മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന അഥോള്‍ ഫുഗാര്‍ഡിന്റെ ദി ഐലന്‍ഡ് എന്ന നാടകം രണ്ടു ദിവസങ്ങളിലായി അരങ്ങേറും.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തുണ്ടായ ജീവിതസാഹചര്യങ്ങളെയും രാഷ്ട്രീയ സാമൂഹ്യ മാനുഷിക മൂല്യങ്ങളെയും ചൂണ്ടികാണിക്കുകയാണ് ദി ഐലന്‍ഡ് എന്ന നാടകം.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും നാടക സംവിധാനത്തില്‍ ബിരുദം നേടിയ വിഷ്ണു നാടകഗ്രാമം ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. നാടകം മലയാളത്തിലേക്കു മൊഴി മാറ്റം ചെയ്തത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രൊഫസര്‍ ആയ ഡോ. ഷിബു എസ് കൊട്ടാരം ആണ്. ബഹ്‌റൈനില്‍ നിന്നുള്ള നാടക പ്രവര്‍ത്തകരാണ് അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ആണ് നാടക അവതരണം നടക്കുന്നത്. ബഹ്‌റൈനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിനാല്‍ ക്ഷണിക്കപ്പെട്ട 30 പേരില്‍ കുറഞ്ഞ പരിമിതമായ പ്രേക്ഷകര്‍ക്ക് മുന്നിലായിരിക്കും സെപ്റ്റംബര്‍ 29, 30 എന്നീ ദിവസങ്ങളില്‍ നാടക അവതരണം നടത്തുന്നതെന്നും ശേഷം മറ്റ് നാടകാസ്വാദകര്‍ക്കായി സമാജം ഫേസ്ബുക്ക് പേജ് വഴിയും പ്രദര്‍ശിപ്പിക്കുമെന്നും ബഹ്‌റൈനിന്‍ കേരളീയസമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

പ്രദീപ് പതേരി - 39283875
വിനോദ് വി ദേവന്‍ - 39189154