മനാമ: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് സയന്‍സ് ഇന്ത്യാ ഫോറം ബഹ്‌റൈന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം സയന്‍സ് ഇന്ത്യാ ഫോറം മിഡിലീസ്റ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ഗ രവീന്ദ്രനാഥ് ബാബു, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാറിന് കൈമാറി. നിരവധി മലയാളികളടക്കമുള്ള ഇന്ത്യന്‍ കുടുംബങ്ങളാണ് ബഹ്റൈനില്‍ താമസിക്കുന്നത്. 

ഈ കുടുംബങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ നീറ്റ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്. നിലവില്‍, ബഹ്റൈനില്‍ പരീക്ഷാകേന്ദ്രം അനുവദിക്കാത്തപക്ഷം ഇത്തരത്തിലുള്ള നിരവധി കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും അതിനാല്‍ പരീക്ഷാകേന്ദ്രം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

ബഹ്റൈനില്‍ നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കിയതായി സയന്‍സ് ഇന്ത്യാ ഫോറം ഭാരവാഹികള്‍ അറിയിച്ചു.