളെ വംശീയമായി ഭിന്നിപ്പിച്ച് സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടി തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന അത്യന്തം അപകടകരമായ രാഷ്ട്രീയ നെറികേടാണ് കേരള സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം സ്വീകരിച്ചത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനും അധികാരം നിലനിര്‍ത്തുന്നതിനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന ഭരണകക്ഷി നിലപാട് വഴി ആത്യന്തിക വിജയം നേടുക സംഘ് പരിവാറായിരിക്കും.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക നീക്കുപോക്കുകളും സഖ്യവും പരസ്പര ധാരണകളും സാധാരണയാണ്. ഒമ്പത് വര്‍ഷത്തെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്തത്ര ശക്തമായ കുപ്രചാരണങ്ങളായിരുന്നു കഴിഞ്ഞ മൂന്ന് മാസത്തിലധികമായി വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായി പ്രയോഗിച്ച ആയുധം വെല്‍ഫെയര്‍ പാര്‍ട്ടിയെ സമൂഹമധ്യത്തില്‍ അപകടകാരിയായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നവല്‍കരിക്കേണ്ട സാമൂഹിക രാഷ്ട്രീയ പ്രശ്‌നം യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള കഠിന ശ്രമങ്ങളായിരുന്നു നടന്നത്. ഭരണപരാജയം മറച്ചു വെക്കുന്നതിനും വോട്ട് നേടി അധികാരം നിലനിര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് പോലും ആലോചിക്കാതെയാണ് സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്.
മുഖ്യധാരാ രാഷ്ട്രീയം ജനഹിതത്തെ വിഴുങ്ങുമ്പോള്‍ നിലപാടിന്റെ രാഷ്ട്രീയത്തിന് വലിയ പരിമിതികളുണ്ട്. അത് പകല്‍വെളിച്ചത്തിലെ രാഷ്ട്രീയമാണ്. സുചിന്തിതമായ രേഖപ്പെടുത്തലുകളാണ്. വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവച്ച ജനപക്ഷ രാഷ്ട്രീയത്തിന് ലഭിച്ചത് ആ ജനസമ്മതിയാണ്. ആലോചനയുടേയും വിവേകത്തിന്റേയും രാഷ്ട്രീയ മനസ്സ് വെല്‍ഫെയറിനൊപ്പമാണ്. അത് വളരുന്നതിനുസരിച്ച് വെല്‍ഫെയര്‍ രാഷ്ട്രീയവും വളര്‍ന്നു കൊണ്ടിരിക്കും. അതിന്റെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ ജനങ്ങള്‍ക്കൊപ്പമുള്ള വെല്‍ഫെയര്‍ രാഷ്ട്രീയത്തിന്റെ വിജയം. ചെറുതാണെങ്കിലും അതൊരു സുചിന്തിത നിലപാടിന്റെ വിജയമാണെന്നും സോഷ്യ വെ ഫെയര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.