റിയാദ്: രാജ്യത്തേക്ക് നുഴഞ്ഞുകയറ്റക്കാരെ പ്രവേശിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ജയില്‍, പിഴ എന്നിവ ഉള്‍പ്പെടെ കനത്ത ശിക്ഷ നല്‍കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പരമാവധി 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം വരെ പിഴയും ഉള്‍പ്പെടുന്നതാണ് ശിക്ഷ.

സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ പ്രവേശിപ്പിക്കുക, നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗതാഗതം, പാര്‍പ്പിടം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള സഹായമോ സേവനങ്ങളോ നല്‍കല്‍ എന്നിവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ കുറയാത്തതും 15 വര്‍ഷത്തില്‍ കൂടാത്തതുമായ കാലത്തേക്കാണ് ജയില്‍ ശിക്ഷ.
നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടും. നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്നതും ശിക്ഷാര്‍ഹമാണ്. അതേസമയം ഗതാഗതത്തിനോ താമസത്തിനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ മറ്റുള്ളവരുടേതാണെങ്കില്‍, ലംഘിക്കുന്നയാള്‍ക്ക് ഒരു ദശലക്ഷം വരെ പിഴ ഈടാക്കും.

നുഴഞ്ഞുകയറ്റക്കാരന് ഗതാഗതമോ പാര്‍പ്പിടമോ നല്‍കിയ നിയമലംഘകന്‍ നല്ല വിശ്വാസമുള്ള ആളാണെങ്കില്‍, അയാളുടെ അശ്രദ്ധമൂലമാണ് കുറ്റം സംഭവിച്ചതെന്ന് തെളിഞ്ഞാല്‍ പരമാവധി പിഴ 5,00000 റിയാലായിരിക്കും. നിയമലംഘകനെതിരായ കോടതി വിധി ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ചെലവില്‍ അന്തിമ വിധി പുറപ്പെടുവിച്ചതിന് ശേഷം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.
മേല്‍പ്പറഞ്ഞ ക്രിമിനല്‍ കുറ്റങ്ങള്‍ അറസ്റ്റ് ആവശ്യപ്പെടുന്ന പ്രധാന കുറ്റകൃത്യങ്ങളാണെന്നും ആദരവിനും വിശ്വാസത്തിനും എതിരായ കുറ്റകൃത്യങ്ങളാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 11 ന് പുറത്തിറക്കിയ രാജകീയ ഉത്തരവിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും പബ്ലിക് പ്രോസിക്യൂഷന്‍ ഏറ്റെടുക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.