മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗ്ലോബല്‍ മീറ്റിന് നേതൃത്വം നല്‍കുന്ന സംസ്ഥാന നേതാക്കളും പ്രതിനിധികളും കഴിഞ്ഞ ദിവസം മുതല്‍ ബഹ്‌റൈനിലെത്തി തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ പ്രമുഖര്‍.

കൂടാതെ സൗദി അറേബ്യയിലെ ദമാമില്‍ നിന്നുള്ള പ്രതിനിധികളിലൊരാളായ എസ്.കെ.ഐ.സി നാഷണല്‍ കമ്മിറ്റി വൈ.പ്രസിഡന്റ് യു.കെ.ഇബ്രാഹിം ഓമശ്ശേരിയും ഇവര്‍ക്കൊപ്പം ബഹ്‌റൈനിലെത്തിയിട്ടുണ്ട്. വിവിധ ജിസിസി രാഷ്ട്രങ്ങളില്‍ നിന്നായി നിരവധി പ്രതിനിധികളും സംഘടനാ നേതാക്കളുമാണ് അടുത്ത ദിവസം ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തുന്നത്. ഇവരുടെ യാത്രാ വിവരങ്ങളടക്കമുള്ളവ ക്രോഡീകരിക്കാനായി ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രിയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.  ഇതിനുള്ള ഓണ്‍ലൈന്‍ ലിങ്കും വിശദാംശങ്ങളും അതാതു രാഷ്ട്രങ്ങളിലെ എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.skssf.in ല്‍ ലഭ്യമാണ്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തുന്ന സംഘടനാ ഭാരവാഹികളെയും പ്രതിനിധികളെയും സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ബുധനാഴ്ച ഉച്ചയോടെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍  സ്വീകരണം നല്‍കി. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, ജന.സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ.എന്‍.എസ് മൗലവി എന്നിവരുടെ നേതൃത്വത്തിലുള്ള സമസ്ത ബഹ്‌റൈന്‍ കേന്ദ്ര -ഏരിയാ കമ്മിറ്റി ഭാരവാഹികളും പ്രസിഡന്റ് അശ്‌റഫ് അന്‍വരി ചേലക്കരയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്, വിഖായ പ്രവര്‍ത്തകരും എയര്‍പോര്‍ട്ടിലെത്തിയിരുന്നു.