മനാമ: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിലെത്തി. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ വൈകിട്ട് ബഹ്റൈന്‍ സമയം നാലരക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു.
ബുധനാഴ്ച രാവിലെ 9 മുതല്‍ 11 മണി വരെ ഇന്ത്യന്‍ സമൂഹവുമായി മന്ത്രി വെര്‍ച്യുല്‍ മീറ്റിംഗ് നടത്തുമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവ മാതൃഭൂമിയോട് പറഞ്ഞു. അതിനു ശേഷം ബഹ്റൈന്‍ ഭരണ നേതൃത്വവുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുശോചനം മന്ത്രി ബഹ്റൈന്‍ ഭരണനേതൃത്വത്തെ അറിയിക്കും. ബുധനാഴ്ച വൈകിട്ട് മന്ത്രി ജയശങ്കര്‍ യു.എ.ഇയിലേക്ക് പോകും. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത്
Content Highlights: S Jaishankar Bahrain