മനാമ: പതിവുപോലെ ഇത്തവണയും ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തിന് കൊടിയേറി. സാമൂഹിക സുരക്ഷ പരിഗണിച്ചും രാജ്യത്തെ കോവിഡ് പ്രോട്ടോക്കോള്‍ പരിധിക്കകത്തുനിന്നുമായിരിക്കും ഇത്തവണ പരിപാടികളെങ്കിലും, എക്കാലത്തെയും പോലെ കേരളത്തിലെ പ്രമുഖ കലാകാരന്‍മാരുടെ സാന്നിദ്ധ്യത്തില്‍ ജിസിസി യിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഓണാഘോഷം ബഹ്റൈന്‍ കേരളീയ സമാജമാണ് സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. 

ശനിയാഴ്ച വൈകീട്ട് ബഹ്റൈന്‍ സമയം ഏഴ് മണിക്ക് സമാജം ഫേസ് ബുക്ക് ലൈവില്‍ മലയാളത്തിലെ യുവ ഗായകന്‍ കെ എസ് ഹരിശങ്കര്‍ പാട്ടും വിശേഷങ്ങളുമായി പങ്കുചേര്‍ന്നുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഓണ്‍ലൈന്‍ പ്രോഗ്രാമിന്റെ മോഡറേറ്ററായി പങ്കെടുത്തു.

ഇനിയുള്ള ദിവസങ്ങളില്‍ സംഗീതജ്ഞരായ എം ജയചന്ദ്രന്‍, ശരത്ത്, സിതാര, സിനിമാ താരം വിജയരാഘവന്‍, ജയരാജ് വാര്യര്‍, കലേഷ്, പ്രമുഖ പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എന്നിവര്‍ വിവിധ ഓണ്‍ലൈന്‍ പരിപാടികളിലായി പങ്കെടുക്കുമെന്നും വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ ,വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ജനറല്‍ കണ്‍വീനര്‍ ദിലീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു