മനാമ: തട്ടിക്കൊണ്ടുപോകല്‍ ഇന്ത്യയില്‍ അസാധാരണമല്ലെങ്കിലും ബഹ്‌റൈനില്‍ വിരളമാണ്. സംഭവം ഇന്ത്യന്‍ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതുകൊണ്ടുതന്നെ ബഹ്‌റൈനിലെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുകയും കുറേപേര്‍ അന്വേഷണത്തില്‍ പങ്കാളികളാകുകയും ചെയ്തു. സാമൂഹികപ്രവര്‍ത്തകരായ സുധീര്‍ തിരുനിലത്ത്, ജോണ്‍ ഫിലിപ്പ്, അരുള്‍ദാസ് തുടങ്ങിയവര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം മുഴുവന്‍ സമയവും പോലീസ് സ്റ്റേഷനിലും മറ്റുമായി അന്വേഷണോദ്യോഗസ്ഥരെ സഹായിച്ചു.
ബഹ്‌റൈന്‍ പോലീസുദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് സാറയെ കണ്ടെത്താന്‍ സഹായിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 7:30 നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് മാതാവ് നിലവിളിച്ചു കൊണ്ട് കാറിനു പിറകെ അല്‍പ്പസമയം ഓടിയെങ്കിലും കാര്‍ കണ്ണില്‍ നിന്നും മറഞ്ഞു. ഉടന്‍ തന്നെ കുട്ടിയുടെ മാതൃ സഹോദരന്‍ കുട്ടിയുടെ പടവും കാറിന്റെ നമ്പറും അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ജി പി എസ് വിവരങ്ങള്‍ അടക്കം പൊലീസിന് കൈമാറുകയും ചെയ്തു. കൂടാതെ വാട്ട്‌സ് അപ് ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വച്ച് പലരും ഹൂറ ഭാഗങ്ങളില്‍ പ്രചാരണവും ആരംഭിച്ചു.പോലീസിനോടൊപ്പം സഹകരിച്ചു കൊണ്ട് ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചു മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ തെരച്ചിലില്‍ പങ്കാളികളായി.
ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ പൊലീസിന് കൈമാറുകയും ചെയ്തു.രാത്രി 10:22 നു ശേഷം ജി.പി.എസ് സിസ്റ്റം കാര്‍ നീങ്ങുന്നതായ സൂചനയൊന്നും കാണിക്കാത്തത് തന്നെ ആഭാഗത്തു എവിടെയോ നിര്‍ത്തിയിട്ടമെന്നുള്ള നിഗമനത്തില്‍ തെരച്ചില്‍ കേന്ദ്രീകരിച്ചത്. തട്ടിക്കൊണ്ടു പോയ വ്യക്തി ജി.പി.എസ് മോണിറ്റര്‍ എടുത്തു മാറ്റി എന്നല്ലാതെ ബന്ധം വിച്ഛേദിക്കാന്‍ അറിയാതിരുന്നതും അന്വേഷണ സംഘത്തിന് കൂടുതല്‍ തുണയായി. രാത്രി മുഴുവനും തിരഞ്ഞതിനു ശേഷം രാവിലെ 7:30 നാണ് കാര്‍ ഹൂറയില്‍ പാര്‍ക്ക് ചെയ്തത് കണ്ടെത്തിയത്.
തുടര്‍ന്ന് അധികം ദൂരെയൊന്നും പ്രതി കുട്ടിയേയും കൊണ്ട് പോകാന്‍ ഇടയില്ലെന്ന നിഗമനത്തില്‍ തെരച്ചില്‍ ശക്തമാക്കുകയും ഒടുവില്‍ രാത്രി യോടെ കുട്ടിയേയും തട്ടിക്കൊണ്ടുപോയ പ്രതികളെയും കണ്ടെത്തുകയുമായിരുന്നു.