മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം 'ബികെഎസ് അക്ഷയപാത്രം ' എന്ന പേരില്‍ നടത്തുന്ന  സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ ഭാര്യ മോണിക്ക ശ്രീവാസ്തവ നിര്‍വ്വഹിച്ചു.
 
 സമാജം അംഗങ്ങളായ സ്ത്രീകള്‍ അവരുടെ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു ഭാഗം ഭക്ഷണപ്പൊതിയാക്കി സമാജത്തില്‍ എത്തിച്ചു ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് ' അക്ഷയപാത്രം'. അമ്പതോളം ഭക്ഷണപ്പൊതികളാണ് ഇന്നു സമാജത്തില്‍ വച്ച് പാവപ്പെട്ടവര്‍ക്ക് വിസ്തരണം ചെയ്തത്. എല്ലാ വെള്ളിയാഴ്ചയും ഇതു തുടരുമെന്ന് ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 
 
ഉദഘാടന ചടങ്ങില്‍ മോണിക്ക ശ്രീവാസ്തവ, ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി ഇജാസ് അസ്‌ലം, ഐസിആര്‍എഫ്' ചെയര്‍മാന്‍ ഡോ ബാബു രാമചന്ദ്രന്‍, സമാജം വനിതാവേദി അംഗങ്ങള്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. അഭിമാനകരമായ ഈ പദ്ധതിയില്‍ താനും പങ്കു ചേരുന്നതായും, എല്ലാ വെള്ളിയാഴ്ചയും താന്‍ തന്നെ ഭക്ഷണം പാകം ചെയ്ത് സമജത്തിലെത്തിക്കുമെന്നും ഉത്ഘാടനപ്രസംഗത്തില്‍ മോണിക്ക ശ്രീവാസ്തവ പറഞ്ഞത് സമാജം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.