മനാമ: ബഹ്റൈന്‍ മീഡിയ സിറ്റിയുടെ 21 ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷപരിപാടിയായ 'ശ്രാവണ മഹോത്സവം 2021' ല്‍ പതിനാറാം ദിവസം ബഹ്റൈന്‍ ശ്രീനാരായണകള്‍ച്ചറല്‍ സൊസൈറ്റി (എസ്.എന്‍.സി.എസ്.) ശ്രീനാരായണ ഗുരുകൃതികള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ഗുരുദേവഭജനാമൃതം ശ്രദ്ധേയമായി. എസ്.എന്‍.സി.എസ്.ചെയര്‍മാന്‍ ജയകുമാര്‍ ശ്രീധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ എസ്.എന്‍.സി.എസ്. സെക്രട്ടറി സുനീഷ് സുശീലന്‍, ബിഎംസി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, എസ്.എന്‍.സി.എസ്. വൈസ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടി, എസ്.എന്‍.സി.എസ്. മുന്‍ചെയര്‍മാനും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷാജി കാര്‍ത്തികേയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രീനാരായണഗുരു കൃതികള്‍ ഉള്‍പ്പെടുത്തി എസ്.എന്‍.സി.എസ്. ഗുരുനാദം ഓര്‍ക്കസ്ട്രയിലെ അംഗങ്ങള്‍ അവതരിപ്പിച്ച ഗുരുദേവഭജനയും അരങ്ങേറി. ഗുരുദര്‍ശനങ്ങളും കൃതികളും ഗുരുസ്തുതികളും ജനഹൃദയങ്ങളിലെത്തിച്ച പരിപാടിയുടെ അവതാരകയായത് മനീഷ സന്തോഷ് ആയിരുന്നു. പരിപാടിയില്‍ ഗുരുനാദം ഓര്‍ക്കസ്ട്രാ കണ്‍വീനര്‍ ലെനിന്‍രാജ് നന്ദി അറിയിച്ചു.