മനാമ: സമസ്ത ബഹ്‌റൈന്‍ മദ്‌റസകള്‍ തുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മഹ്‌റജാനുല്‍ ബിദായ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യാതിഥിയായിരുന്നു. മദ്‌റസാ പഠനത്തിന്നായി വിപുലമായ സംവിധാനമാണിപ്പോള്‍ സമസ്ത ഓണ്‍ലൈനിലൂടെ നടത്തി വരുന്നതെന്നും എല്ലാവരും അത് ഉപയോഗപ്പെടുത്തണമെന്നും നിലവിലെ സാഹചര്യം, മക്കളുടെ ഭാവി നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിവിധ മദ്‌റസകളിലെ ഉസ്താദുമാരും കുട്ടികളും കമ്മറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. ഉസ്താദ് ഹാഫിസ് ശറഫുദ്ധീന്‍ മൗലവി ഖുര്‍ആന്‍ പാരായണം നടത്തി.  

ഉസ്താദുമാരായ സയ്യിദ് യാസര്‍ ജിഫ്രിരി തങ്ങള്‍, ഹംസ അന്‍വരി, ശൗക്കത്ത് ഫൈസി, അശ്‌റഫ് അന്‍വരി ചേലക്കര, റശീദ് ഫൈസി, ശംസുദ്ധീന്‍ ഫൈസി, സൈദു മുഹമ്മദ് വഹബി, അബ്ദു റസാഖ് നദ്‌വി, സകരിയ്യ ദാരിമി എന്നിവരും മദ്‌റസാ ഭാരവാഹികളായ വി.കെ. കുഞ്ഞമ്മത് ഹാജി, എസ്.എം.അബ്ദുല്‍ വാഹിദ്, അഷ്‌റഫ് കാട്ടില്‍ പീടിക, ശഹീര്‍കാട്ടാമ്പള്ളി, മുസ്ഥഫ കളത്തില്‍, കരീം മാഷ്, നവാസ് കൊല്ലം തുടങ്ങിയ മദ്‌റസാ ഭാരവാഹികളും പങ്കെടുത്തു.  

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ വിപുലമായ രീതിയിലാണ് മദ്‌റസാ ക്ലാസുകള്‍ ആരംഭിക്കുന്നതെന്ന് സമസ്ത ബഹ്‌റൈന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അതാതു മദ്‌റസകളുമായി ബന്ധപ്പെടണം.  സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കും ബഹ്‌റൈനിലെ എല്ലാ സമസ്ത മദ്‌റസകളിലും പ്രവേശനം നേടാവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 33049112, 34 33 2269 എന്ന നമ്പറില്‍ ബന്ധപ്പെടണം.